'ബ്രാന്‍ഡ് മോഹന്‍ലാലി'ൽ തുടക്കം; 'മഞ്ഞുമ്മൽ' എന്‍ട്രിക്ക് മുന്‍പ് 100 കോടി ക്ലബ്ബിൽ എത്തിയ മലയാളം സിനിമകൾ

ചെറിയ സ്ക്രീന്‍ കൗണ്ടോടെ തമിഴ്നാട്ടില്‍ പ്രദര്‍ശനം ആരംഭിച്ച മഞ്ഞുമ്മല്‍ ബോയ്‍സിന് ഞായറാഴ്ച 1000 ല്‍ അധികം പ്രദര്‍ശനം ഉണ്ടായിരുന്നു

100 crore club malayalam movies before manjummel boys pulimurugan lucifer and 2018 mohanlal tovino thomas soubin shahir nsn

ഒരു മലയാള ചിത്രം മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തീര്‍ക്കുന്നത് അപൂര്‍വ്വമാണ്. പ്രേമമാണ് മുന്‍പ് തമിഴ്നാട്ടില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയതിലൂടെ ചര്‍ച്ചയായിട്ടുള്ളത്. ഇപ്പോഴിതാ മറ്റൊരു ചിത്രം അതിലുമേറെ കൈയടി നേടുകയാണ്. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ മഞ്ഞുമ്മല്‍ ബോയ്സ് ആണ് അത്. ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം മുതല്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. കേരളത്തില്‍ വന്‍ പ്രീ റിലീസ് ബുക്കിംഗ് നേടിയ ചിത്രം ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ബോക്സ് ഓഫീസില്‍ കുതിച്ചു.

വിദേശ മാര്‍ക്കറ്റുകളിലും ഈ കുതിപ്പ് ദൃശ്യമായിരുന്നു. ചെറിയ സ്ക്രീന്‍ കൗണ്ടോടെ തമിഴ്നാട്ടില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് ഞായറാഴ്ച 1000 ല്‍ അധികം പ്രദര്‍ശനം ഉണ്ടായിരുന്നു. ചെന്നൈക്ക് പുറത്ത് ഗ്രാമ, നഗര വ്യത്യാസമില്ലാതെ തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം ഒരു മലയാള ചിത്രത്തിന് വലിയ വരവേല്‍പ്പ് ലഭിക്കുന്നത് ഇത് ആദ്യമാണ്. ശനിയാഴ്ച വരെയുള്ള കളക്ഷന്‍ കൊണ്ട് മാത്രം തമിഴ്നാട്ടില്‍ നിന്ന് ചിത്രം 10 കോടി നേടിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 75 കോടിയും. ഞായറാഴ്ചത്തെ കളക്ഷനില്‍ ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 9 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തുവെന്നാണ് ആദ്യ കണക്കുകള്‍. ഇത് 10 കോടിക്ക് മുകളിലാവാനും സാധ്യതയുണ്ട്. ഇതോടെ ചിത്രം 100 കോടി ക്ലബ്ബില്‍ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. 100 കോടിയും കടന്ന് എത്ര മുന്നോട്ട് പോകും എന്നാണ് അറിയേണ്ടത്. മലയാളത്തില്‍ ഇതുവരെ എത്ര സിനിമകള്‍ ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി നേടിയിട്ടുണ്ടെന്ന് നോക്കാം.

മോളിവുഡില്‍ നിന്നുള്ള നാലാമത്തെ 100 കോടി ചിത്രമായിരിക്കും മഞ്ഞുമ്മല്‍ ബോയ്സ്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് 2016 ല്‍ പ്രദര്‍ശനത്തിനെത്തിയ പുലിമുരുകനിലൂടെയാണ് മലയാള സിനിമ 100 കോടി ക്ലബ്ബിലേക്ക് ആദ്യമായി പ്രവേശിക്കുന്നത്. 144- 152 കോടിയാണ് ചിത്രത്തിന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് എന്നാണ് ലഭ്യമായ കണക്കുകള്‍. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് പതിപ്പുകള്‍ കൂടി ചേര്‍ത്താണ് ഇത്. മോഹന്‍ലാല്‍ തന്നെ നായകനായ മറ്റൊരു ചിത്രമാണ് മലയാളത്തില്‍ നിന്നുള്ള അടുത്ത 100 കോടി എന്‍ട്രി. പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫര്‍. 127- 129 കോടിയാണ് ചിത്രത്തിന്‍റെ ക്ലോസിംഗ് ബോക്സ് ഓഫീസ് എന്ന് കണക്കുകള്‍. 2019 ലായിരുന്നു ചിത്രത്തിന്‍റെ റിലീസ്.

മള്‍ട്ടിസ്റ്റാര്‍ ചിത്രമെന്ന് വിളിക്കാവുന്ന 2018 എന്ന ചിത്രമാണ് മൂന്നാമതായി മലയാളത്തില്‍ നിന്നുള്ള 100 കോടി എന്‍ട്രി. കേരളം നേരിട്ട പ്രളയം പശ്ചാത്തമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം കേരളത്തിന് പുറത്തും മികച്ച പ്രതികരണം നേടിയിരുന്നു. 176 കോടിയാണ് ചിത്രത്തിന്‍റെ ക്ലോസിംഗ് ബോക്സ് ഓഫീസ്. ഈ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുള്ളത്. 

ALSO READ : 'ഒരു ക്രേസി കഥ, ആലോചിക്കുമ്പോള്‍ത്തന്നെ പേടിയാവുന്നു'; മമ്മൂട്ടി സിനിമയെക്കുറിച്ച് ക്രിഷാന്ദ് പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios