രണ്ടരക്കോടി മതി എല്ലാം മാറിമറിയാൻ! തമിഴകത്തും ആ 1000 കോടി പടത്തെ വീഴ്ത്തി പുഷ്പ 2; ആദ്യ മൂന്നിൽ ലക്കി ഭാസ്കറും
റിലീസ് ചെയ്ത് വെറും ആറ് ദിനത്തിൽ 1000 കോടി ക്ലബ്ബെന്ന നേട്ടവും പുഷ്പ 2 കൈവരിക്കും.
തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചാ വിഷമായിരിക്കുകയാണ് പുഷ്പ 2. ഡിസംബർ 5ന് റിലീസ് ചെയ്ത ഈ അല്ലു അർജുൻ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം തന്നെയാണ് അതിനുകാരണം. സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തതരം കളക്ഷനാണ് പുഷ്പ 2 ഓരോ ദിവസം കഴിയുന്തോറും നേടി കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് വെറും ആറ് ദിനത്തിൽ 1000 കോടി ക്ലബ്ബെന്ന നേട്ടവും പുഷ്പ 2 കൈവരിക്കും.
പുഷ്പ 2 തേരോട്ടം തുടരുന്നതിനിടെ തമിഴ്നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് സിനിമകളുടെ പട്ടിക പുറത്തുവരികയാണ്. 2024ലെ മാത്രം കണക്കാണിത്. മുൻകാല റെക്കോർഡ് ചിത്രങ്ങളെ പിന്നിലാക്കി പുഷ്പ 2 ഒന്നാം സ്ഥാനം കരസ്ഥമാക്കി എന്നത് ഏറെ ശ്രദ്ധേയമാണ്. അതും വെറും ആറ് ദിവസത്തിൽ. മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ സൂപ്പർ ഹിറ്റ് ചിത്രം ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുണ്ട്.
46.25 കോടിയാണ് ഒന്നാം സ്ഥാനത്തുള്ള പുഷ്പ 2 തമിഴ് നാട്ടിൽ നിന്നും നേടിയിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ടാണ് ഈ നേട്ടം. കൽക്കി 2898 എഡിയാണ് രണ്ടാം സ്ഥാനത്ത്. വൻ ദൃശ്യവിസ്മയം സമ്മാനിച്ച പ്രഭാസ് ചിത്രം സംസ്ഥാനത്ത് നിന്നും നേടിയത് 43.5 കോടിയാണ്. രണ്ടരക്കോടിയോളം രൂപയുടെ വ്യത്യാസമാണ് കല്‍ക്കിയും പുഷ്പയും തമ്മിലുള്ളത്. ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ ആണ് മൂന്നാം സ്ഥാനത്ത്. 16.3കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. നിലവിൽ ഒടിടിയിൽ എത്തിയിട്ടും തമിഴ്നാട്ടിൽ ചിത്രം പ്രദർശനം തുടരുന്നുണ്ട്.
രാജ്യാന്തര ചലച്ചിത്രമേള വെബ്സൈറ്റിൽ പിഴവ്; മലയാളത്തിലെ മുതിർന്ന സംവിധായകന്റെ ചിത്രം മാറി
9.5 കോടിയുമായി ജൂനിയർ എൻടിആർ ചിത്രം ദേവരയാണ് നാലാം സ്ഥാനത്ത്. നാനി നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം സൂര്യാസ് സാറ്റർഡേയാണ് അഞ്ചാം സ്ഥാനത്ത്. 5.85 കോടിയാണ് ചിത്രം ആകെ തമിഴ്നാട്ടിൽ നിന്നും നേടിയത്. റിലീസ് ദിനം മുതൽ ഏറെ മൗത്ത് പബ്ലിസിറ്റി ലഭിച്ച ഹനുമാൻ ആണ് ആറാം സ്ഥാനത്ത്. 4 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. അതേസമയം, മറ്റ് അഞ്ച് സിനിമകളും തമിഴ്നാട്ടിൽ നിന്നും ആകെ നേടിയ കളക്ഷനെക്കാൾ കൂടുതലാണ് അഞ്ച് ദിവസത്തിൽ പുഷ്പ 2 നേടിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..