ആ ക്ലൈമാക്സ് യഥാര്‍ത്ഥ സംഭവം, സോലോയിലെ ജസ്റ്റിന്‍ പറയുന്നു
പരീക്ഷണ സിനിമകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കൊതിക്കുന്ന നടനാണ് ആന്‍സണ്‍ പോള്‍. കെ ക്യൂവില്‍ തുടങ്ങിയ അദേഹത്തിന്‍റെ ചലച്ചിത്രയാത്ര സോലോയില്‍ എത്തിനില്‍ക്കുന്നു. അഭിനയിച്ച സിനിമകളിലെല്ലാം വ്യത്യസ്തവും ശ്രദ്ധിക്കപ്പെട്ടതുമായ വേഷങ്ങള്‍. ജയസൂര്യ നായകനായ സു സു സുധി വാല്‍മീകം കയ്യടി നേടിയപ്പോള്‍ പരീക്ഷണ സിനിമയായ സോലോ വിമര്‍ശിക്കപ്പെട്ടു. ക്ലൈമാക്‌സ് മാറ്റി വിവാദത്തിലായ സോലോയെക്കുറിച്ചും സിനിമാ സ്വപ്‌നങ്ങളെക്കുറിച്ചും ആന്‍സണ്‍ പോള്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനുമായി സംസാരിക്കുന്നു. ജോമിറ്റ് ജോസ് നടത്തിയ അഭിമുഖം.
അഭിനയത്തിന്‍റെ കഥ
2013ല്‍ പുറത്തിറങ്ങിയ കെ ക്യൂവായിരുന്നു ആദ്യ ചിത്രം. പിന്നീടുള്ള മൂന്ന് വര്‍ഷം മികച്ച സിനിമയ്ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പ്. അങ്ങനെയാണ് സു സു സുധി വാല്‍മീകത്തിലേക്ക് ജയേട്ടന്‍ (ജയസൂര്യ) എന്നെ വിളിച്ചത്. സു സു സുധി വാല്‍മീകത്തിലെ വിജയ് ബാബു എന്ന കഥാപാത്രമാണ് കരിയറില്‍ ബ്രേക്ക് സമ്മാനിച്ച സിനിമ. വിജയ് ബാബു എന്നാണ് എന്‍റെ യഥാര്‍ത്ഥ പേരെന്ന് വിശ്വസിക്കുന്നവരുണ്ട്. അതിനുശേഷം ഊഴം, റെമോ, സോലോ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. നടനെന്ന നിലയില്‍ വെല്ലുവിളികള്‍ തരുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യം.
സോലോ എന്ന പരീക്ഷണം
റെമോയ്ക്ക് ശേഷം വ്യത്യസ്തമായ സിനിമ തേടി കാത്തിരിക്കുമ്പോളാണ് സോലോ വരുന്നത്. സംവിധായകന്‍ ബിജോയി നമ്പ്യാര്‍ ഊഴവും റെമോയും കണ്ട് സോലോയുടെ ഓഡീഷനിലേക്ക് എന്നെ വിളിച്ചു. തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുള്ള ഒരാളെയാണ് അണിയറപ്രവര്‍ത്തകര്‍ തെരഞ്ഞുകൊണ്ടിരുന്നത്. ശേഷം നവംബര്‍ 10ന് കൊച്ചിയില്‍ സോലോയുടെ ഷൂട്ടിംഗ് ആരംഭിച്ചു. വളരെയധികം പുതുമകള്‍ നിറഞ്ഞ പരീക്ഷണ സിനിമ എന്നതാണ് എന്നെ ആകര്‍ഷിച്ച പ്രധാന ഘടകം. ഒരു സംവിധായകനും ഒരു നായകനും നാല് കഥകളും ചേര്‍ന്ന ആദ്യ ആന്തോളജി സിനിമയാണ് സോലോ. നാല് ചെറു സിനിമകളിലും വ്യത്യസ്തരായ അഭിനേതാക്കള്‍. മൂന്ന് പേരാണ് ചിത്രത്തിന്‍റെ ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തത്.
ക്ലൈമാക്‌സും ആന്‍റിക്ലൈമാക്സും
യഥാര്‍ത്ഥ ഒരു സംഭവത്തില്‍ നിന്നാണ് സോലോയുടെ ക്ലൈമാക്‌സ് സൃഷ്ടിച്ചത്. എന്നാല്‍ എന്തുകൊണ്ടോ ചില പ്രേക്ഷകര്‍ക്ക് ക്ലൈമാക്‌സ് അരോചകമായി മാറി. നാല് ജോണറില്‍ എടുത്തിട്ടും സിനിമ വെല്ലുവിളികള്‍ നേരിട്ടത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല. എന്നാല്‍ പരീക്ഷണ ചിത്രം എന്ന നിലയില്‍ അണിയറപ്രവര്‍ത്തകരുടെ അവകാശവാദങ്ങള്‍ ഒന്നും തെറ്റിയിട്ടില്ല എന്നാണ് വിശ്വാസം. പുതുസിനിമയുടെ റിയലിസ്റ്റിക് പരീക്ഷണ ശൈലി തന്നെയാണ് സോലോയുടെ ക്ലൈമാക്‌സിലും സ്വീകരിച്ചത്. എന്നാലിപ്പോള്‍ സിനിമ കാണാന്‍ തിയേറ്ററില്‍ ആളെത്തുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്.
