അഡ്വാന്‍ഡ് ബുക്കിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ ഇന്ത്യയില്‍ 'അവതാര്‍ 2'; റിലീസിനു മുന്‍പ് നേടിയത്

ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്

avatar 2 india advance booking figures box office james cameron imax 3d

കൊവിഡ് കാലത്തിനു ശേഷം ഹോളിവുഡ് മറ്റൊരു ചിത്രത്തിനു വേണ്ടിയും ഇത്ര കാത്തിരുന്നിട്ടുണ്ടാവില്ല. ജെയിംസ് കാമറൂണിന്‍റെ അവതാര്‍ 2 നെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോക സിനിമാ ചരിത്രത്തില്‍ത്തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെ ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ച് ഈ ചിത്രത്തോട് ഇത്രയും പ്രിയം കൂട്ടിയ ഘടകം. ബിഗ് സ്ക്രീനില്‍ എപ്പോഴും അത്ഭുതങ്ങള്‍ കാട്ടിയിട്ടുള്ള ജെയിംസ് കാമറൂണില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് വെറുതെയാവില്ലെന്ന് കാണികളും പ്രതീക്ഷിച്ചിരുന്നു. ചിത്രത്തിന്‍റെ പ്രീ റിലീസ് ബിസിനസും അതാണ് കാണിക്കുന്നത്.

ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മുന്‍കൂട്ടി ആരംഭിച്ച റിസര്‍വേഷന് വന്‍ പ്രതികരണമാണ് കാണികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പിവിആര്‍, ഐനോക്സ്, സിനിപൊളിസ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ചെയിനുകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിച്ചിരുന്നു. തരണ്‍ ബുധനാഴ്ച നല്‍കിയ കണക്ക് പ്രകാരം ഈ മൂന്ന് മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസത്തേക്ക് ചിത്രത്തിന്‍റെ നാലര ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം സ്വന്തമാക്കിയ നേട്ടം എത്രയെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്.

ALSO READ : സ്ക്രീനില്‍ വീണ്ടും അത്ഭുതം കാട്ടിയോ ജെയിംസ് കാമറൂണ്‍? 'അവതാര്‍ 2' ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍

ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റുകളിലെ പ്രതികരണം തരംതിരിച്ച് സിനിട്രാക് റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. ഇതനുസരിച്ച് ദക്ഷിണേന്ത്യയിലാണ് ചിത്രത്തിന് കൂടുതല്‍ പ്രതികരണം. തെലുങ്ക് സംസ്ഥാനങ്ങളിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലും കേരളത്തിലുമൊയി റിലീസിനു മുന്‍പ് ചിത്രം നേടിയത് 17.19 കോടി ആണ്. ഉത്തരേന്ത്യയില്‍ നിന്ന് നേടിയത് 11.97 കോടിയും. ഇന്ത്യയില്‍ നിന്ന് ആകെയുള്ള നേട്ടം 29.16 കോടിയുമാണ്. അതേസമയം ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതിനാല്‍ ഈ വാരാന്ത്യത്തില്‍ ബോക്സ് ഓഫീസില്‍ അവതാര്‍ 2 അത്ഭുതങ്ങള്‍ കാട്ടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Latest Videos
Follow Us:
Download App:
  • android
  • ios