ആറര വര്‍ഷത്തിന് ശേഷം 'പുലിമുരുകന്' എതിരാളി? ചൊവ്വാഴ്ച കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ട് '2018'
ആഗോള കളക്ഷനിലും മുന്നേറ്റം
മലയാള സിനിമ കാണാന്‍ പ്രേക്ഷകര്‍ എത്തുന്നില്ലെന്ന തിയറ്റര്‍ ഉടമകളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും മാസങ്ങള്‍ നീണ്ട ആശങ്ക അവസാനിച്ചിരിക്കുകയാണ്. അതും തിയറ്റര്‍ ഒക്കുപ്പന്‍സിയില്‍ സമീപകാലത്തൊന്നും ദൃശ്യമാകാത്ത പ്രേക്ഷക പ്രതികരണം നേടി ബോക്സ് ഓഫീസില്‍ കുതിപ്പ് നടത്തുന്ന ഒരു ചിത്രം. കേരളം 2018 ല്‍ നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് തിയറ്ററുകളില്‍ അഭൂതപൂര്‍വ്വമായ തിരക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ റിലീസ് ചെയ്യപ്പെടുന്ന സിനിമകള്‍ ജനപ്രീതി നേടുന്നപക്ഷം ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ചേര്‍ത്തുള്ള ആദ്യ വാരാന്ത്യത്തില്‍ മികച്ച ഓപണിംഗ് നേടുന്നത് സാധാരണമാണ്. എന്നാല്‍ ആദ്യ വാരാന്ത്യത്തിന് ശേഷം തിങ്കള്‍വ മുതല്‍ ആരംഭിക്കുന്ന പ്രവര്‍ത്തി ദിനങ്ങളില്‍ വാരാന്ത്യത്തിലേതുപോലെ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇത്തരത്തില്‍ മുന്‍പ് മലയാള സിനിമയില്‍ സംഭവിച്ചിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍റെ സമയത്താണെന്നാണ് ട്രേഡ് അനലിസ്റ്റുകളും തിയറ്റര്‍ ഉടമകള്‍ തന്നെയും പറയുന്നത്. ഇതില്‍ ആദ്യ ചൊവ്വാഴ്ച കളക്ഷനില്‍ 2018 ചരിത്രം കുറിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
3.95 കോടിയാണ് തിങ്കളാഴ്ച ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കേരളത്തില്‍ ഏത് ഭാഷാ ചിത്രവും നേടുന്ന നാലാമത്തെ മികച്ച തിങ്കളാഴ്ച കളക്ഷനാണ്. കെജിഎഫ് 2, ബാഹുബലി, ലൂസിഫര്‍, 2018, പുലുമുരുകന്‍ എന്നിങ്ങനെയാണ് കേരളത്തിലെ ടോപ്പ് 5 മണ്‍ഡേ ബോക്സ് ഓഫീസ്. അതേസമയം 4 കോടിയാണ് ചിത്രത്തിന്‍റെ ചൊവ്വാഴ്ചത്തെ നേട്ടമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മലയാള സിനിമയില്‍ ആദ്യത്തേതാണെന്നും. ആദ്യ അഞ്ച് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 17 കോടിയില്‍ അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും ദിനങ്ങളില്‍ നിന്നുള്ള ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 40 കോടിയോളം വരുമെന്നും. ആദ്യദിനം മുതല്‍ കുടുംബപ്രേക്ഷകരെയും തിയറ്ററുകളിലെത്തിക്കാനായി എന്നതാണ് ചിത്രത്തിന്‍റെ വിജയം. പുലിമുരുകനും സമാന രീതിയില്‍ ആദ്യ ദിനങ്ങളില്‍ തന്നെ ആബാലവൃദ്ധം ജനങ്ങളെയും തിയറ്ററുകളില്‍ എത്തിച്ച ചിത്രമാണ്. അതേസമയം തിങ്കള്‍, ചൊവ്വ ദിനങ്ങളില്‍ ഇത്തരത്തില്‍ കളക്റ്റ് ചെയ്ത ചിത്രം രണ്ടാം വാരാന്ത്യത്തിലും കളക്ഷനില്‍ കുതിപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
ALSO READ : തിയറ്ററുകള്‍ നിറഞ്ഞുതന്നെ; 'പിഎസ് 2' 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്