'ഭ്രമയുഗം' ഇതുവരെ ശരിക്കും എത്ര നേടി? കളക്ഷന്‍ കണക്കുകള്‍ ആദ്യമായി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഒരേപോലെയുള്ള സ്വീകാര്യതയാണ് ചിത്രം നേടിയത്

bramayugam producers announced the four day box office collection mammootty rahul sadasivan night shift studios nsn

വൈഡ് റിലീസിന്‍റെ ഇക്കാലത്ത് റിലീസ് ദിനത്തിലെ പ്രേക്ഷകാഭിപ്രായങ്ങളാണ് ഒരു സിനിമയുടെ ബോക്സ് ഓഫീസിലെ മുന്നോട്ടുപോക്കിനെ ഏറ്റവുമധികം സ്വാധീനിക്കുന്നത്. അത് പോസിറ്റീവ് ആണെങ്കില്‍ വലിയ മുന്നേറ്റം തന്നെ ഉണ്ടാക്കും ചിത്രം. ഇനി നെഗറ്റീവ് ആണെങ്കിലോ അതുപോലെതന്നെ തകര്‍ച്ചയും സിനിമ നേരിടും. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം ഒന്നാമത്തെ തരത്തിലുള്ള അഭിപ്രായമാണ് നേടിയത്. ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഒരേപോലെയുള്ള സ്വീകാര്യതയാണ് ചിത്രം നേടിയത്. മലയാളം പതിപ്പ് ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് കേരളത്തിന് പുറത്ത് റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും ഭ്രമയുഗം എത്തിയിരുന്നു. ഒരു മലയാള ചിത്രം തിയറ്റര്‍ റിലീസ് സമയത്തുതന്നെ മറുഭാഷാ പ്രേക്ഷകരുടെ ശ്രദ്ധയും പ്രതികരണവും നേടുന്നത് അപൂര്‍വ്വമാണ്. ചിത്രത്തിന്‍റെ കളക്ഷന്‍ സംബന്ധിച്ച അനൗദ്യോഗിക കണക്കുകള്‍ നിരവധി പുറത്തെത്തിയിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കള്‍ ആദ്യമായാണ് ഇത് സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ നാല് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 11.85 കോടിയാണ്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 3.39 കോടി. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 17.69 കോടി. ഇങ്ങനെ ആഗോള ബോക്സ് ഓഫീസ് പരിഗണിക്കുമ്പോള്‍ നാല് ദിവസം കൊണ്ട് ചിത്രം ആകെ നേടിയിരിക്കുന്നത് 32.93 കോടിയാണ്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനാണിത്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും ഈ വാരം റിലീസിന് ഒരുങ്ങുകയാണ്. തെലുങ്ക് പ്രേക്ഷകര്‍ കാര്യമായി സ്വീകരിക്കുന്നപക്ഷം മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു പാന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് ഹിറ്റ് സംഭവിക്കാനുള്ള സാധ്യതയാണ് വഴി തുറക്കുന്നത്.

ALSO READ : മലയാളത്തില്‍ ഒതുങ്ങില്ല 'പോറ്റി'; 'ഭ്രമയുഗം' മറ്റൊരു ഭാഷയിലും ഉടന്‍! തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios