ബോളിവുഡിന് ഞായറാഴ്ച ഷോക്ക്: അക്ഷയ് കുമാറിന്‍റെ വഴിയിലോ അജയ് ദേവ്ഗണും, ചിത്രത്തിന്‍റെ വിധി !
സെയ്ത്താന്‍ എന്ന അപ്രതീക്ഷിത ഹിറ്റിനും മൈദാന്‍ എന്ന സ്പോര്‍ട്സ് ത്രില്ലറിനും ശേഷം ഇറങ്ങിയ അജയ് ദേവഗണ്‍ ചിത്രം എന്ന നിലയില്‍ പടം വന്‍ പരാജയത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് വിവരം.
മുംബൈ: അജയ് ദേവ്‍ഗണ്‍, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്ത ഔറോണ്‍ മേം കഹാം ദും ധാ എന്ന ചിത്രത്തിന് കഷ്ടകാലം തീരുന്നില്ല. ആദ്യത്തെ ഞായറാഴ്ചയായിട്ട് പോലും ഒരു ബോളിവുഡ് ചിത്രം ഉണ്ടാക്കുന്ന ഇംപാക്ട് സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. സെയ്ത്താന്‍ എന്ന അപ്രതീക്ഷിത ഹിറ്റിനും മൈദാന്‍ എന്ന സ്പോര്‍ട്സ് ത്രില്ലറിനും ശേഷം ഇറങ്ങിയ അജയ് ദേവഗണ്‍ ചിത്രം എന്ന നിലയില്‍ പടം വന്‍ പരാജയത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് വിവരം.
റിലീസിന് ശേഷമുള്ള ആദ്യ ഞായറാഴ്ച ഔറോണ്‍ മേം കഹാം ദും ധാ 2.75 കോടി കളക്ഷൻ നേടിയതായി സാക്നില്‍ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ദിനം 1.85 കോടി നേടിയ ചിത്രം, രണ്ടാം ദിവസം 2.15 കോടി കളക്ഷൻ നേടി നേരിയ വളർച്ച രേഖപ്പെടുത്തി. മൂന്ന് ദിവസം ചിത്രം 6.75 കോടിയാണ് ആകെ ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയിരിക്കുന്നത്.
നീരജ് പാണ്ഡേ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം റൊമാന്‍റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയ നെറ്റ് കളക്ഷന്‍ വെറും 1.85 കോടി മാത്രമാണ്. 2009 ന് ശേഷം ഒരു അജയ് ദേവ്‍ഗണ്‍ ചിത്രം നേടുന്ന ഏറ്റവും മോശം ഓപണിംഗ് ആണ് ഇത്.
അജയ് ദേവ്‍ഗണിന്‍റെ ഈ വര്‍ഷത്തെ മറ്റ് റിലീസുകളുടെ ഓപണിംഗ് അറിയുമ്പോഴേ ഈ തകര്‍ച്ചയുടെ ആഴം മനസിലാവൂ. അദ്ദേഹം നായകനായ മൈദാന്‍ എന്ന ചിത്രം 7.25 കോടിയും ശെയ്ത്താന്‍ എന്ന ചിത്രം 15.21 കോടിയും ആദ്യ ദിനം നേടിയിരുന്നു. അക്ഷയ് കുമാറിന്‍റെ സമീപകാല റിലീസ് സര്‍ഫിറ പോലും പുതിയ അജയ് ദേവ്‍ഗണ്‍ ചിത്രത്തേക്കാളേറെ നേടിയിരുന്നു. 2.4 കോടി ആയിരുന്നു സര്‍ഫിറയുടെ ഓപണിംഗ് ബോക്സ് ഓഫീസ്.
ആകാംക്ഷ നിറയ്ക്കുന്ന മൈൻഡ് ഗെയിം ത്രില്ലർ ‘ചെക്ക് മേറ്റ്’ ഓഗസ്റ്റ് 8ന് തിയേറ്ററുകളിൽ