കേരളത്തില്‍ റിലീസ് ഇല്ല, ബോക്സ് ഓഫീസില്‍ തരംഗമായി ഈ തെലുങ്ക് ചിത്രം; 'ബേബി' 9 ദിവസം കൊണ്ട് നേടിയത്

കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

baby telugu movie box office collection Anand Devarakonda mass movie makers nsn

സിനിമകളുടെ വിജയ ശരാശരി കൊണ്ടും നേടുന്ന വിജയങ്ങളുടെ വലിപ്പം കൊണ്ടും ഇന്ന് ഇന്ത്യന്‍ സിനിമാരംഗത്ത് ഏറ്റവുമധികം ശ്രദ്ധ നേടുന്നത് ടോളിവുഡ് എന്ന തെലുങ്ക് സിനിമാ വ്യവസായമാണ്. ആര്‍ആര്‍ആറും പുഷ്പയും പോലുള്ള ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ മാത്രമല്ല, താരതമ്യേന ചെറി ബജറ്റില്‍ എത്തുന്ന ചിത്രങ്ങളും അവിടെ കാര്യമായ മാര്‍ജിനില്‍ വിജയം നേടാറുണ്ട്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആനന്ദ് ദേവരകൊണ്ടയെ നായകനാക്കി സായ് രാജേഷ് നീലം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ബേബി എന്ന ചിത്രം.

കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ജൂലൈ 14 ന് ആണ്. ആദ്യദിനം മുതല്‍ മികച്ച പ്രേക്ഷകാഭിപ്രായം ലഭിക്കുന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിട്ടുണ്ട്. 9 ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 60.3 കോടിയാണെന്ന് അവര്‍ അറിയിക്കുന്നു. 

തെലുങ്ക് സിനിമകളുടെ നിലവിലെ ബജറ്റ് വച്ച് നോക്കുമ്പോള്‍ ചെറിയ ബജറ്റില്‍ എത്തിയ ചിത്രമാണിത്. പ്രൊമോഷന്‍ അടക്കമുള്ള ചിലവുകള്‍ ചേര്‍ത്ത് 4 കോടി മാത്രമാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ആദ്യ രണ്ട് ദിനങ്ങളിലെ കളക്ഷന്‍ കൊണ്ട് മാത്രം ചിത്രം ലാഭത്തിലായതായും ചില ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ ചിത്രം 14.3 കോടിയാണ് നേടിയിരുന്നത്. മറ്റ് റൈറ്റ്സ് വിറ്റ വകയിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. 

 

വിജയ് ദേവരകൊണ്ടയുടെ സഹോദരനാണ് ആനന്ദ് ദേവരകൊണ്ട. ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ടയുടെ സിനിമാ അരങ്ങേറ്റം. മിഡില്‍ ക്ലാസ് മെലഡീസ്, പുഷ്പക വിമാനം, ഹൈവേ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കരിയറിലെ അഞ്ചാമത്തെ ചിത്രമാണ് ബേബി. വൈഷ്ണവി ചൈതന്യയാണ് ചിത്രത്തിലെ നായിക.

ALSO READ : മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം; 200 കോടിയുടെ 'വൃഷഭ' തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios