പാന്‍ ഇന്ത്യന്‍ തുടക്കമിടുമോ മലയാളം? 'ഭ്രമയുഗം' കര്‍ണാടകത്തില്‍ നിന്ന് ആദ്യ ദിനം നേടിയത്
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിക്കപ്പെട്ട ഹൊറര്‍ ത്രില്ലര്‍
ഒടിടിയിലൂടെ രാജ്യാതിര്‍ത്തികള്‍ പോലും കടന്നുപോയിട്ടുണ്ടെങ്കിലും തെന്നിന്ത്യയിലെ മറ്റ് ഭാഷാ സിനിമകള്‍ സ്വന്തമാക്കിയ ഒരു നേട്ടം മലയാളത്തിന് ഇനിയും കൈപ്പിടിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന് പുറത്തുള്ള തിയട്രിക്കല്‍ വിജയമാണ് അത്. ബാഹുബലിയിലൂടെ തെലുങ്ക് സിനിമയും കെജിഎഫിലൂടെ കന്നഡ സിനിമയും നേടിയ പാന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് സ്വീകാര്യത മലയാള സിനിമയെ സംബന്ധിച്ച് ഇന്നും ബാലികേറാമലയാണ്. ബജറ്റിലും സ്കെയിലിലുമൊന്നും മറ്റ് സിനിമാ വ്യവസായങ്ങളോട് മത്സരിക്കാനുള്ള നീക്കിയിരുപ്പ് ഇല്ലാത്തതാണ് ഇവിടെ മലയാളം നേരിടുന്ന പ്രതിസന്ധി. എന്നാല്‍ എപ്പോഴെങ്കിലും ഇവിടെനിന്ന് ഒരു പാന്‍ ഇന്ത്യന്‍ സര്‍പ്രൈസ് ഹിറ്റ് സംഭവിച്ചാല്‍ അതൊരു തുടക്കമാവുകയും ചെയ്യും. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തിന് മറുഭാഷാ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യത ഈ വഴിയില്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്.
ഒടിടിയിലെത്തുന്ന മലയാള ചിത്രങ്ങള്‍ക്ക് റിലീസിന്‍റെ ആദ്യ ദിനം തന്നെ മറുഭാഷാ പ്രേക്ഷകരില്‍ നിന്ന് സോഷ്യല്‍ മീഡിയ റിവ്യൂസ് ലഭിക്കാറുണ്ടെങ്കിലും തിയട്രിക്കല്‍ റിലീസ് ചിത്രങ്ങള്‍ക്ക് അങ്ങനെയുണ്ടാവാറില്ല. അവിടെയാണ് ഭ്രമയുഗം വ്യത്യസ്തമാവുന്നത്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിക്കപ്പെട്ട, മമ്മൂട്ടി നായകനാവുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം എന്ന യുഎസ്‍പി മലയാളികളുടേത് മാത്രമല്ല, മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയ ഘടകമാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ത്തന്നെ എത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ റിലീസിന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സമീപകാലത്ത് കഥാപാത്രങ്ങളുടെ വേറിട്ട തെരഞ്ഞെടുപ്പുകളിലൂടെ തുടര്‍ച്ചയായി ഞെട്ടിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ സാന്നിധ്യമാണ് മലയാളികളല്ലാത്ത പ്രേക്ഷകരിലും ഈ ചിത്രത്തിന് താല്‍പര്യമുയര്‍ത്തിയ ഘടകം.
റിലീസ് ദിനത്തില്‍ തന്നെ തമിഴ്, തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് ഭ്രമയുഗത്തിന് കാര്യമായ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ കര്‍ണാടകത്തില്‍ നിന്ന് ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. 42 ലക്ഷമാണ് റിലീസ് ദിനത്തില്‍ ചിത്രം കര്‍ണാടകത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്ന് അവിടുത്തെ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ കര്‍ണാടക ടാക്കീസ് അറിയിക്കുന്നു. മമ്മൂട്ടിയുടെ കര്‍ണാടകത്തിലെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ഇത്. ഈ വര്‍ഷം ഒരു മലയാള സിനിമ നേടുന്ന രണ്ടാമത്തെ മികച്ച ഓപണിംഗും. മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബനാണ് ഒന്നാം സ്ഥാനത്ത്. അതേസമയം മറുഭാഷാ പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്നിട്ടുള്ള പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി അവിടങ്ങളിലെ ബോക്സ് ഓഫീസില്‍ എത്രത്തോളം പ്രതിഫലിക്കുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം