'മോഹന്‍ലാലിനെതിരേ വെടിയുതിര്‍ക്കാന്‍ തക്ക മണ്ടനല്ല ഞാന്‍'; അലന്‍സിയര്‍ പറയുന്നു

'ഞാന്‍ സിനിമാഭിനയം മതിയാക്കണമെങ്കില്‍ മതിയാക്കിത്തരാം. സിനിമാലോകത്തിനോ സമൂഹത്തിനോ ഒന്നും അതുകൊണ്ട് ഒരു നഷ്ടവും ഉണ്ടാവില്ല. കുറേക്കാലം കൊണ്ട് ആലോചിക്കുന്നുണ്ട്, ഈ പണിയങ്ങ് നിര്‍ത്തിയാലോ എന്ന്.'

alencier about controversy from state award ceremony
Author
Thiruvananthapuram, First Published Aug 11, 2018, 4:04 PM IST

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മോഹന്‍ലാലിന് നേര്‍ക്ക്  തോക്ക് ചൂണ്ടുന്ന തരത്തില്‍ കൈയാംഗ്യം കാണിച്ചതിന് നടന്‍ അലന്‍സിയറിനോട് വിശദീകരണം ചോദിച്ചരിക്കുകയാണ് താരസംഘടനയായ അമ്മ. ഈ വിഷയത്തില്‍ ഏഴ് ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കണമെന്നാണ് തനിക്ക് ലഭിച്ച കത്തെന്ന് അലന്‍സിയര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഒപ്പം ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ നിന്ന് തന്നെ ചുറ്റിപ്പറ്റി ആരംഭിച്ച വിവാദത്തെക്കുറിച്ചും അതിന്‍റെ യാഥാര്‍ഥ്യത്തെക്കുറിച്ചും സംസാരിക്കുന്നു അലന്‍സിയര്‍. ഒപ്പം സിനിമ നിര്‍ത്തിയാലോ എന്ന അടുത്തകാലത്തുണ്ടായ തന്‍റെ ആലോചനകളെക്കുറിച്ചും പറയുന്നു അദ്ദേഹം.

എന്താണ് താരസംഘടനയുടെ കത്ത്?

അവാര്‍ഡ്‍ദാന ചടങ്ങിനിടെ എന്തായിരുന്നു സംഭവിച്ചത് എന്നതിന് വിശദീകരണം നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. മറുപടി ഞാന്‍ കൊടുക്കും. ഒരു സംഘടന ആവുമ്പോള്‍ അതിന് ചില നിയമാവലികളൊക്കെ ഉണ്ടാവുമല്ലോ. ഒരു ക്ലാരിഫിക്കേഷന്‍ എനിക്കും പറയാനുണ്ട്. ആ മറുപടിയുടെ കോപ്പി മാധ്യമങ്ങള്‍ക്കും നല്‍കും. 

എന്താണ് ശരിക്കും ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സംഭവിച്ചത്?

ഒരു തെറ്റായ വ്യാഖ്യാനമാണ് ഉണ്ടായത്. മോഹന്‍ലാലിനെതിരായ പ്രതിഷേധമൊന്നും ആയിരുന്നില്ല അത്. വളരെ യാദൃശ്ചികമായി തമാശയ്ക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തെക്കുറിച്ചാണ് വലിയ ഗൗരവത്തോടെ വാര്‍ത്ത വന്നത്. അവാര്‍ഡ് വേദിയില്‍ നിന്ന് പോരുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചു, എന്തായിരുന്നു പ്രതിഷേധമെന്ന്. എന്ത് പ്രതിഷേധം, ഞാനൊരു പ്രതിഷേധവും നടത്തിയതായി ഓര്‍മ്മയില്ലല്ലോ എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. പിന്നാലെ, നടന്നതിനെക്കുറിച്ച് എനിക്ക് ഓര്‍മ്മയില്ല എന്ന് പറഞ്ഞതായി വാര്‍ത്ത വന്നു. ഞാന്‍ വിരല്‍ ചൂണ്ടി എന്ന് പറയുന്നത് സത്യം തന്നെയാണ്. ഒരു മനുഷ്യന് തമാശയ്ക്ക് ഒരു കൈയാംഗ്യം കാണിക്കാനുള്ള അവകാശം പോലുമില്ലേ? അത്രയും ഭീകരമാണോ നമ്മുടെ സമൂഹം? ഞാനിപ്പോള്‍ എന്ത് ചെയ്താലും, അത് കണ്ണിറുക്കലായാലും കൈയാംഗ്യമാണെങ്കിലും ഒക്കെയും പ്രതീഷേധം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. എന്ത് കഷ്ടമാണിത്? ഒന്ന് ചലിക്കാന്‍ പോലും പറ്റില്ല, ഒരു തമാശയ്ക്ക് പോലും ഇടമില്ല എന്ന അവസ്ഥയിലുള്ള ഒരു സമൂഹത്തിലാണ്, കാലത്തിലാണ് ജീവിക്കുന്നതെന്ന സങ്കടകരമായ അവസ്ഥയിലാണ് ഞാനിപ്പോള്‍. നിങ്ങളുടെ കൈ പോലും ബന്ധിക്കപ്പെടുകയാണെന്ന അവസ്ഥ ഭയപ്പെടുത്തുന്നു.

