രസിപ്പിക്കുന്ന രാമചന്ദ്രന്‍; 'അള്ള് രാമേന്ദ്രന്‍' റിവ്യൂ
ഇത്തരത്തിലൊരു കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ കരിയറില്‍ ആദ്യമായാവും അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്ക് തന്റെ സ്ഥിരം മാനറിസങ്ങളൊന്നും കണ്ടെത്താനാവാത്ത തരത്തില്‍ 'രാമേന്ദ്രനെ' നന്നായി അവതരിപ്പിച്ചിട്ടുണ്ട് ചാക്കോച്ചന്‍.
കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന സിനിമകളുടെ പേരുകളെക്കുറിച്ച് ചില ട്രോളുകള്‍ അടുത്തകാലത്ത് ഇറങ്ങിയിരുന്നു. പേരുകളിലെ കൗതുകം ആ സിനിമകള്‍ക്കില്ലെന്നായിരുന്നു ആ പരിഹാസങ്ങളുടെ ചുരുക്കം. അതേതായാലും അത്തരം ട്രോളുകള്‍ക്ക് വിധേയമാക്കാവുന്ന സിനിമയല്ല അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം 'അള്ള് രാമേന്ദ്രന്‍'. ബിലഹരി എന്ന നവാഗത സംവിധായകന്‍ ഒരുക്കിയിരിക്കുന്ന ചിത്രം പേരിലെ കൗതുകം ഉള്ളടക്കത്തിലും വഹിക്കുന്ന കോമഡി ഡ്രാമയാണ്.
രാമചന്ദ്രന്‍ എന്ന പൊലീസ് ഡ്രൈവറാണ് കുഞ്ചാക്കോ ബോബന്റെ നായകന്‍. 'അയല്‍പക്കത്തെ പാവം ചെറുപ്പക്കാരന്‍' എന്ന മിക്കവാറും കുഞ്ചാക്കോ ബോബന്‍ കഥാപാത്രങ്ങളുടെ പ്രതിച്ഛായയിലുള്ള ആളല്ല രാമചന്ദ്രന്‍. പരിചയപ്പെടുത്തി അല്‍പം കഴിയുമ്പോള്‍ത്തന്നെ അത് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നുണ്ട് സംവിധായകന്‍. വിവാഹശേഷം വീട്ടിലേക്കുള്ള യാത്രയ്ക്കിടെ രാമചന്ദ്രനും നവവധുവും സഞ്ചരിക്കുന്ന കാറിന്റെ ടയര്‍ പഞ്ചറാവുന്നു. തുടര്‍ദിവസങ്ങളില്‍ ജോലിയുടെ ഭാഗമായി പൊലീസ് ജീപ്പുമെടുത്തുള്ള സഞ്ചാരങ്ങളിലും അയാള്‍ക്ക് ഇതേ അനുഭവമുണ്ടാകുന്നു. തനിക്കിട്ട് പണിതരാന്‍ ആരോ ബോധപൂര്‍വ്വം അള്ള് വെക്കുന്നതാണെന്ന് പിന്നാലെ അയാള്‍ മനസിലാക്കുന്നു. ആരാണെന്ന് കണ്ടെത്താനോ തടയാനോ ആവുന്നുമില്ല. പതിയെ നാട്ടില്‍ 'അള്ള് രാമേന്ദ്രന്‍' എന്ന് ആളുകള്‍ അയാളെ രഹസ്യമായി സംബോധന ചെയ്ത് തുടങ്ങുന്നു. തന്റെ തൊഴിലിനെയും ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന തരത്തില്‍ 'അള്ള്' വെക്കുന്നയാളെ കണ്ടെത്താന്‍ രാമചന്ദ്രന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്ലോട്ട്.
കോമഡി ഡ്രാമ എന്ന ഴോണറിലാണ് എത്തിയിരിക്കുന്നതെങ്കിലും തുടക്കം മുതല്‍ എന്‍ഡ് ടൈറ്റില്‍സ് വരെ തമാശയ്ക്കുവേണ്ടിയുള്ള തമാശാനിര്‍മ്മാണമില്ല ചിത്രത്തില്‍. മറിച്ച് രാമചന്ദ്രന്‍ എന്ന പൊലീസ് ഡ്രൈവറുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു അപ്രതീക്ഷിത എപ്പിസോഡിനെ പിന്തുടരുകയാണ് ചിത്രം. ചിലതരം അപകര്‍ഷതാ ബോധങ്ങള്‍ പേറുന്ന രാമചന്ദ്രന്‍ എത്രത്തോളം male ego ഉള്ളയാളാണെന്നും തുടക്കത്തിലുള്ള ചില രംഗങ്ങളിലൂടെ സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. സ്‌റ്റേഷനില്‍ തന്റെ ബൈക്ക് സ്ഥിരമായി വെക്കുന്നിടത്ത് സഹപ്രവര്‍ത്തക ഒരിക്കല്‍ സ്വന്തം വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നത് പ്രശ്‌നമാക്കുന്നുണ്ട് അയാള്‍. നാട്ടില്‍ വളരെ കുറച്ച് ആളുകളോട് മാത്രം സൗഹൃദം പുലര്‍ത്തുന്ന അയാള്‍ 'അള്ള് രാമേന്ദ്രന്‍' എന്ന് തനിക്ക് പുതുതായി ചാര്‍ത്തിക്കിട്ടുന്ന വിളിപ്പേരില്‍ ആകെ അസ്വസ്ഥനാവുന്നുമുണ്ട്. ഒളിഞ്ഞിരുന്ന് ഏതോ ഒരു ശത്രു സ്ഥിരമായി അള്ള് വെക്കുന്നത് തൊഴിലിനെക്കൂടി ബാധിക്കുന്നതോടെ ആകെ പരിഭ്രാന്തനാവുകയാണ് രാമചന്ദ്രന്‍.
തുടക്കത്തിലെ ചില രംഗങ്ങള്‍ അല്‍പം കൂടി കണിശമായ എഡിറ്റിംഗ് അര്‍ഹിക്കുന്നുവെന്നായിരുന്നു കാഴ്ചാനുഭവം. ഒന്നോ രണ്ടോ ഷോട്ടുകളില്‍ പ്രേക്ഷകരുമായി വേഗത്തില്‍ ആശയവിനിമയം ചെയ്തുകഴിഞ്ഞ ചില സീനുകള്‍ അടുത്ത രംഗത്തിലേക്ക് പ്രവേശിക്കാതെ അല്‍പം നീണ്ടുപോകുന്നുണ്ട്. പക്ഷേ പ്രധാന പ്ലോട്ടിലേക്ക് പ്രവേശിച്ചുകഴിഞ്ഞതിന് ശേഷം സിനിമയുടെ രസച്ചരട് മുറിയുന്നില്ല. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇടവേള വരെ മറവിലിരിക്കുന്ന, പിന്നീട് വെളിച്ചപ്പെടുന്ന 'എതിരാളി'യും രാമചന്ദ്രനും തമ്മിലുള്ള സംഘര്‍ഷം ക്ലൈമാക്‌സ് വരെ രസകരമായി എത്തിച്ചിട്ടുണ്ട് രചയിതാക്കള്‍. ഇരുവര്‍ക്കുമിടയിലെ 'പോര്' വിശ്വസനീയവുമാണ്.
ഇത്തരത്തിലൊരു കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ കരിയറില്‍ ആദ്യമായാവും അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്ക് തന്റെ സ്ഥിരം മാനറിസങ്ങളൊന്നും കണ്ടെത്താനാവാത്ത തരത്തില്‍ 'രാമേന്ദ്രനെ' നന്നായി അവതരിപ്പിച്ചിട്ടുണ്ട് ചാക്കോച്ചന്‍. ഇന്‍ഹിബിഷന്‍സ് ഒക്കെയുള്ള, അപ്രതീക്ഷിതമായി മുന്നില്‍ വന്നുവീണ പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന രാമചന്ദ്രന്റെ സംഘര്‍ഷങ്ങള്‍ കുഞ്ചാക്കോ ബോബന്റെ കൈയില്‍ ഭദ്രമാണ്. ആദ്യ ഫ്രെയിം മുതല്‍ ക്ലൈമാക്‌സ് വരെയും ഒട്ടേറെ സൂക്ഷ്മമായ സ്വഭാവ സവിശേഷതകളുള്ള 'രാമേന്ദ്രനെ' തന്നെയാണ് സ്‌ക്രീനില്‍ കാണാനാവുക.
അല്‍ഫോന്‍സ് പുത്രന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട കൃഷ്ണ ശങ്കറാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. 'മഹേഷിന്റെ പ്രതികാര'ത്തിലെ 'ജിംസി'യുടെ പ്രതിച്ഛായയില്‍ നിന്ന് അപര്‍ണ ബാലമുരളിക്ക് പല ചിത്രങ്ങള്‍ക്ക് ശേഷവും മോചനം ലഭിച്ചിട്ടില്ല. 'അള്ള് രാമേന്ദ്രനി'ലെ സ്വാതിയും അത്തരം തോന്നല്‍ ഉളവാക്കുന്നുണ്ട്.
വിജയങ്ങളെ ഫോര്‍മുലകളാക്കുന്ന മുഖ്യധാരാ സിനിമയുടെ പതിവ് രീതികള്‍ക്ക് പുറത്തുനില്‍ക്കുന്ന, 'ഒറിജിനാലിറ്റി' അനുഭവപ്പെടുത്തുന്നുണ്ട് ബിലഹരിയുടേതായി തീയേറ്ററിലെത്തിയ ആദ്യസിനിമ. ഒഫിഷ്യല്‍ റീമേക്കുകളുടെയും 'ഇന്‍സ്പിരേഷനുകളു'ടെയും കാലത്ത് ഇവിടെ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു കഥയെ, തുടക്കക്കാരന്റേതായ ചില്ലറ പിഴവുകള്‍ക്കിടയിലും രസകരമായി അവതരിപ്പിക്കാനായിട്ടുണ്ട് അദ്ദേഹത്തിന്. ടിക്കറ്റെടുത്താല്‍ നഷ്ടം തോന്നാത്ത സിനിമയാണ് 'അള്ള് രാമേന്ദ്രന്‍'.