പുലിമുരുകന്‍റെ റെക്കോഡ‍് തകര്‍ക്കും ബാഹുബലി 2?
കൊച്ചി: ഒന്നാം ദിവസത്തെ കലക്ഷന്‍ വിവരങ്ങള്‍ വരാനിരിക്കെ പുലിമുരുകന്‍റെ റെക്കോഡുകള്‍ ബാഹുബലി 2 മറികടന്നേക്കും എന്ന് ചലച്ചിത്ര വൃത്തങ്ങള്‍. സംസ്ഥാനത്തെ 296 തിയറ്ററുകളിലാണ് ഇന്നലെ ബാഹുബലി 2 റിലീസ് ചെയ്തത്. തിരുവനന്തപുരത്ത് മാത്രം 10 സ്ക്രീനുകളിലായി അൻപതിലേറെ പ്രദർശനങ്ങൾ ഇന്നലെ നടന്നത്. ഇന്നലെ മാത്രം കോടികള്‍ ചിത്രം കേരളത്തില്‍ നിന്നും മാത്രം വാരിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിവസ കലക്ഷനില്‍ ഔദ്യോഗികമായി മലയാളത്തില്‍ ദ ഗ്രേറ്റ് ഫാദറാണ് മുന്നില്‍. 4 കോടിയോളം വരുന്ന ഈ റെക്കോഡ് ബാഹുബലി 2 മറികടക്കും എന്നാണ് വിതരണക്കാര്‍ നല്‍കുന്ന സൂചന.
ഇതിഹാസ ചിത്രങ്ങൾക്കൊപ്പമാണ് ബാഹുബലി 2 വിന്‍റെ സ്ഥാനം എന്നാണ് പൊതുവില്‍ അഭിപ്രായം. വരുമാന വിഹിതം പങ്കുവയ്ക്കുന്നതിന്റെ പേരിൽ മൾട്ടിപ്ലക്സുകളുമായി തർക്കം നിലനിൽക്കുന്നതിനാൽ 35 സ്ക്രീനുകളിൽ ആദ്യ ദിനം റിലീസ് ചെയ്യാനായില്ല. അവ കൂടി ചേർന്നിരുന്നുവെങ്കിൽ ആകെ സ്ക്രീനുകളുടെ എണ്ണം 331 ആകുമായിരുന്നു.
ആദ്യദിവസം കേരളത്തിലെ തിയറ്ററുകളിൽ നിന്നു മാത്രം ബാഹുബലിക്കു 10 മുതൽ 12 കോടി രൂപ വരെ ലഭിച്ചിട്ടുണ്ടാകാമെന്നും ഇതിൽ നാലുകോടി രൂപയെങ്കിലും വിതരണക്കാരന്‍റെ ഷെയർ വരുമെന്നും വിതരണക്കാരുടെ സംഘടന തന്നെ കണക്കുകൂട്ടുന്നു. ബാഹുബലി രണ്ടാം ഭാഗം കേരളത്തിൽ നിന്നു മാത്രം 100 കോടിയിലേറെ രൂപയുടെ കലക്‌ഷൻ നേടാനുള്ള സാധ്യതയാണ് തിയറ്റര്‍ ഉടമകള്‍ തന്നെ പറയുന്നത്. ബാഹുബലിയുടെ ആദ്യഭാഗം ഇതിന്റെ പകുതി വരുമാനമേ കേരളത്തിൽ നിന്നു നേടിയിരുന്നുള്ളൂ. 150 കോടി രൂപ ചെലവഴിച്ചു നിർമിച്ച ബാഹുബലി ഒന്നാം ഭാഗം, നിർമാതാവിനു 650 കോടി രൂപ നേടിക്കൊടുത്തിരുന്നു.