161 പ്രദര്‍ശനങ്ങള്‍, 52000 ടിക്കറ്റുകള്‍; ഏരീസ് പ്ലെക്സില്‍ നിന്ന് '2018' നേടിയ കളക്ഷന്‍
മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രം
മലയാള സിനിമയുടെയും തിയറ്റര്‍ വ്യവസായത്തിന്‍റെയും രക്ഷകന്‍ എന്ന പരിവേഷമാണ് ഇപ്പോള്‍ 2018 എന്ന ചിത്രത്തിന്. ഇതരഭാഷാ ചിത്രങ്ങള്‍ക്ക് വലിയ വിജയം ലഭിക്കുമ്പോഴും മലയാള ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ എത്തുന്നില്ല എന്ന പരാതി ചലച്ചിത്രലോകത്ത് മാസങ്ങളായി മുഴങ്ങിക്കേട്ടിരുന്നു. എഴുപതിലേറെ റിലീസുകള്‍ ഈ വര്‍ഷം സംഭവിച്ചെങ്കിലും അതില്‍ കാര്യമായ വിജയം നേടിയത് രോമാഞ്ചം മാത്രമായിരുന്നു. എന്നാല്‍ ഒരു ചിത്രത്തിന് മികച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചാല്‍ എന്താവും ആ വിജയത്തിന്‍റെ തൂക്കം എന്ന് ചലച്ചിത്രപ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്നതായിരുന്നു 2018 നേടിയ വിജയം.
മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മൂന്നാം വാരത്തിലും മികച്ച തിയറ്റര്‍ കൗണ്ട് ആണ്. കേരളത്തില്‍ മാത്രമല്ല യുകെ പോലെയുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രദര്‍ശനവിജയമാണ് നേടുന്നത്. കേരളത്തിലെ തിയറ്ററുകാരെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചുവരവാണ് ചിത്രം നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലെ പ്രധാന തിയറ്ററുകളില്‍ ഒന്നായ തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസില്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്.
161 ഷോകളിലായി 52,838 ടിക്കറ്റുകളാണ് 2018 ന്‍റേതായി ഏരീസ് പ്ലെക്സില്‍ മാത്രം ഇതിനകം വിറ്റഴിക്കപ്പെട്ടത്. ഇതില്‍ നിന്ന് ലഭിച്ചിരിക്കുന്നത് ഒരു കോടിയിലേറെയാണ്. ഈ വര്‍ഷത്തെ മറ്റൊരു വിജയചിത്രമായ രോമാഞ്ചവും ഏരീസില്‍ നിന്ന് ഒരു കോടിയിലേറെ നേടിയിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ALSO READ : 'ഈ സന്തോഷത്തില്‍ അച്ഛനും വേണമായിരുന്നു'; എസ്എസ്എല്‍സി ഫലം പങ്കുവച്ച് ഗൗരി പ്രകാശ്