പിള്ളേർക്കൊപ്പം കസറി 'കൊടുമൻ പോറ്റി', 50കോടിക്ക് ഏതാനും സംഖ്യകൾ കൂടി! 'ഭ്രമയുഗം' നേടിയത് എത്ര ?
ബസൂക്ക ആണ് മമ്മൂട്ടിയുടേതായി നിലവില്‍ ചിത്രീകരണം നടക്കുന്ന ചിത്രം.
ഇന്നത്തെ കാലത്ത് ഒരു സിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വളരെ വലിയ കാര്യമാണ്. അത്തരത്തിലൊരു പോസിറ്റീവ് റസ്പോൺസ് ലഭിച്ചു കഴിഞ്ഞാൽ പിന്നെ ആ ചിത്രത്തിന് തിരിഞ്ഞ് നോക്കേണ്ടി വരില്ല. തിയറ്ററിലും ബോക്സ് ഓഫീസിലും ചിത്രം കസറുമെന്ന് ഉറപ്പ്. അക്കൂട്ടത്തിൽ ഇറങ്ങിയ ശ്രദ്ധയമായ സിനിമകളിൽ ഒന്നാണ് മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം. ആദ്യദിനം മുതൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം ഇതുവരെ നേടിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്.
ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജിലൂടെയാണ് ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. 44.5കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. അതും റിലീസ് ചെയ്ത് ഒൻപത് ദിവസത്തിനുള്ളിൽ. ആഗോളതലത്തിലുള്ള ഭ്രമയുഗം കളക്ഷനാണിത്. അടുത്ത രണ്ട് ദിവസത്തിൽ മമ്മൂട്ടി ചിത്രം 50കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
അങ്ങനെ എങ്കിൽ ഈ വർഷം 50 കോടി ക്ലബ്ബിൽ കയറുന്ന രണ്ടാമത്തെ സിനിമ ആകും ഭ്രമയുഗം. നസ്ലിന്റെ പ്രേമലു ആണ് ഈ വർഷം ആദ്യം ഈ നേട്ടം കൊയ്ത ചിത്രം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രവും 50കോടി ക്ലബ്ബ് നേടുമെന്നാണ് വിലയിരുത്തലുകൾ.
ഫാൻസ് മീറ്റിനെത്തിയ ആരാധകൻ മരിച്ചു; ഒടുവിൽ ആ തീരുമാനവുമായി ലോറൻസ്, ആദ്യ യാത്ര നാളെ !
ഫെബ്രുവരി 15ന് ആണ് ഭ്രമയുഗം റിലീസ് ചെയ്തത്. ഹൊറർ ത്രില്ലർ ജോണറിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ സദാശിവൻ ആണ്. സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, മണികണ്ഠൻ, അമാൽഡ ലിസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയ അഭിനേതാക്കൾ. അതേസമയം, ബസൂക്ക ആണ് മമ്മൂട്ടിയുടേതായി നിലവില്‍ ചിത്രീകരണം നടക്കുന്ന ചിത്രം. ഡിനോ ഡെന്നിസ് ആണ് സംവിധാനം.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..