ബജറ്റ് 1675 കോടി, പ്രൊമോഷന് 837 കോടി; 'ഡെഡ്‍പൂള്‍ ആന്‍ഡ് വോള്‍വറീന്‍' നിര്‍മ്മാതാവിന് ലാഭമോ? ഇതുവരെ നേടിയത്
മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 34-ാം ചിത്രം
കാണികളുടെ എണ്ണത്തില്‍ ഹോളിവുഡിനെ വെല്ലാന്‍ ലോകത്ത് മറ്റൊരു സിനിമാ വ്യവസായമില്ല. ഹോളിവുഡ് ചിത്രങ്ങള്‍ക്ക്, പ്രധാനമായും സൂപ്പര്‍ഹീറോ സിനിമകള്‍ക്ക് ലോകമെങ്ങും ആരാധകരുണ്ട്. അതിനാല്‍ത്തന്നെ ബജറ്റ് എത്ര മുടക്കാനും നിര്‍മ്മാതാക്കള്‍ തയ്യാറാണ്. ഇന്ത്യന്‍ സിനിമയ്ക്ക് ഒരിക്കലും സങ്കല്‍പ്പിക്കാനാവാത്ത ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ ആദ്യദിനം തന്നെ വന്‍ കളക്ഷനാണ് നേടാറ്. ഇപ്പോഴിതാ ഹോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ സൂപ്പര്‍ഹീറോ ചിത്രം ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍റെ ബജറ്റും കളക്ഷനും ശ്രദ്ധ നേടുകയാണ്.
മാര്‍വെല്‍ കോമിക്സിലെ ഡെഡ്പൂള്‍സ വോള്‍വറീന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്ന ചിത്രം മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 34-ാം ചിത്രവുമാണ്. മാര്‍വെല്‍ സ്റ്റുഡിയോസിനൊപ്പം മാക്സിമം എഫര്‍ട്ട്, 21 ലാപ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഷോന്‍ ലെവി സംവിധാനം ചെയ്തിരിക്കുന്ന ബജറ്റ് കേട്ടാല്‍ ഞെട്ടും. 1675 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. തീര്‍ന്നില്ല, പ്രീ റിലീസ് പ്രൊമോഷനുവേണ്ടി മാത്രം മുടക്കിയിരിക്കുന്നത് മറ്റൊരു 837 കോടി രൂപയും!
പ്രൊഡക്ഷന്‍ ബജറ്റിന്‍റെ രണ്ടോ രണ്ടരയോ ഇരട്ടി കളക്റ്റ് ചെയ്താല്‍ മാത്രമേ ചിത്രം വിജയത്തിലേക്ക് നീങ്ങുന്നു എന്ന് പറയാനാവൂ. വെറും അഞ്ച് ദിവസങ്ങള്‍ കൊണ്ട് ചിത്രം ഇത് സാധിച്ചു എന്നതാണ് നിര്‍മ്മാതാക്കള്‍ സ്വന്തമാക്കിയിരിക്കുന്ന നേട്ടം. വെറൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 545.8 മില്യണ്‍ ഡോളര്‍ ആണ്. അതായത് 4571 കോടി രൂപ! പ്രൊഡക്ഷന്‍ കോസ്റ്റിന്‍റെ 2.7 മടങ്ങ് ബോക്സ് ഓഫീസ് കളക്ഷനിലൂടെ ചിത്രം ഇതിനകം നേടിയിട്ടുണ്ട്. അതായത് ചിത്രം ബ്രേക്ക്-ഈവന്‍ ഘട്ടം കഴിഞ്ഞ് മുന്നോട്ട് പോയിരിക്കുന്നു. ഇനി വരുന്ന കളക്ഷന്‍ നിര്‍മ്മാതാക്കള്‍ക്ക് ലാഭമാണ് നല്‍കുക.
ALSO READ : 'ഇത് അതിയായ വേദനയുടെ സമയം'; 'അഡിയോസ് അമിഗോ' റിലീസ് നീട്ടുകയാണെന്ന് നിര്‍മ്മാതാക്കള്‍