Bhool Bhulaiyaa 2 : ബോളിവുഡ് ബോക്സ് ഓഫീസിന്‍റെ ആശ്വാസ ചിത്രം; ഭൂല്‍ ഭുലയ്യ 2 ഒരു മാസം കൊണ്ട് നേടിയത്

കങ്കണ റണൌത്തിന്‍റെ ബിഗ് ബജറ്റ് ചിത്രം ധാക്കഡ് തിയറ്ററുകളിലെത്തിയ മെയ് 20നു തന്നെയായിരുന്നു ഭൂല്‍ ഭുലയ്യയുടെയും റിലീസ്. 

Bhool Bhulaiyaa 2 one month box office kartik aaryan tabu

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കീര്‍ത്തിയോടെ ദീര്‍ഘകാലം വിരാജിച്ചിരുന്ന ബോളിവുഡിന് കഷ്ടകാലമാണ് ഇപ്പോള്‍. കൊവിഡിനു ശേഷം തെന്നിന്ത്യന്‍ സിനിമകള്‍ വമ്പന്‍ ഹിറ്റുകളുമായി ബോക്സ് ഓഫീസിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോള്‍ ബോളിവുഡിന് ബാലന്‍സ് നഷ്ടമായ അവസ്ഥയാണ്. വലിയ പ്രതീക്ഷയോടെയെത്തിയ സൂപ്പര്‍താര ചിത്രങ്ങളെപ്പോലും പ്രേക്ഷകര്‍ നിഷ്കരുണം തള്ളിക്കളയുന്നു. ഈ ദു:ഖകരമായ യാഥാര്‍ഥ്യത്തിന് ഇടയിലും ബോളിവുഡ് ചലച്ചിത്ര വ്യവസായത്തിന് ആശ്വാസകരമായ ഒരു വിജയം അവിടെ സംഭവിച്ചിട്ടുണ്ട്. കാര്‍ത്തിക് ആര്യനെയും തബുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനീസ് ബസ്‍മി സംവിധാനം ചെയ്‍ത ഭൂല്‍ ഭുലയ്യ 2 (Bhool Bhulaiyaa 2) ആണ് ആ ചിത്രം.

കങ്കണ റണൌത്തിന്‍റെ ബിഗ് ബജറ്റ് ചിത്രം ധാക്കഡ് തിയറ്ററുകളിലെത്തിയ മെയ് 20നു തന്നെയായിരുന്നു ഭൂല്‍ ഭുലയ്യയുടെയും റിലീസ്. 100 കോടി ബജറ്റിലെത്തിയ ധാക്കഡ് 3 കോടി പോലും നേടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഭൂല്‍ ഭുലയ്യയുടെ ഇതുവരെയുള്ള ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 182.58 കോടിയും ഗ്രോസ് 217.36 കോടിയുമാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഒരു മാസം കൊണ്ട് ചിത്രം നേടിയത് മറ്റൊരു 52.5 കോടിയും. ഇതെല്ലാം ചേര്‍ത്ത് ഇതുവരെ നേടിയ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 269.86 കോടിയാണ്. നിര്‍മ്മാതാക്കള്‍ തന്നെ പ്രതീക്ഷിക്കാതിരുന്ന തരത്തിലുള്ള വിജയമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം.

കാര്‍ത്തിക് ആര്യനും തബുവിനുമൊപ്പം കിയാര അദ്വാനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ ഭൂല്‍ ഭുലയ്യയുടെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആണ് ഇത്. മണിച്ചിത്രത്താഴിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു ഭൂല്‍ ഭുലയ്യ. എന്നാല്‍ രണ്ടാംഭാഗം സംവിധാനം ചെയ്‍തിരിക്കുന്നത് അനീസ് ബസ്‍മിയാണ്. ഫര്‍ഹാദ് സാംജി, ആകാശ് കൌശിക് എന്നിവരാണ് ചിത്രത്തിന്‍റെ രചന. ആകാശ് കൌശികിന്‍റേതാണ് കഥ. ടി സിരീസ് ഫിലിംസ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭൂഷന്‍ കുമാര്‍, മുറാദ് ഖേതേനി, ക്രിഷന്‍ കുമാര്‍, അന്‍ജും ഖേതേനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്ജയ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൌധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൌഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മനു ആനന്ദ്, എഡിറ്റിംഗ് ബണ്ടി നാഗി. അതേസമയം ജൂണ്‍ 19ന് ചിത്രം ഒടിടി പ്ലാറ്റ്‍ഫോമിലും റിലീസ് ചെയ്‍തിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിംഗ്.

ALSO READ : വംശി പൈഡിപ്പള്ളിയുടെ വിജയ് ചിത്രത്തിന് പേരായി, ഫസ്റ്റ് ലുക്ക് എത്തി

Latest Videos
Follow Us:
Download App:
  • android
  • ios