241 പടം ഇറങ്ങി, വിജയിച്ച പടങ്ങളുടെ എണ്ണം ഞെട്ടിക്കും ; കോളിവുഡിന് 2024 പെരിയ നഷ്ടം !
2024-ൽ തമിഴ് സിനിമയിൽ റിലീസ് ചെയ്ത 241 ചിത്രങ്ങളിൽ 223 എണ്ണവും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. 18 ചിത്രങ്ങൾ മാത്രമാണ് ലാഭം നേടിയത്, ഏകദേശം 1000 കോടിയുടെ നഷ്ടം സംഭവിച്ചു.
ചെന്നൈ: 2024 ബോക്സോഫീസ് കണക്കുകളില്‍ തമിഴ് സിനിമക്ക് ഒരു പരീക്ഷണകാലമാണ് എന്നാണ് വാര്‍ഷാവസാന കണക്കുകള്‍ വ്യക്തമാക്കുന്നത്. കാരണം ഈ വർഷത്തിന്റെ ആദ്യ ആറു മാസങ്ങളിൽ ഒരു ഹിറ്റ് മാത്രമാണ് തമിഴ് സിനിമയില്‍ ഉണ്ടായിരുന്നത്. തുടർന്ന് ബാക്കി ആറ് മാസങ്ങളിൽ ചില വിജയ ചിത്രങ്ങള്‍ തമിഴക സിനിമയ്ക്ക് ആശ്വാസം നല്‍കിയെങ്കിലും അത് വലിയൊരു നേട്ടമല്ല. 2024 മൊത്തത്തില്‍ കലാപരമായും, സാമ്പത്തികമായും തമിഴ് സിനിമയ്ക്ക് വലിയ നഷ്ടം ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
ഈ വർഷം തമിഴ് സിനിമയിൽ മൊത്തം 241 സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. ഇതിൽ 223 സിനിമകൾ ബോക്സോഫീസില്‍ പരാജയപ്പെട്ടു. ശേഷിക്കുന്ന 18 സിനിമകൾ മാത്രമാണ് ലാഭം നേടിയത്. ഈ 241 സിനിമകളിൽ 186 സിനിമകൾ ചെറിയ സിനിമകളോ മീഡിയം ബജറ്റ് ചിത്രങ്ങളോ ആണ്. ചെറു ബജറ്റ് സിനിമകൾ 2 കോടി മുതൽ 5 കോടി വരെയുള്ള ചെലവിൽ നിർമ്മിക്കപ്പെട്ടവയാണ്, ഈ സിനിമകളുടെ നിര്‍മ്മാണത്തിന് മാത്രമായി കോളിവുഡ് ഈ വര്‍ഷം 400 കോടി എങ്കിലും മുടക്കിയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
ബാക്കി ചിത്രങ്ങള്‍ വലിയ ബജറ്റ് സിനിമകളാണ്. 50 കോടി മുതൽ 200 കോടി വരെ ബജറ്റിൽ നിർമ്മിച്ചവയാണ് ഇവ. അതിൽ വിജയ് ചിത്രം "ദി ഗോട്ട്", ശിവകാർത്തികേയന്റെ "അമരൻ", ധനുഷിന്റെ "രായൻ" തുടങ്ങിയ സിനിമകൾ വലിയ വിജയങ്ങൾ നേടിട്ടുണ്ട്. മറ്റുള്ള വലിയ ബജറ്റ് സിനിമകൾ ആയ രാജിനിയുടെ "വേട്ടയൻ", സുന്ദർ സി സംവിധാനം ചെയ്ത "അരണ്മനൈ 4", വിജയ് സേതുപതി "മഹാരാജാ", കാർത്തിയുടെ "മേയ്യഴകന്‍" എന്നിവയും വിജയ ചിത്രങ്ങളില്‍ പെടുന്നു.
ചെറു മിഡ് ബജറ്റ് സിനിമകളില്‍ "വാഴൈ", "ഡിമന്‍ കോളനി 2", "ബ്ലാക്ക്", "പിടി സാർ", "കരുടൻ", "ലപ്പർ പന്തു", "ലവർ" തുടങ്ങിയ സിനിമകൾ വിജയ ചിത്രങ്ങളാണ്. ഈ വർഷം പുറത്തിറങ്ങിയ കോളിവുഡ് സിനിമകളിൽ 93% സിനിമകൾ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് യഥാര്‍ത്ഥ്യം . ശേഷിക്കുന്ന 7% സിനിമകൾ മാത്രം വിജയിച്ചത്. 2024-ൽ തമിഴ് സിനിമക്ക് 1000 കോടിയുടെ നഷ്ടം സംഭവിച്ചേക്കാമെന്നാണ് നിർമ്മാതാവും സിനിമ വിതരണകാർ സംഘടനയുടെ അധ്യക്ഷനുമായ കെ. രാജൻ പറയുന്നത്.
സിനിമയുടെ ഗുണം മാത്രമേ ഈ സാഹചര്യത്തെ മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ഏറ്റവും കൂടുതൽ വിജയിച്ച സിനിമകളുള്ള സിനിമ മേഖല മലയാള സിനിമ ആണെങ്കിലും, അവിടെയും 700 കോടിയോളം നഷ്ടം സംഭവിച്ചുവെന്നാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പറയുന്നത്. അവിടെയും താരങ്ങളുടെ ശമ്പളം കുറയ്ക്കണം എന്നാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. അതേ ആവശ്യം തന്നെയാണ് തമിഴകത്തും, മലയാളം വച്ച് നോക്കുമ്പോള്‍ തമിഴകത്ത് താര പ്രതിഫലം എത്രയോ അധികമാണ് കെ രാജന്‍ സൂചിപ്പിച്ചു.
'മകളുടെ മരണത്തിന് ഉത്തരവാദികള്‍ കുറ്റവിമുക്തര്‍': നടി വിജെ ചിത്രയുടെ പിതാവും ആത്മഹത്യ ചെയ്തു
വീണ്ടും പറ്റിക്കപ്പെടുമോ അജിത്ത് ആരാധകര്‍?: വാര്‍ത്ത സത്യമെങ്കില്‍ വല്ലാത്ത ചതിയാകും!