'കൽക്കി'യ്ക്ക് ചെക്ക് വയ്ക്കുമോ? സേനാപതി പണംവാരിത്തുടങ്ങി, പ്രീ സെയിലിൽ കസറിക്കയറി 'ഇന്ത്യൻ 2'
5 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം പ്രേക്ഷകരുടെ മനസിൽ കിടക്കും. ഇത്തരത്തിലുള്ള ചില സിനിമകളുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവരും ഏറെയാണ്. അത്തരത്തിലൊരു സിനിമയാണ് ഇന്ത്യൻ. അനീതിയ്ക്ക് എതിരെ ശബ്ദം ഉയർത്തിയ സേനാപതിയായി കമൽഹാസൻ നിറഞ്ഞാടിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 നാളെ തിയറ്ററുകളിൽ എത്തും.
ഒരിടവേളയ്ക്ക് ശേഷം തമിഴകത്ത് വലിയൊരു റിലീസ് ആണ് നാളെ നടക്കാൻ പോകുന്നത്. ഇന്ത്യൻ നൽകിയ സിനിമാനുഭവം തന്നെയാണ് രണ്ടാം ഭാഗത്തിലേക്കും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്ന ഘടകം. ഇപ്പോഴിതാ റിലീസിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ 2വിന്റെ പ്രീ സെയിൽ ബിസിനസ് കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 20 കോടിയ്ക്ക് മുകളിലാണ് ചിത്രം നേടിയ പ്രീ സെയിൽ കളക്ഷൻ. ബുക്കിംഗ് ആരംഭിച്ച് ഏതാനും മാണിക്കൂറത്തെ കണക്കുകൾ മാത്രമാണിത്. തമിഴ് നാട്- 5.25കോടി, റസ്റ്റ് ഓഫ് ഇന്ത്യ 5 കോടിയിലേറെ, ഓവർസീസ് 10.45 കോടി. അങ്ങനെ ആകെ മൊത്തം 20.7 കോടിയാണ് ഇന്ത്യ 2 ആദ്യ ദിനം നേടിയ പ്രീ സെയിൽ ബിസിനസ് എന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ 2വിന്റെ ആഘോഷത്തിൽ കാണാമെന്ന് പറഞ്ഞു, പക്ഷേ..; നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ
ഷങ്കർ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ബജറ്റ് 200 കോടിയാണ്. 15 കോടി ആയിരുന്നു ആദ്യ ഭാഗത്തിന്റെ മുതൽമുടക്ക്. 5 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയിന്‍റ് മൂവീസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവീസിനാണ്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവി വർമ്മനാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..