2018ന് 176 കോടി! മോഹൻലാൽ സിനിമകൾ വഴി മാറുമോ? കളക്ഷനിൽ അത്യപൂർവ്വ നേട്ടത്തിന് മഞ്ഞുമ്മൽ ബോയ്സ്
പുലിമുരുകൻ, ലൂസിഫർ, 2018 എന്നിവയാണ് നിലവിൽ 100 കോടി ക്ലബ്ബിലുള്ള മലയാള സിനിമകൾ.
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കോടി ക്ലബ്ബ് സിനിമകൾ ഒരുകാലത്ത് വിദൂരതയിൽ ഉള്ളൊരു സ്വപ്നം ആയിരുന്നു. എന്നാൽ മോഹൻലാലിന്റെ പുലിമുരുകനിലൂടെ ആ സ്വപ്നം മലയാളത്തിന് അരികെയെത്തി. പിന്നീട് നിരവധി സിനിമകൾ 50, 100 കോടി ക്ലബ്ബുകളിൽ ഇടംനേടി. എന്നാൽ 100 കോടി ബിസിനസ് നേടിയ സിനിമകൾ ആയിരുന്നു അധികവും. ഗ്രോസ് കളക്ഷൻ നേടിയത് വെറും മൂന്ന് സിനിമകളും. ആ മൂന്ന് സിനിമകൾക്കൊപ്പം മറ്റൊരു ചിത്രം കൂടി എത്താൻ ഒരുങ്ങുകയാണ്.
ഒരു കൂട്ടം സുഹൃത്തുക്കളുടെ അതിജീവന കഥ പറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് ആണ് ഈ നേട്ടം കൈവരിക്കാൻ പോകുന്ന പുതിയ ചിത്രം. ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തത്. ഇതുവരെയുള്ള കണക്ക് പ്രകാരം മഞ്ഞുമ്മൽ ബോയ്സ് 95 കോടി പിന്നിട്ടു കഴിഞ്ഞു. മലയാളം തമിഴ് ഉൾപ്പടെയുള്ള ഭാഷകളിൽ നിന്നുമുള്ള ആകെ കളക്ഷനാണിത്. പന്ത്രണ്ടാം ദിവസമായ ഇന്ന് ചിത്രം 100 കോടി കളക്ട് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ മലയാളത്തിൽ 100കോടി ക്ലബ്ബിൽ ഇടംനേടുന്ന നാലാമത്തെ സിനിമ ആകും മഞ്ഞുമ്മൽ ബോയ്സ്.
പുലിമുരുകൻ, ലൂസിഫർ, 2018 എന്നിവയാണ് നിലവിൽ 100 കോടി ക്ലബ്ബിലുള്ള മലയാള സിനിമകൾ. ആകെ കളക്ഷനിൽ മുന്നിൽ നിൽക്കുന്നത് 2018 ആണ്. 30 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയ പുലിമുകന്റെ ആകെ കളക്ഷൻ 144- 152 കോടിയാണെന്നാണ് കണക്കുകൾ. ലൂസിഫർ 12 ദിവസം കൊണ്ട് 100 കോടി എത്തിയപ്പോൾ ലൈഫ് ടൈം കളക്ഷൻ 127- 129 കോടിയാണ്. വെറും 11 ദിവസത്തിൽ ആണ് 2018 എന്ന ചിത്രം 100 കോടിയിൽ എത്തിയത്. 176കോടിയാണ് ചിത്രത്തിന്റെ ക്ലോസിംഗ് കളക്ഷൻ. എന്തായാലും 100 കോടി ക്ലബ്ബ് എന്ന അത്യപൂർവ്വ നേട്ടത്തിന് തൊട്ടരികിലാണ് മഞ്ഞുമ്മൽ ബോയ്സ് എന്നത് ഉറപ്പെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..