ആറ് സിനിമകൾക്ക് പുറമെ മറ്റ് ചില സിനിമകളും 100കോടി ക്ലബ്ബിൽ കയറിയെങ്കിലും അവയെല്ലാം ബിസിനസ് ആണ്.
അത്ഭുതപൂർവമായ തേരോട്ടം ആണ് മലയാള സിനിമ ഇന്ന് ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്. ഒരു പക്ഷേ സമീപകാലത്ത് ബോളിവുഡ് സിനിമകളെ പോലും പിന്തള്ളിയുള്ള കളക്ഷനും മോളിവുഡ് സിനിമകൾ നേടി കഴിഞ്ഞു. ഭാഷയുടെ അതിർവരമ്പ് ഭേദിച്ചുള്ള ഈ പ്രകടനം മലയാളികളെ സംബന്ധിച്ച് അഭിമാനത്തിന് ഉതകുന്നതാണ്. ഒരുകാലത്ത് അന്യം നിന്ന കോടി ക്ലബ്ബ് സിനിമകൾ കൈക്കുള്ളിൽ ആക്കിയ മോളിവുഡിൽ നിന്നും ആറാമത്തെ 100കോടി സിനിമ പിറന്നിരിക്കുകയാണ്.
പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം ആണ് 100 കോടി ക്ലബ്ബെന്ന ഖ്യാതി ഏറ്റവും ഒടുവിൽ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ദിനം മുതൽ കളക്ഷൻ കുതിപ്പ് തുടർന്ന ചിത്രം വെറും ഒൻപത് ദിവസത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് വലിയ സർപ്രൈസ് കൂടിയാണ്. 100കോടിയും കടന്ന് ആടുജീവിതം ഇനി എങ്ങോട്ട് എന്ന് ഉറ്റുനോക്കുന്നതിനിടെ മലയാള സിനിമയിൽ ഇതുവരെ സെഞ്ച്വറി തികച്ച മലയാള സിനിമകൾ ഏതൊക്കെ എന്ന് നോക്കാം.
ആടുജീവിതവും ഉൾപ്പടെ ആറ് 100കോടി സിനിമകളാണ് മലയാളത്തിന് ലഭിച്ചിട്ടുള്ളത്. ഇതിന് തുടക്കം കുറിച്ചതാകട്ടെ മോഹൻലാൽ നായകനായി എത്തിയ പുലിമുരുകനും. വൈശാഖ് സംവിധാനം ചെയ്ത ചിത്രം 2016ൽ ആയിരുന്നു റിലീസ് ചെയ്തത്. 144- 152കോടിയാണ് പുലിമുരുകന്റെ ലൈഫ് ടൈം കളക്ഷൻ. മറ്റൊരു നൂറ് കോടി സിനിമ ലൂസിഫർ ആണ്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിന്റെ എൻഡ് കളക്ഷൻ 127- 129 കോടിയാണ്. 2018ആണ് മൂന്നാമത്തെ ചിത്രം. 2023ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ടോട്ടൽ കളക്ഷൻ 176 കോടിയാണ്.
2024 ഫെബ്രുവരിയിൽ റിലീസ് ചെയ്ത പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് 100 കോടിയിലുള്ള മറ്റ് സിനിമകൾ. മലയാളത്തിലെ ആദ്യ 200കോടി ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ഇതുവരെ 225 കോടിയിലേറെ കളക്ഷൻ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 135 കോടിയിലേറെയാണ് പ്രേമലു ഇതുവരെ നേടിയിരിക്കുന്നത്. ഈ രണ്ട് സിനിമകളും നിലവിൽ തിയറ്റർ റൺ തുടരുകയാണ്.
മഞ്ഞുമ്മൽ ബോയ്സും 2018ഉം വഴിമാറി; ഒന്നാമൻ ഇനി ആടുജീവിതം, വേഗത്തിൽ 100 കോടിയെത്തിയ സിനിമകൾ
മുകളിൽ പറഞ്ഞ ആറ് സിനിമകൾക്ക് പുറമെ മറ്റ് ചില സിനിമകളും 100കോടി ക്ലബ്ബിൽ കയറിയെങ്കിലും അവയെല്ലാം ബിസിനസ് ആണ്. അതായത്, സാറ്റലൈറ്റ്, ഒടിടി തുടങ്ങിയ റൈറ്റ്സിലൂടെ 100 കോടിയ്ക്ക് മേൽ നേടിയ സിനിമകളാണ്. മഞ്ഞുമ്മൽ ബോയ്സ്, 2018, ലൂസിഫർ, പുലിമുരുകൻ, പ്രേമലു, ആടുജീവിതം എന്നിവ ആഗോള ഗ്രോസ് കളക്ഷനാണ്.
