ചരിത്രക്കുതിപ്പ്, ഇനി വേണ്ടത് 271 കോടി; കളക്ഷനിൽ തീക്കാറ്റായി പുഷ്പരാജ്; നാല് ദിനം കൊണ്ട് പുഷ്പ 2 നേടിയത്
ഡിസംബര്‍ 5ന് ആയിരുന്നു പുഷ്പ 2 റിലീസ് ചെയ്തത്.
ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്കിടയിൽ ഇപ്പോൾ പുഷ്പ 2 ആണ് ചർച്ചാ വിഷയം. സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ടിട്ടിട്ടില്ലാത്ത തരം ബോക്സ് ഓഫീസ് പ്രകടനത്തിനാണ് പുഷ്പ 2 കളമൊരുക്കിയിരിക്കുന്നത് എന്നതാണ് അതിന് കാരണവും. ആദ്യദിനം ബോളിവുഡിൽ അടക്കം സർവ്വകാല റെക്കോർഡ് കളക്ഷൻ നേടിയ ചിത്രം 265 കോടിയാണ് ആകെ നേടിയത്. പിന്നീടുള്ള ദിനങ്ങളിൽ കണ്ടത് ബോക്സ് ഓഫീസ് വമ്പൻന്മാർ വീഴുന്ന കാഴ്ച. ഈ അവസരത്തിൽ നാല് ദിവസം കൊണ്ട് പുഷ്പ 2 നേടിയ കളക്ഷൻ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.
നാല് ദിവസം കൊണ്ട് 829 കോടിയാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2 നേടിയിരിക്കുന്നത്. ഇതോടെ ഏറ്റവും വേഗത്തിൽ 800 കോടി ക്ലബ്ബിൽ എത്തുന്ന പടമെന്ന ഖ്യാതിയും പുഷ്പ രണ്ടാം ഭാഗത്തിന് സ്വന്തം. ഇനി വെറും 271 കോടി മാത്രമാണ് 1000 കോടി ക്ലബ്ബിൽ എത്താൻ ചിത്രത്തിന് വേണ്ടത്. ഇത് രണ്ട് ദിവസത്തിൽ തന്നെ പുഷ്പ 2 നേടുമെന്നാണ് കളക്ഷൻ തേരോട്ടത്തിൽ നിന്നും വ്യക്തമാകുന്നത്. കൂടാതെ ഇതുവരെ ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്തത്ര കളക്ഷൻ ചിത്രം നേടുമെന്നും വിലയിരുത്തലുകളുണ്ട്.
ആദ്യദിനം 265 കോടി കളക്ഷൻ നേടിയ പുഷ്പ 2, രണ്ടാം ദിനം നേടിയത് 155 കോടിയാണെന്ന് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചത്. മൂന്നാം ദിനമായ ഇന്നലെ 172 കോടിയും ചിത്രം നേടി. ഞായറാഴ്ച മാത്രം ഹിന്ദിയിൽ നിന്നും 86 കോടിയാണ് ചിത്രം നേടിയത്. നാല് ദിനം കൊണ്ട് 291 കോടിയിലധികമാണ് പുഷ്പ 2 ഹിന്ദി പതിപ്പ് നേടിയിരിക്കുന്നത്. ഒരു ഹിന്ദി സിനിമയ്ക്കും നേടാനാകാത്തത്ര കളക്ഷനാണ് ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
ഡിസംബർ 5നാണ് ഏവരും അക്ഷമരായി കാത്തിരുന്ന പുഷ്പ 2 ദ റൂൾ റിലീസ് ചെയ്തത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചത് സുകുമാർ ആയിരുന്നു. അല്ലു അർജുന് പുറമെ ഫഹദ് ഫാസിൽ, രശ്മിക മന്ദാന തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം