ബജറ്റ് 20 കോടി; 101-ാം ദിവസവും ഹൗസ്‍ഫുള്‍ ഷോ? ഇന്ത്യന്‍ സിനിമയിലെ അത്ഭുത വിജയം! 100 ദിവസത്തെ കളക്ഷന്‍
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 ന് തിയറ്ററുകളിലെത്തിയ ചിത്രം
സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന, അല്ലെങ്കില്‍ ചില സംവിധായക- താര കോമ്പിനേഷന്‍ സംഭവിക്കുന്ന ചിത്രങ്ങള്‍ക്ക് തിയറ്റര്‍ ഉടമകളും സിനിമാ വ്യവസായം മൊത്തത്തിലും നല്‍കുന്ന മിനിമം ഗ്യാരന്‍റിയുണ്ട്. എന്നാല്‍ ഒരു സൂപ്പര്‍താരം അഭിനയിച്ചു എന്നതുകൊണ്ട് മാത്രം ഇന്ന് ഒരു ചിത്രവും വിജയിക്കുന്നില്ല. മറിച്ച് ഉള്ളടക്കം ഗംഭീരമാണെങ്കില്‍ താരമാണോ പുതുമുഖമാണോ എന്നൊന്നും പ്രേക്ഷകര്‍ നോക്കാറില്ലതാനും. ഉള്ളടക്കത്തിന്‍റെ മേന്മ കൊണ്ട് വിസ്മയ വിജയം നേടുന്ന ചില ചിത്രങ്ങള്‍ എല്ലാ ഭാഷകളിലും സംഭവിക്കാറുണ്ട്. ബോളിവുഡില്‍ നിന്നുള്ള അത്തരമൊരു സമീപകാല വിജയം ഇപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ട്.
വിധു വിനോദ് ചോപ്രയുടെ സംവിധാനത്തില്‍ വിക്രാന്ത് മസ്സേ നായകനായി എത്തിയ 12ത്ത് ഫെയില്‍ എന്ന ചിത്രമാണ് അത്. കടുത്ത ദാരിദ്ര്യത്തോട് പടവെട്ടി ഐപിഎസ് റാങ്കിലേക്ക് എത്തിയ മനോജ് കുമാര്‍ ശര്‍മ്മയുടെ ജീവിതം പറയുന്ന ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മികച്ച ചിത്രമെന്ന അഭിപ്രായം പ്രേക്ഷകര്‍ക്കിടയില്‍ പടര്‍ന്നതോടെ മികച്ച ബോക്സ് ഓഫീസ് വിജയം നേടി ഇത്. ഏറ്റവും കൗതുകകരമായ കാര്യം ഒടിടി റിലീസിന് ശേഷവും ചിത്രം തിയറ്ററില്‍ കാണാന്‍ കാര്യമായി ആളെത്തി എന്നതാണ്.
ഡിസംബര്‍ 29 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഒടിടി റിലീസ് കഴിഞ്ഞ് ഒരു മാസത്തിന് ഇപ്പുറവും ചിത്രത്തിന് തിയറ്ററില്‍ ആളുണ്ട്. ചിത്രം തിയറ്ററുകളില്‍ 100 ദിവസം പൂര്‍ത്തിയാക്കിയത് ഇന്നലെ ആയിരുന്നു. ദില്ലി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ചിത്രത്തിന് ഇപ്പോഴും പ്രദര്‍ശനമുണ്ടെന്ന് മാത്രമല്ല, 101-ാം ദിവസമായ ഇന്നും ചില ഷോകള്‍ ഫാസ്റ്റ് ഫില്ലിംഗും ആണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ആകെ ഗ്രോസ് 66.75 കോടിയാണ്. വിദേശ കളക്ഷനും ചേര്‍ത്ത് ആകെ 70 കോടിക്ക് മുകളില്‍. ഒടിടി റിലീസിന് ശേഷം മാത്രം ചിത്രം 2.50 കോടി എന്നത് ട്രാക്കര്‍മാരെപ്പോലും അമ്പരപ്പിക്കുന്ന വസ്തുതയാണ്. ബജറ്റ് 20 കോടി മാത്രമാണ് എന്നതുകൂടി പരിഗണിക്കുമ്പോള്‍ വിജയത്തിന്‍റെ തിളക്കം വലുതാണ്.
ALSO READ : വേറിട്ട വഴിയേ 'എല്‍എല്‍ബി'; ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് റിവ്യൂ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം