ബോക്സ് ഓഫീസില്‍ ആവേശമോ നിരാശയോ? 'കോബ്ര' കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടിയത്
അഡ്വാന്‍സ് ബുക്കിംഗിലും മികച്ച പ്രതികരണമാണ് ചിത്രം കേരളത്തില്‍ നേടിയത്
തമിഴ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഇന്ന് പ്രാധാന്യത്തോടെ കാണുന്ന മാര്‍ക്കറ്റുകളിലൊന്നാണ് കേരളം. തമിഴ് സിനിമകള്‍ക്ക് എക്കാലവും ഇവിടെ സ്വീകാര്യത ഉണ്ടായിരുന്നുവെങ്കിലും വൈഡ് റിലീസിന്റെയും ഉയര്‍ന്ന ടിക്കറ്റ് നിരക്കിന്‍റെയും ഇക്കാലത്ത് കളക്ഷനില്‍ വലിയ മുന്നേറ്റമാണ് വിജയിക്കുന്ന തമിഴ് ചിത്രങ്ങള്‍ കേരളത്തില്‍ നടത്തുന്നത്. കമല്‍ ഹാസന്‍ നായകനായ വിക്രം ഇതിന് ഉദാഹരണമായിരുന്നു. തമിഴ്നാട് കഴിഞ്ഞാല്‍ വിക്രത്തിന് ഏറ്റവുമധികം കളക്ഷന്‍ ലഭിച്ച സംസ്ഥാനം കേരളമായിരുന്നു. വിക്രത്തിനു ശേഷം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ സൂപ്പര്‍താര ചിത്രമാണ് ഇന്നലെ റിലീസ് ചെയ്യപ്പെട്ട കോബ്ര. അന്ന്യന്‍ ഉള്‍പ്പെടെ വിക്രത്തിന്‍റെ നിരവധി ചിത്രങ്ങള്‍ കേരള ബോക്സ് ഓഫീസില്‍ മികച്ച സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കോബ്രയുടെ റിലീസ്‍ദിന കേരള കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തെത്തി തുടങ്ങിയിരിക്കുകയാണ്.
ചിത്രം 1.14 കോടി മുതല്‍ 1.60 കോടി വരെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയതായി പറയുന്നത്. മികച്ച കളക്ഷനാണ് ഇത്. ആദ്യദിനം പ്രതീക്ഷിച്ച ഒക്കുപ്പന്‍സി നേടാനായില്ലെങ്കിലും ഉയര്‍ന്ന സ്ക്രീന്‍ കൗണ്ട് ആണ് ഈ സംഖ്യകളിലേക്ക് ചിത്രത്തെ എത്തിച്ചത്. 1.25 കോടി എത്തിയാല്‍ത്തന്നെ ഒരു വിക്രം ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കേരള ഓപണിംഗ് ആവും. ഷങ്കറിന്‍റെ ഐ ആണ് ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷത്തെ തമിഴ് റിലീസുകളില്‍ കേരളത്തിലെ മൂന്നാമത്തെ ഏറ്റവും മികച്ച ഓപണിംഗുമാണ് കോബ്ര നേടിയതെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. വിജയ് നായകനായ ബീസ്റ്റ്, കമല്‍ ഹാസന്‍റെ വിക്രം എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ബീസ്റ്റ് 6.6 കോടിയും വിക്രം 5.02 കോടിയുമാണ് നേടിയത്.
അതേസമയം അഡ്വാന്‍സ് ബുക്കിംഗിലും മികച്ച പ്രതികരണമാണ് ചിത്രം കേരളത്തില്‍ നേടിയത്. റിലീസിനു തലേന്ന് ചിത്രം 70 ലക്ഷമാണ് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നു. 212 തിയറ്ററുകളിലെ 1003 ഷോകള്‍ ട്രാക്ക് ചെയ്‍തതില്‍ നിന്ന് ലഭ്യമായ തുകയാണ് ഇത്. തമിഴ്നാട്ടില്‍ നിന്ന് അഞ്ച് കോടിക്ക് മുകളിലും ചിത്രം അഡ്വാന്‍സ് ബുക്കിംഗ് വഴി സമാഹരിച്ചിരുന്നു. അതേസമയം കോബ്രയുടെ ബോക്സ് ഓഫീസ് സംബന്ധിച്ച ഒഫിഷ്യല്‍ കണക്കുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ALSO READ : മുന്നില്‍ ഒരേയൊരു ചിത്രം മാത്രം; കോളിവുഡിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് 'വിക്രം'