ഈ ഇന്ത്യന്‍ ഹിറ്റുകളൊക്കെ ഉണ്ടാക്കിയത് പാക്കിസ്ഥാന്‍കാരനായ ഈ മനുഷ്യനാണ്!
അറുപതുകളിലെയും എഴുപതുകളിലെയും പാക്കിസ്ഥാനി ചലച്ചിത്ര ഗാനങ്ങളുടെ പകര്‍പ്പുകള്‍ വിവിധ ബോളിവുഡ് ഗാനങ്ങളില്‍ കേള്‍ക്കാം. എം അഷ്റഫ്, എ ഹമീദ്, നഷാദ്, തഫു, നാസിര്‍ അലി തുടങ്ങിയ പാക് സംഗീത സംവിധായകരുടെ ഹിറ്റ് ഗാനങ്ങളാണ് ഇവയില്‍ ഏറെയും. അനു മാലിക്കും ആര്‍ ഡി ബര്‍മനും നദീം ശ്രാവണുമൊക്കെയായിരുന്നു ഈ കാലത്തെ ഈണവും തേടി അതിര്‍ത്തി കടന്നവരില്‍ പ്രമുഖര്‍.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു
മന്‍സൂര്‍ അഷ്‌റഫ് എന്ന പാക്കിസ്ഥാനി സംഗീത സംവിധായകനെ എത്ര ഇന്ത്യന്‍ ഗാനപ്രേമികള്‍ക്ക് അറിയാം? മുത്തച്ഛനില്‍ നിന്നും അമ്മാവന്‍ അക്തര്‍ ഹുസൈന്‍ അഖിയാനില്‍ നിന്നുമൊക്കെ പഠിച്ച ഈണക്കൂട്ടുകളുമായി 45 വര്‍ഷമാണ് അഷ്റഫ് പാക്ക് ചലച്ചിത്ര ഗാനശാഖ അടക്കി ഭരിച്ചത്. പഞ്ചാബി, ഉറുദു ഭാഷകളില്‍ നാനൂറോളം സിനിമകളിലായി 2800ല്‍ അധികം ഗാനങ്ങള്‍ അഷ്റഫിന്‍റേതായുണ്ട്.
ഒരുകാലത്ത് അഷ്‌റഫിനെ അന്ധമായി പ്രണയിച്ചിരുന്നു ഇന്ത്യന്‍ ജോഡികളായ നദീമും ശ്രാവണും. ഇരുവരും ചേര്‍ന്ന് അതിര്‍ത്തി കടത്തിയ അഷ്‌റഫ് ഗാനങ്ങള്‍ക്ക് കൈയും കണക്കുമില്ല.1991ലെ മെഗാ മ്യൂസിക്കല്‍ ഹിറ്റ് സാജനിലെ 'ബഹുത്ത് പ്യാര് കര്‍ത്തെ ഹേ തും കോ സനവും' 1992ല്‍ 'കല്‍ക്കി ആവാസി'ലെ 'തുമാരി നസരോം' ഉള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍. 1978 ല്‍ സീനത്ത് ബീഗം സംവിധാനം ചെയ്‌ത 'അബ്‌ഷാറിലെ' മെഹദി ഹസന്റെ മധുരശബ്ദ ത്തിലുള്ള 'ബഹുത് ഖൂബ്‌സൂരത്ത് ഹേ മേരാ സനം' 'ബഹുത്ത് പ്യാര് കര്‍ത്തെ ഹേ' എന്നു കേള്‍ക്കുമ്പോള്‍ ഒരിന്ത്യന്‍ ഗാനപ്രേമി എം അഷ്‌റഫിനെ എങ്ങനെ ഓര്‍ക്കാതിരിക്കും?
'മേരേ ഹു സൂര്‍' 1977ല്‍ റിലീസായ ഉറുദു ചിത്രമാണ്. സംവിധാനം എസ് സുലെമാന്‍. തസ്ലീം ഫാസില്‍ എഴുതിയ നൂര്‍ജഹാന്റെയും മെഹ്‌ദി ഹസന്റെയും യുഗ്മഗാനം 'ഹമാരി സാസോം' മൊഴിമാറ്റിയപ്പോഴാണ് കല്‍ക്കി ആവാസിലെ 'തുമാരി നസരോം' പിറക്കുന്നത്.