ജയസൂര്യ എന്ന സുഹൃത്ത്
വീണ്ടും ജയേട്ടനൊപ്പം സിനിമ ചെയ്യാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ട്. എന്നെ പോലുള്ള പുതിയ ആളുകള്‍ക്ക് വളരെയധികം പിന്തുണ നല്‍കുന്ന നടനാണ് ജയസൂര്യ. അദേഹത്തില്‍ നിന്ന് നമുക്ക് വളരെയധികം പഠിക്കാനുണ്ട്. ജയേട്ടനേടൊപ്പം ആടിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജയേട്ടനാണ് എന്നെ സു സു സുധി വാല്‍മീകത്തില്‍ കാസ്റ്റ് ചെയ്ത്ത്. ജയേട്ടന്‍ വളരെ വ്യത്യസ്തമായ വേഷത്തിലെത്തിയ ചിത്രത്തില്‍ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്.
സിനിമാമോഹം
തൃശ്ശൂര്‍ പുതുക്കാടുകാരനാണ് ഞാന്‍. പഠിച്ചത് ദുബായിലും ചെന്നൈയിലുമാണ്. ദുബായില്‍ നിന്ന് നാട്ടില്‍ വരുമ്പോള്‍ വിസിആര്‍ എടുത്ത് സിനിമകള്‍ കാണും. സുഹൃത്തുക്കളുമായി സിനിമകള്‍ കൈമാറ്റം ചെയ്യും. അന്ന് കുറച്ച് സിനിമകളെ കയ്യിലുള്ളൂ. അവ വീണ്ടും വീണ്ടും കാണും. അങ്ങനെയാണ് സിനിമാമോഹിയായത്. വിജയിച്ചതാണെങ്കിലും പരാജയപ്പെട്ടതാണെങ്കിലും സിനിമകള്‍ കാണും. അതിനുശേഷം ചെന്നെയില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി. പഠനകാലം മുതല്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തില്‍ നിന്നാണ് വരുന്നത്.
ആട് 2
ആട് ഒരു ഭീകര ജീവിയാണ് മലയാള സിനിമയുടെ ചരിത്രത്തിന്‍റെ ഭാഗമാണ്. പതിവ് ശൈലിയില്‍ നിന്ന് മാറി സഞ്ചരിച്ച സിനിമയായിരുന്നു അത്. ആദ്യമായാണ് തിയേറ്ററില്‍ വിജയിക്കാത്ത ഒരു പടത്തിന്‍റെ രണ്ടാം ഭാഗം ഇറങ്ങുന്നത്. ആടിന്‍റെ രണ്ടാം ഭാഗത്തില്‍ നല്ല ഒരു വേഷം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ അണിയറപ്രവര്‍ത്തകരും വളരെ പ്രതീക്ഷയിലാണ്. കാരണം നാളുകളായി മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഷാജിപ്പാപ്പന്‍റെയും സംഘത്തിന്‍റെയും രണ്ടാം വരവിനായി.
കല...വിപ്ലവം...പ്രണയം
കലാ വിപ്ലവം പ്രണയം എന്ന പുതിയ സിനിമ കൂടി വരുന്നുണ്ട്. ഗായത്രി സുരേഷ്, സൈജുകുറുപ്പ്, അലന്‍സിയര്‍, പാര്‍വതി, ബിജുകുട്ടന്‍, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് അഭിനേയതാക്കള്‍. നാടന്‍ സിനിമയാണ് കലാവിപ്ലവം പ്രണയം. ഇതുവരെ സിനിമയില്‍ നാടന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല. അതിനാല്‍ എനിക്ക് ആ കഥാപാത്രം വെല്ലുവിളിയാണ്. ആടിന്‍റെ രണ്ടാം ഭാഗവും നാടന്‍ ഗെറ്റപ്പില്‍ വരുന്ന പടമാണ്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുമ്പോളാണ് നടനെന്ന നിലയില്‍ കൂടുതല്‍ കരുത്ത് കിട്ടുന്നത്.
വിവാഹം VS സിനിമ
പ്രായമായില്ല, അതിനാല്‍ വിവാഹം കഴിഞ്ഞിട്ടില്ല. വീട്ടുകാര്‍ ചെന്നൈയിലും തൃശൂരിലുമായാണ് താമസം. സിനിമയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ച ഒരാളെന്ന നിലയ്ക്ക് മികച്ച വേഷങ്ങള്‍ ചെയ്യുക എന്നതാണ് ലക്ഷ്യം. പരമാവധി അതിനായി ശ്രമിക്കുക എന്നതാണ് മുന്നിലുള്ളത്. എന്നെ സംബന്ധിച്ച് മികച്ച അവസരങ്ങളായിരുന്നു അഭിനയിച്ച എല്ലാ സിനിമകളും. സിനിമയില്‍ ജീവിക്കുക എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള പ്രധാന കാര്യം.
ആരാധകര്‍ക്കൊപ്പം
കണ്ടിട്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ച് അഭിനന്ദിച്ച സിനിമയാണ് സോലോ. ജസ്റ്റില്‍ എന്ന കഥാപാത്രത്തിന് വളരെ നല്ല അഭിപ്രായം ലഭിച്ചു. അതിനാല്‍ ഇനിയുള്ള ചിത്രങ്ങളില്‍ കൂടുതല്‍ മികച്ച അഭിനയം കാഴ്ച്ചവെക്കാന്‍ ഞാന്‍ സന്നദ്ധനാണ്. നല്ല വേഷങ്ങള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന വെല്ലുവിളികളാണ് അവ. ആളുകളുടെ പ്രതീക്ഷ വളരെ ഉയരത്തിലാണ്...