വേണ്ടിവന്നത് വെറും ഒരാഴ്ച! 'ഭീഷ്‍മ'യും 'നേരു'മടക്കം വീണു; 'ആടുജീവിത'ത്തിന് മുന്നില്‍ ഇനി 5 സിനിമകള്‍ മാത്രം
28 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്
പുതിയ ഓരോ ശ്രദ്ധേയ ചിത്രങ്ങള്‍ റിലീസിനെത്തുമ്പോഴും മലയാള സിനിമയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് കൂടിയാണ് വെളിപ്പെടുന്നത്. ബോക്സ് ഓഫീസിലെ പ്രധാന നാഴികക്കല്ലുകള്‍ പിന്നിടാനെടുക്കുന്ന സമയം ഇപ്പോള്‍ ചുരുങ്ങിയിട്ടുണ്ട്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആടുജീവിതം. വെറും നാല് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയത്. വാരാന്ത്യ ദിനങ്ങള്‍ക്ക് ശേഷവും ബോക്സ് ഓഫീസില്‍ കിതപ്പ് കാട്ടാത്ത ചിത്രം ഇപ്പോഴും കുതിപ്പ് തുടരുകയാണ്. റിലീസിന്‍റെ ആദ്യ വാരം പിന്നിട്ടപ്പോള്‍ ചിത്രം വലിയ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
28 ന് തിയറ്ററുകളിലെത്തിയ ചിത്രം വെറും ഏഴ് ദിനങ്ങള്‍ കൊണ്ട് മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒരാഴ്ച കൊണ്ട് 88 കോടിയാണ് ആടുജീവിതം നേടിയിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയ ബോക്സ് ഓഫീസ് വിജയങ്ങളായ കണ്ണൂര്‍ സ്ക്വാഡ്, ആര്‍ഡിഎക്സ്, ഭീഷ്മപര്‍വ്വം, നേര് എന്നീ ചിത്രങ്ങളെയൊക്കെ ആടുജീവിതം ഇതിനകം മറികടന്നിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ആടുജീവിതത്തിന് മുകളില്‍ നിലവില്‍ അഞ്ച് ചിത്രങ്ങളാണ് ഉള്ളത്. മഞ്ഞുമ്മല്‍ ബോയ്സ് ഒന്നാമതുള്ള ലിസ്റ്റില്‍ 2018, പുലിമുരുകന്‍, പ്രേമലു, ലൂസിഫര്‍ എന്നീ ചിത്രങ്ങളാണ് തുടര്‍ സ്ഥാനങ്ങളില്‍. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ആടുജീവിതം. ബെന്യാമിന്‍റെ വിഖ്യാത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രങ്ങളിലൊന്നുമാണ്. ആടുജീവിതത്തിലെ നജീബ് അഭിനേതാവ് എന്ന നിലയില്‍ പൃഥ്വിരാജിന് ഏറ്റവുമധികം കൈയടി നേടിക്കൊടുക്കുന്ന ചിത്രം കൂടിയാണ്. അണിയറക്കാര്‍ ഏറെ ദുര്‍ഘടങ്ങളെ മറികടന്നാണ് മരുഭൂമിയിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ALSO READ : 'വ്യക്തിശുചിത്വം' വീണ്ടും തര്‍ക്കവിഷയം; ബിഗ് ബോസില്‍ ഏറ്റുമുട്ടി ജിന്‍റോയും ജാസ്‍മിനും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം