105 പ്രദര്‍ശനങ്ങള്‍, 29,929 ടിക്കറ്റുകള്‍; 'കണ്ണൂര്‍ സ്ക്വാഡ്' നേടിയ കളക്ഷന്‍ പുറത്തുവിട്ട് ഏരീസ് പ്ലെക്സ്
സെപ്റ്റംബര്‍ 28 ന് പുറത്തെത്തിയ ചിത്രം
ഒന്നുകില്‍ വലിയ വിജയങ്ങള്‍, അല്ലെങ്കില്‍ വന്‍ പരാജയങ്ങള്‍. ഇതിനിടയിലുള്ള ആവറേജ് ഹിറ്റുകള്‍ അകന്നുനില്‍ക്കുകയാണ് ഇന്നത്തെ മലയാള സിനിമയില്‍. വിജയങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ എന്‍ട്രി മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ് ആണ്. ആദ്യ എട്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രമാണിത്. റിലീസിംഗ് സെന്‍ററുകളിലെല്ലാം മികച്ച ഒക്കുപ്പന്‍സിയോടെ തുടരുന്ന ചിത്രം തിരുവനന്തപുരത്തെ പ്രധാന തിയറ്റര്‍ ആയ ഏരീസ് പ്ലെക്സില്‍ നിന്ന് നേടിയ കളക്ഷന്‍ കണക്കുകള്‍ ഇപ്പോഴിതാ പുറത്തെത്തിയിരിക്കുകയാണ്.
സെപ്റ്റംബര്‍ 28 ന് പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം തിരുവനന്തപുരം ഏരീസില്‍ നിന്ന് മാത്രം ഇതുവരെ നേടിയിരിക്കുന്നത് 55.47 ലക്ഷമാണ്. 105 ഷോകളില്‍ നിന്നായി ആകെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 29,929. ആവറേജ് തിയറ്റര്‍ ഒക്കുപ്പന്‍സി 76.09 ശതമാനം. ഒരു മമ്മൂട്ടി ചിത്രം ഏരീസ് പ്ലെക്സില്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഗ്രോസ് ആണ് ഇത്. ഒന്നാം സ്ഥാനത്ത് അമല്‍ നീരദിന്‍റെ സംവിധാനത്തിലെത്തിയ ഭീഷ്‍മ പര്‍വ്വമാണ്.
കരിയറില്‍ നിരവധി പൊലീസ് വേഷങ്ങളില്‍ കൈയടി നേടിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ പ്രത്യേകതകളുള്ള പൊലീസ് വേഷമാണ് കണ്ണൂര്‍ സ്ക്വാഡിലെ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍. കാസര്‍ഗോഡ് നടക്കുന്ന ഒരു നിഷ്ഠൂരമായ കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരേന്ത്യയില്‍ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ്. റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ്മ എന്നിവരാണ് ജോര്‍ജിന്‍റെ സ്ക്വാഡിലുള്ള മറ്റ് പൊലീസുകാരെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : 'ജയിലറി'നേക്കാള്‍ ഗംഭീരം? 'ലിയോ' ആദ്യ റിവ്യൂവുമായി അനിരുദ്ധ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക