ബജറ്റ് 5 കോടി; കളക്ഷനില്‍ ബോളിവുഡിനെയും ഞെട്ടിച്ച് ഈ മറാഠി ചിത്രം
കേദാര്‍ ഷിന്‍ഡെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്
ബോളിവുഡും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം അടങ്ങുന്ന തെന്നിന്ത്യന്‍ ചിത്രങ്ങളുമാണ് ഇന്ത്യയിലെ മുന്‍നിര ചലച്ചിത്ര വ്യവസായങ്ങളായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതല്ലാതെ മറ്റ് നിരവധി ഭാഷകളിലും ചിത്രങ്ങള്‍ പുറത്തിറങ്ങാറുണ്ട്. ബോക്സ് ഓഫീസ് വിജയങ്ങളുടെ പേരില്‍ അവ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് കുറവാണെങ്കിലും. എന്നാല്‍ ഈയിടെ മറ്റ് രണ്ട് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയ കളക്ഷന്‍റെ പേരില്‍ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നുണ്ട്. പഞ്ചാബി ചിത്രം കാരി ഓണ്‍ ജട്ട 3 ആണ് അതിലൊന്ന്. മറ്റൊന്ന് മറാഠി ചിത്രം ബയ്‍പണ്‍ ഭാരി ദേവയും.
ജൂണ്‍ 29 ന് തിയറ്ററുകളിലെത്തിയ കാരി ഓണ്‍ ജട്ട 3 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ബയ്‍പണ്‍ ഭാരി ദേവയുടെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നര ആഴ്ച പിന്നിടുമ്പോള്‍ 65.61 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. ജൂണ്‍ 30 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. സ്ത്രീത്വം മനോഹരമാണ് ദേവമേ എന്നര്‍ഥം വരുന്നതാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് വെറും അഞ്ച് കോടി മാത്രമാണ് ചിത്രത്തിന്‍റെ ബജറ്റ്. മുതല്‍മുടക്കിന്‍റെ 13 മടങ്ങാണ് തിയറ്റര്‍ കളക്ഷനായി ലഭിച്ചിരിക്കുന്നത്.
കേദാര്‍ ഷിന്‍ഡെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ജിയോ സ്റ്റുഡിയോസും എംവീബീ മീഡിയയും ചേര്‍ന്നാണ് നിര്‍മ്മാണം. രോഹിണി ഹട്ടങ്കടി, വന്ദന ഗുപ്തെ, സുകന്യ കുല്‍ക്കര്‍ണി, ശില്‍പ നവല്‍ക്കര്‍, സുചിത്ര ഭണ്ഡേക്കര്‍, ദീപ പരാബ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പല കാരണങ്ങളാല്‍ അകന്ന് കഴിയേണ്ടിവന്ന ആറ് സഹോദരിമാരുടെ കഥയാണ് ചിത്രം പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക