മുന്നിൽ കട്ടയ്ക്ക് രംഗണ്ണൻ, ഒപ്പം വിനീതിന്റെ പിള്ളേരും; പിടിച്ചു നിന്നോ 'ആൽപറമ്പിൽ ഗോപി'; ഓഫീഷ്യൽ നേട്ടം
ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് നിവിൻ പോളി ചിത്രം കാഴ്ചവയ്ക്കുന്നത്.
നിവിൻ പോളി നായകനായി എത്തുന്ന ചിത്രം. അതുതന്നെയാണ് മലയാളി ഫ്രം ഇന്ത്യയിലേക്ക് ഓരോ സിനിമാസ്വാദകരെയും ആകർഷിച്ച പ്രധാനഘടകം. ഒരിടവേളയ്ക്ക് ശേഷം താരത്തിന്റേതായി എത്തുന്ന ചിത്രത്തിനായി ആരാധകരും കാത്തിരുന്നു. ഒടുവിൽ മെയ് 1ന് ചിത്രം തിയറ്ററിൽ എത്തിയപ്പോൾ ആ ആവേശത്തിന് കോട്ടം സംഭവിച്ചിട്ടില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ആദ്യദിനത്തിൽ ഹൗസ്ഫുൾ ഷോകൾ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. കൂടാതെ മികച്ച ബുക്കിങ്ങും.
ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് നിവിൻ പോളി ചിത്രം കാഴ്ചവയ്ക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഈ അവസരത്തിൽ മലയാളി ഫ്രം ഇന്ത്യയുടെ ഓഫീഷ്യൽ കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. നിവിൻ പോളിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിൽ 8.26 കോടി രൂപയാണ് മലയാളി ഫ്രം ഇന്ത്യ നേടിയിരിക്കുന്നത്. ആഗോള കളക്ഷനാണിത്. ഇന്ത്യയിൽ നിന്നുമാത്രം 4.25 കോടി രൂപ ചിത്രം നേടിയെന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
മെയ് 1ന് റിലീസ് ചെയ്ത മലയാളി ഫ്രം ഇന്ത്യ സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണി ആണ്. ആൽപറമ്പിൽ ഗോപി എന്ന കഥാപാത്രമായി നിവിൻ പോളി നിറഞ്ഞാടിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും അനശ്വര രാജനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. അതേസമയം, ഫഹദ് ഫാസിൽ ചിത്രം ആവേശം, വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു ശേഷം എന്നിവയും തിയറ്ററുകളിൽ കട്ടയ്ക്ക് നിൽക്കുന്നുണ്ട്.
നേടിയത് 130 കോടി ! 25ാം ദിവസത്തിലേക്ക് കുതിച്ച് ആവേശം; ഇത് രംഗണ്ണന്‍ വിളയാട്ടം
അതേസമയം, യേഴു കടല്‍ യേഴു മലൈ എന്ന സിനിമയാണ് നിവിൻ പോളിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് നടൻ സൂരിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ പേരൻപ് എന്ന ചിത്രത്തിന് ശേഷം റാം സംവിധാനം ചെയ്യുന്ന യേഴു കടല്‍ യേഴു മലൈയ്ക്ക് പ്രതീക്ഷകൾ വാനോളം ആണ്. ചിത്രം വൈകാതെ തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..