മണ്‍ഡേ ടെസ്റ്റും പാസ്സായി '2018' തെലുങ്ക് പതിപ്പ്; നാല് ദിവസം കൊണ്ട് നേടിയത്
മലയാളം പതിപ്പ് വന്‍ വിജയം ആയതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ അതത് സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്യപ്പെട്ടത്
ചലച്ചിത്ര വ്യവസായം ഏറ്റവും ആഗ്രഹിച്ചിരുന്ന സമയത്ത് സംഭവിച്ച ഹിറ്റ്. മലയാള സിനിമയെ സംബന്ധിച്ച് 2018 എന്ന ചിത്രത്തിന്‍റെ പ്രാധാന്യം അതാണ്. ഇതരഭാഷാ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് വന്‍ ജനത്തിരക്ക് ഉണ്ടാവുമ്പോഴും മലയാള ചിത്രങ്ങള്‍ കാണാന്‍ ആളെത്തുന്നില്ലെന്ന മാസങ്ങള്‍ നീണ്ട പരാതികള്‍ക്ക് വിരാമമിട്ടുകൊണ്ട് മെയ് 5 ന് ആണ് 2018 തിയറ്ററുകളില്‍ എത്തിയത്. ഒരു മാസത്തോട് അടുക്കാറാവുമ്പോള്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് ചിത്രം. ആദ്യത്തെ 150 കോടി ക്ലബ്ബ് ചിത്രവും. റിലീസ് ചെയ്യപ്പെട്ട നിരവധി മാര്‍ക്കറ്റുകളില്‍ ബോക്സ് ഓഫീസ് നേട്ടം ഉണ്ടാക്കുന്നുണ്ട് ചിത്രം.
മലയാളം പതിപ്പ് വന്‍ വിജയം ആയതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ അതത് സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്യപ്പെട്ടത്. ഇതില്‍ തെലുങ്ക്, തമിഴ് പതിപ്പുകള്‍ മികച്ച കളക്ഷന്‍ നേടുന്നുണ്ട്. അതില്‍ത്തന്നെ മുന്നില്‍ തെലുങ്ക് പതിപ്പാണ്. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് മാത്രമായി 5.47 കോടിയാണ് തെലുങ്ക് പതിപ്പ് നേടിയിരിക്കുന്നത്. റിലീസ് ദിനമായ വെള്ളിയാഴ്ച 1.01 കോടി നേടിയ ചിത്രം ശനിയാഴ്ച 1.74 കോടിയും ഞായറാഴ്ച 1.73 കോടിയും നേടിയിരുന്നു. ഒരു പുതിയ ചിത്രത്തിന്‍റെ കളക്ഷന്‍ ഏറ്റവും കുറയുന്ന തിങ്കളാഴ്ചയും ഒരു കോടിക്കടുത്ത് (99.14 ലക്ഷം) നേടാനായി എന്നത് വലിയ നേട്ടമായാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
അതേസമയം 25 ദിവസം കൊണ്ട് 160 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. യുഎഇ, ജിസിസി, യുകെ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ത്തന്നെ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സോണി ലിവിലൂടെ ജൂണ്‍ 7 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.