ബോക്സ് ഓഫീസിൽ ആറാടി 'പോറ്റി'; 'കുതിച്ചെത്തി' ജനങ്ങൾ, 'ഭ്രമയുഗ'ത്തിന് എക്സ്ട്രാ ഷോകളുടെ കൊയ്ത്ത് !
കൊടുമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.
ഇന്നത്തെ കാലത്ത് ഒരു മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുക എന്ന് പറയുമ്പോൾ ബോക്സ് ഓഫീസിനും പ്രേക്ഷകനും ഏറെ ആശ്വാസമാണ്. മിനിമം ഗ്യാരന്റിയുള്ള പടമാകും അത് എന്നതാണ് ആ ആശ്വാസത്തിന് കാരണം. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ പകർന്നാട്ടം കണ്ട് ഓരോരുത്തരും വീണ്ടും പറഞ്ഞു 'ഇന്ത്യാവിൻ മാപെരും നടികർ'.
റിലീസ് ദിനത്തിലെ ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിവസങ്ങൾ പിന്നിടുമ്പോൾ കൂടുതൽ അധിക ഷോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ്ത് നാലാം ദിവസം 150ഓളം എക്സ്ട്രാ ഷോകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ കണക്കാണിത്. കൂടാതെ ജിസിസി അടക്കമുള്ള പ്രദേശങ്ങളും മികച്ച സ്ക്രീൻ കൗണ്ടോടെയാണ് ഭ്രമയുഗം പ്രദർശനം തുടരുന്നത്.
ഫെബ്രുവരി 15നാണ് മമ്മൂട്ടി ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ അന്നേദിവസം അർദ്ധരാത്രിയിലും 110ഓളം അധിക ഷോകൾ നടന്നിരുന്നു. പിന്നാലെ വന്ന രണ്ടും മൂന്നും ദിവസങ്ങളിലും ഷോകളിൽ വൻ വർദ്ധനവാണ് അനുഭവപ്പെട്ടത്. ആദ്യ വീക്കെൻഡിൽ ചിത്രം എത്ര നേടി എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 3 മുതൽ നാല് കോടി വരെ ആദ്യ ഞായർ ചിത്രം കളക്ട് ചെയ്യുമെന്നാണ്. ഇക്കാര്യത്തിൽ അൽപ സമയത്തിന് അകം വ്യക്തത വരും.
കൊടുമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഏറെ വ്യത്യസ്തമായ, നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്ക് പ്രശംസാപ്രവാഹം ആണ്. ഒപ്പം സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ എന്നിവരുടെ പ്രകടനവും പ്രശംസിക്കപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..