മലയാളികള്‍ സ്വീകരിച്ചോ 'ബ്രഹ്‍മാസ്ത്ര'? ആദ്യ രണ്ട് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് നേടിയത്
ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
തുടര്‍ പരാജയങ്ങളാല്‍ ബോളിവുഡ് വലഞ്ഞ കൊവിഡ് അനന്തരകാലത്ത് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും ഹിന്ദി ചിത്രങ്ങളുടെ സ്വീകാര്യതയില്‍ വന്‍ ഇടിവാണ് ഉണ്ടായത്. കേരളത്തിലും അങ്ങനെതന്നെ. മുന്‍പ് ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ ചിത്രങ്ങളൊക്കെ മികച്ച ഇനിഷ്യല്‍ നേടിയിട്ടുണ്ടെങ്കില്‍ സമീപകാലത്ത് എത്തിയ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയെ ശ്രദ്ധിച്ചുപോലുമില്ല മലയാളികള്‍. ഇപ്പോഴിതാ ബോളിവുഡിന് പ്രതീക്ഷയേറ്റി എത്തിയിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ ബ്രഹ്‍മാസ്ത്ര. ലോകമെമ്പാടും 8900 ല്‍ അധികം സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ഇന്ത്യയില്‍ 5000ല്‍ അധികം സ്ക്രീനുകളാണ് ഉള്ളത്. എന്നാല്‍ സമീപകാല ബോളിവുഡ് ചിത്രങ്ങളുടെ ദയനീയ പ്രകടനം കണക്കിലെടുത്ത് കേരളത്തില്‍ കുറഞ്ഞ സ്ക്രീന്‍ കൗണ്ട് ആണ് ഉള്ളത്. ബോളിവുഡിന് തിരിച്ചുവരവ് ഒരുക്കുമെന്ന് കരുതപ്പെടുന്ന ചിത്രം കേരളത്തിലെ സിനിമാപ്രേമികള്‍ കണ്ടതായി നടിച്ചോ, അഥവാ അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ബ്രഹ്‍മാസ്ത്ര? ഉണ്ടെന്നാണ് ആദ്യ രണ്ട് ദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റിലീസ് ദിനത്തില്‍ 45-55 ലക്ഷമാണ് ചിത്രം കേരളത്തില്‍ ആദ്യദിനം നേടിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചില ട്രാക്കര്‍മാര്‍ 60 ലക്ഷം വരെ നേടിയതായി അറിയിക്കുന്നുണ്ട്. രണ്ടാംദിനം 53 ലക്ഷം നേടിയതായും ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അതായത് 1 കോടി രൂപ ചിത്രം ആദ്യ രണ്ട് ദിനങ്ങളിലായി നേടിയിട്ടുണ്ട് എന്ന പൊതു വിലയിരുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. സമീപകാല ബോളിവുഡ് സിനിമകളുടെ കേരളത്തിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഇതിന് മൂല്യം ഏറെയാണ്. മികച്ച മൗത്ത് പബ്ലിസിറ്റിയും തിയറ്ററില്‍ അനുഭവിക്കേണ്ട ചിത്രമെന്ന് അഭിപ്രായവും വന്നതിനാല്‍ ഞായറാഴ്ച കളക്ഷനെ അത് വളരെ പോസിറ്റീവ് ആയി സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.
ALSO READ : 'വരാനിരിക്കുന്നത് മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍'; മനസ് തുറന്ന് വിനയന്‍
അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയ ഗ്രോസ് 75 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. വിവാഹത്തിനു ശേഷം രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട് ജോഡി വീണ്ടും പ്രണയികളായി സ്ക്രീനിലെത്തുന്നു എന്നത് ഈ ചിത്രത്തിന്‍റെ കൌതുകമാണ്.അമിതാഭ് ബച്ചന്‍, മൌനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം വിജയിച്ചാല്‍ ഏറെ സവിശേഷതകളുള്ള ഒരു ബോളിവുഡ് ഫ്രാഞ്ചൈസിക്കും തുടക്കമാവും.