ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി; രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ്

മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ ഒടിയന്‍ വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്‍റെ ഒരുക്കത്തിലാണ് സംസ്ഥാനത്തെ മോഹന്‍ലാല്‍ ഫാന്‍സും ചിത്രത്തിന്‍റെ അണിയറക്കാരും ഇതിനിടയിലാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്

bjp hartal may affect odiyan release fans angry
Author
Thiruvananthapuram, First Published Dec 13, 2018, 7:47 PM IST

തിരുവനന്തപുരം:   നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ്. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തും എന്ന് പറയുന്ന ബിജെപി കേരളത്തിന്‍റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പ്രധാനമായും ഫാന്‍സ് രൂക്ഷമായ കമന്‍റുകള്‍ നടത്തുന്നത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ വ്യാഴാഴ്ച നാലുമണിയോടെയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. 

മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ ഒടിയന്‍ നാളെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്‍റെ ഒരുക്കത്തിലാണ് സംസ്ഥാനത്തെ മോഹന്‍ലാല്‍ ഫാന്‍സും ചിത്രത്തിന്‍റെ അണിയറക്കാരും ഇതിനിടയിലാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതികരണവുമായി മോഹന്‍ലാല്‍ ആരാധകര്‍ എത്തിയത്.

മോഹന്‍ലാല്‍ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് കാത്തുകാത്തിരുന്ന ദിവസമാണ് വെള്ളിയാഴ്ച. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ഒടിയന്‍ ലോകമാകമാനം ഒരേദിവസം തീയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്. ഫ്രാന്‍സ്, ഉക്രെയ്ന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ 3500 ഓളം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടുമെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. 

എന്നാല്‍ അന്തിമ സ്‌ക്രീന്‍ കൗണ്ട് എത്രയെന്ന് അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. 35 രാജ്യങ്ങളിലാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുക. അതിനിടയിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടത്. അതേ സമയം ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച്  നിര്‍മ്മാതാക്കള്‍ ഇതുവരെ അവസാന തീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയുന്നത്. 

തിരുവനന്തപുരത്ത് മാത്രം 139 പ്രദര്‍ശനങ്ങളാണ് റിലീസ് ദിവസം ഒടിയന് പറഞ്ഞിരുന്നത്. ഇതില്‍ പകുതിയിലധികം ഷോകളും ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ഇതിനകം ഹൗസ്ഫുള്‍ ആയിട്ടുണ്ട്. മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ മള്‍ട്ടിപ്ലെക്‌സിലാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. റിലീസ്ദിനം 27 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന്. ന്യൂ തീയേറ്ററിലെ മൂന്ന് സ്‌ക്രീനുകളിലായി 21 പ്രദര്‍ശനങ്ങളുണ്ട് നാളെ.

പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 11.59 വരെയാണ് 21 ഷോകള്‍. ഇതില്‍ മിക്ക പ്രദര്‍ശനങ്ങള്‍ക്കും കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ അവസ്ഥയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മൂലം ഷോ മുടങ്ങിയാല്‍ വലിയ നഷ്ടം സംഭവിക്കും എന്നാണ് തീയറ്റര്‍ വൃത്തങ്ങളും ആരാധകരും പറയുന്നത്.

Follow Us:
Download App:
  • android
  • ios