മുസാരത്ത് നസീര്‍ ആലപിച്ച ഹിമ്മത്ത് വാലയിലെ 'മുഛേ ദേഖ് കെ ബിന്‍ ബജായെ' 'ഫൂല്‍ ഔര്‍ കാംടെ' (1991)യിലെത്തുമ്പോള്‍ 'മേനെ പ്യാര്‍ തുംഹി സെ കിയാ ഹേ' ആയി മാറുന്നത് എത്ര എളുപ്പത്തിലാണ്! നിങ്ങള്‍ പറയൂ. അഷ്‌റഫിനെ എങ്ങനെ ഓര്‍ക്കാതിരിക്കും?
നദീം ശ്രാവണ്‍ - എം അഷ്‌റഫ് ഗാനങ്ങളെന്ന ക്രമത്തില്‍ പട്ടിക തയ്യാറാക്കുകയാവും എളുപ്പം. 'ഓ റബ്ബാ' (സമാനാ ദിവാനാ 1995) - ചാഹേ ദുനിയാ കോ ഖഫാ (നൗകര്‍ 1975), 'പ്യാസാ കുയേന്‍ കെ പാസ്' (ദില്‍തേരാ ആഷിഖ് 1993) - 'പ്യാസാ കുയേന്‍ കെ പാസ്' (മേരാനാം ഹെ മൊഹാബത്ത് 1975), 'ഇത്‌നാ ഭി നാ ചലോ' (സംബന്ധ് 1996) - 'ഇത് നാ ഭി നാ ചലോ' (പര്‍ദാന ഉതാവോ,1974), 'മുഝേ ക്യാ പതാ' (ബേഖുദി, 1992) - 'നഹി കുച്ച് പതാ' (ബസേരാ, 1974). എന്‍ എസിന്‍റെ അഷ്‌റഫ് 'പതിപ്പുകളുടെ' പട്ടിക നീളുന്നു.
അഷ്‌റഫിന്റെ ഈണങ്ങളോട് ആര്‍ ഡി ബര്‍മനുള്ള അടുപ്പം അദ്ദഹത്തിന്റെ ചില ഗാനങ്ങളില്‍ കേള്‍ക്കാം. 1985ല്‍ അലഗ് അലഗിലെ 'കഭി ബേക്കസി' ഓര്‍മ്മിപ്പിക്കുന്നത് അഷ്‌റഫിന്റെ 'കഭി ഖ്വായിഷോം' (മെഹര്‍ബാനി,1982) എന്ന പാട്ടിനെയാണ്.
'ആജ് തു ഗൈര്‍ സഹി' (ഊംചെ ലോഗ് 1985) എന്ന ഗാനത്തിന് 'ദെഹ്‌ലീസ് (1983) ചിത്രത്തിലെ കെമാല്‍ അഹമ്മദിന്റെ മെഹദി ഹസന്‍ ഗാനത്തെയും ബര്‍മന്‍ കൂട്ടുപിടിച്ചു.
നാളെ - ഇമ്രാന്‍ ഹാഷ്‍മിക്ക് ചുംബിക്കാന്‍ ഈണം മാത്രമല്ല വരികളും മോഷ്ടിച്ചു!
- Bollywood Songs Copied From Pakistan
- Bollywood Songs
- Pakistan Songs
- Urudu Songs
- Nadeem Shravan R D Burmmen
- Anand Millind
- Anu Malik
- ബോളിവുഡ് പാട്ടുകള്‍
- ഹിന്ദി പാട്ടുകള്‍
- പാക്കിസ്ഥാനി പാട്ടുകള്‍
- കോപ്പിയടിച്ച പാട്ടുകള്‍ plagiarism
- plagiarism in music
- music plagiarism
- bollywood plagiarism
- നദീം ശ്രാവണ്‍
- അനുമാലിക്
- India
- India Pakistan