സത്യം പറഞ്ഞാല്‍ ഞാനന്ന് മൂത്രമൊഴിക്കാന്‍ മുട്ടി സ്റ്റേജിന്‍റെ മുന്നില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ ലാലേട്ടന്‍റെ പ്രസംഗം നടന്നുകൊണ്ടിരിക്കുകയാണ്. പ്രസംഗം ഒന്ന് തീര്‍ന്നുകിട്ടാന്‍വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. അത് തീര്‍ന്നനിമിഷം ഞാന്‍ചാടിയെണീറ്റ് വാഷ് റൂമിലേക്ക് പോകുമ്പോള്‍ കൈ തോക്ക് പോലെയാക്കി ഒരു തമാശ കാണിച്ചതാണ്. 'അയ്യോ ഇതൊന്ന് നിര്‍ത്തിത്തരുമോ' എന്നതായിരുന്നു അതിന്‍റെ എക്സ്പ്രഷന്‍. ഒരു സുഹൃത്തിനോട് കാണിക്കുന്ന തമാശയായിരുന്നു അത്. അതാണ് ഞാന്‍ സാങ്കല്‍പികമായി തോക്കുതിര്‍ത്ത് പ്രതിഷേധിച്ചു എന്നൊക്കെ വാര്‍ത്ത വന്നത്. മോഹന്‍ലാല്‍ എന്ന പ്രതിഭയ്ക്കെതിരേ വെടിയുതര്‍ക്കാന്‍ തക്ക മണ്ടനല്ല ഞാന്‍. ഈ സമൂഹം മുഴുവന്‍, ഇവിടുത്തെ സാംസ്കാരിക നായകര്‍ ഉള്‍പ്പെടെ ഒപ്പിട്ട് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ വെടി അദ്ദേഹത്തിന് ഏല്‍ക്കില്ല. ആ ഉത്തമബോധ്യം ഉള്ളയാളാണ് ഞാന്‍. 

alencier about controversy from state award ceremony

ഈ വാര്‍ത്തയ്ക്ക് ശേഷം മോഹന്‍ലാലുമായി സംസാരിച്ചിരുന്നോ?

മനോരമയുടെ ഈ വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ ലാലേട്ടനെ വിളിച്ച് സംസാരിച്ചു. വാര്‍ത്ത കണ്ടിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. വാര്‍ത്ത കണ്ടു, പക്ഷേ അതില്‍ പറയുന്ന സംഭവം എപ്പോള്‍ നടന്നുവെന്നാണ് അദ്ദേഹം ചോദിച്ചത്. ലാലേട്ടനൊപ്പം രണ്ട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് ഞാന്‍. ഞാന്‍ ഏറ്റവും ആരാധിക്കുന്ന നടന്മാരില്‍ ഒരാളുമാണ്. വളരെ സൗഹാര്‍ദ്ദത്തോടെ സംസാരിക്കുന്നവരാണ്. അലന്‍സിയര്‍ എന്താണ് ചെവിയില്‍ പറഞ്ഞതെന്നും പത്രക്കാര്‍ ചോദിച്ചെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. സുഖമല്ലേ എന്നാണ് ഞാന്‍ അന്ന് ചോദിച്ചത്. സ്റ്റേജിലേക്ക് കയറവേ മുഖ്യമന്ത്രി എന്നോട് ചോദിച്ചു, ഒന്ന് നടന്ന് വരുന്നത് കണ്ടിരുന്നല്ലോ എന്ന്. മൂത്രമൊഴിക്കാന്‍ പോയതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. 

'സിനിമ നിര്‍ത്തിയാലോ എന്ന് ആലോചനയുണ്ട്'

നിങ്ങള്‍ക്കെന്നെ നാളെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്നുണ്ടെങ്കില്‍ ആയിക്കോളൂ. എനിക്ക് ഒരു കുഴപ്പവുമില്ല. അന്‍പത് വയസിന് ശേഷമാണ് ഞാന്‍ സിനിമയിലെത്തിയത്. ആ അന്‍പത് വര്‍ഷങ്ങളും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചും ശബ്ദമുയര്‍ത്തണമെന്ന് തോന്നുന്ന കാര്യങ്ങളില്‍ പ്രതികരിച്ചുമൊക്കെത്തന്നെയാണ് വളര്‍ന്നുവന്നത്. ഞാന്‍ സിനിമാഭിനയം മതിയാക്കണമെങ്കില്‍ മതിയാക്കിത്തരാം. സിനിമാലോകത്തിനോ സമൂഹത്തിനോ ഒന്നും അതുകൊണ്ട് ഒരു നഷ്ടവും ഉണ്ടാവില്ല. കുറേക്കാലം കൊണ്ട് ആലോചിക്കുന്നുണ്ട്, ഈ പണിയങ്ങ് നിര്‍ത്തിയാലോ എന്ന്. ഒരു രസവും തോന്നുന്നില്ലല്ലോ എന്ന്. കുറച്ച് പൈസയും പ്രശസ്തിയും കിട്ടുന്നുവെന്നതല്ലാതെ, സന്തോഷം തരുന്ന ചില വേഷങ്ങളും സിനിമകളുമൊക്കെ വല്ലപ്പോഴുമേ സംഭവിക്കുന്നുള്ളൂ. ബാക്കിയൊക്കെ അവനവന്‍റെ അന്നത്തിന് വേണ്ടിയുള്ള, കുടുംബത്തെ പോറ്റാനുള്ള ഒരു തൊഴിലാണ്. സെക്രട്ടേറിയറ്റില്‍ രാവിലെ പോയി ഒപ്പിട്ട്, വൈകിട്ട് പോരുന്നതുപോലെ ഒരു പണിയായിട്ടേ സിനിമാഭിനയത്തെ ഇതുവരെ എനിക്ക് തോന്നിയിട്ടുള്ളൂ. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ക്കൊക്കെ എന്നെ അറിയാം. അത് അറിയാത്തവരാണ് ചെയ്ത ഒരു തമാശയെ ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത്. നിങ്ങള്‍ എന്നെ കൊന്നോളൂ, പക്ഷേ ഞാന്‍ ആത്മഹത്യ ചെയ്യില്ല. 

Follow Us:
Download App:
  • android
  • ios