1996 ല്‍ ഇന്ത്യയില്‍ മാത്രം 5 കോടി ടിക്കറ്റുകള്‍! 'ഇന്ത്യന്‍ 1' ബോക്സ് ഓഫീസില്‍ നേടിയത് എത്ര?
ഇറങ്ങുന്ന സമയത്ത് ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു ഇന്ത്യന്‍
കമല്‍ ഹാസന്‍റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 1996 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍. ഷങ്കറിന്‍റെ സംവിധാനത്തില്‍ എത്തിയ വിജിലാന്‍റെ ആക്ഷന്‍ ചിത്രത്തില്‍ ഡബിള്‍ റോളിലാണ് കമല്‍ എത്തിയത്. ഇന്ത്യന്‍ എന്ന് വിളിക്കുന്ന വീരശേഖരന്‍ സേനാപതിയായും ചന്ദ്രു എന്ന ചന്ദ്രബോസ് ആയും. നീണ്ട 28 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍റെ രണ്ടാംഭാഗം നാളെ തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. 1996 ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ സമയത്ത് ചലച്ചിത്രപ്രേമികള്‍ക്ക് കൌതുകകരമായിരിക്കും.
ഇറങ്ങുന്ന സമയത്ത്, അതായത് 1996 ല്‍ ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു ഇന്ത്യന്‍. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം 18 കോടിക്കടുത്താണ് ചിത്രത്തിന്‍റെ ബജറ്റ് (പണപ്പെരുപ്പം പരിഗണിക്കുമ്പോള്‍ ഇന്നത്തെ കണക്കില്‍ 300 കോടിയോളം). ഇന്ത്യയില്‍ 57.5 കോടി നേടിയ ചിത്രം വിദേശത്ത് നിന്ന് 2 മില്യണ്‍ ഡോളറും നേടി. അതായത് 6.75 കോടി രൂപ. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 64.25 കോടി രൂപ.
ഇതില്‍ 20 കോടിയും തമിഴ്നാട്ടില്‍ നിന്നാണ് ചിത്രം നേടിയത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 12 കോടിയും കേരളത്തില്‍ നിന്ന് 3.5 കോടിയും കര്‍ണാടകത്തില്‍ നിന്ന് 3 കോടിയും ചിത്രം നേടി. ഹിന്ദി, തെലുങ്ക് പതിപ്പുകളിലും ചിത്രം ഇറങ്ങിയിരുന്നു. ഹിന്ദുസ്ഥാനി എന്നായിരുന്നു ഹിന്ദി പതിപ്പിന്‍റെ പേര്. തെലുങ്ക് പതിപ്പിന്‍റെ പേര് ഭാരതീയുഡു എന്നും. ഇന്ത്യയില്‍ മാത്രം ചിത്രം വിറ്റത് 5 കോടി ടിക്കറ്റുകള്‍ ആണെന്നതില്‍ നിന്ന് ഈ ഷങ്കര്‍ ചിത്രം നേടിയ ജനപ്രീതി മനസിലാക്കാനാവും.
ALSO READ : മലയാളത്തില്‍ നിന്ന് മറ്റൊരു സര്‍വൈവല്‍ ത്രില്ലര്‍; 'സിക്കാഡ' വരുന്നു