ലിച്ചിയെ പ്രണയിക്കുന്നവരേ, സഖിയെ നിങ്ങള്‍ കാണാത്തതെന്ത്?
ലിച്ചിയെ എനിക്കുമിഷ്ടമാണ്.പക്ഷെ സഖിയെ മറന്നു കൊണ്ട് ലിച്ചിയെ സ്‌നേഹിക്കാന്‍ വയ്യെന്നു മാത്രം..
പെപ്പെയുടെ അഡ്ജസ്റ്റ്‌മെന്റ് പ്രണയത്തിന്റെ വിക്ടിമാണ് സഖി.
അവളെയങ്ങ് കെട്ടി ജര്‍മനിയിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യപ്പെട്ട് ഫിനാന്‍ഷ്യലി രക്ഷപ്പെടാം എന്നതാണ് പെപ്പെയുടെ പ്രണയത്തിന്റെ ലക്ഷ്യം.
മൈഗ്രേറ്റ് എന്ന് പറയുന്നില്ല. മന:പൂര്‍വമാണ്. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പെണ്ണുങ്ങളെ കല്യാണം കഴിച്ച് അങ്ങോട്ട് കയറ്റി അയക്കപ്പെടുന്ന ചെക്കന്മാരെ മൈഗ്രന്റ്‌സ് എന്നു വിളിക്കേണ്ട കാര്യമൊന്നുമില്ല. എല്ലാവരെയും ഉദ്ദേശിച്ചല്ല. പക്ഷെ മിക്കവരെയും ഉദ്ദേശിച്ചുമാണ്.
പെപ്പെയുടെ അഡ്ജസ്റ്റ്‌മെന്റ് പ്രണയത്തിന്റെ വിക്ടിമാണ് സഖി.
സഖി, പെപ്പെയെ സ്‌നേഹിച്ചത് ആത്മാര്‍ത്ഥമായിത്തന്നെയാണ്. ജീവിതത്തില്‍ കൂടെയുണ്ടാവണമെന്ന് അത്രമേല്‍ ആഗ്രഹിച്ചിട്ടുമാണ്. അതുകൊണ്ടാണല്ലോ അവള്‍ പപ്പയെയും അമ്മയെയും പെപ്പെയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതും, അവനെയും അവന്റെ ജീവിത സാഹചര്യങ്ങളെയും അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതും.
( ലിച്ചി പെപ്പെയെ പ്രണയമറിയിക്കുന്ന ആ ഒറ്റച്ചുംബനത്തെക്കാള്‍ എത്രയോ ചൂടുള്ളതായിരുന്നിരിയ്ക്കണം അന്ന് ഒരു ചുവരിന്റെ മറവില്‍ വച്ച് പെപ്പെ സഖിയ്ക്ക് കൊടുത്ത ചുംബനം.. പപ്പയും അമ്മയും ഭാവിയിലെ അമ്മായിഅമ്മയെന്നും നാത്തൂനെന്നും അവള്‍ വിശ്വസിച്ചിരുന്നവരും ആ ചുവരിനപ്പുറത്തുള്ളപ്പോള്‍ ആ ഉമ്മകളേറ്റുവാങ്ങിയ സഖിയുടെ പരിഭ്രമവും നാണവും അവളിലെ പ്രണയിനിക്കു മുന്നില്‍ തോറ്റുപോയതെനിയ്ക്കറിയാം..)
പെപ്പെ കൊലപാതകക്കേസില്‍ പ്രതിയായിട്ടും സഖി അവനെ വെറുത്തില്ല. ഭയന്നില്ല. ഉപേക്ഷിച്ചു പോയതുമില്ല.
അവന്റെ ഏത് അവസ്ഥയിലും അവള്‍ അവനെ പ്രണയിച്ചിട്ടേയുള്ളു.
സഖി പെപ്പെയെ വേണ്ടെന്നു വച്ചതല്ല.. പെപ്പെ അവളെയാണ് വേണ്ടെന്ന് വയ്ക്കുന്നത്.
അവരുടെ അവസാനത്തെ കൂടിക്കാഴ്ചയില്‍ പെപ്പെ എത്ര നിഷ്‌കരുണമായാണ് അവളുടെ പ്രണയത്തെ തള്ളിക്കളയുന്നത്. അവളുടെ ഹൃദയമുരുകി കണ്ണുകളിലൂടെ ഒഴുകി വരുമ്പോള്‍ കരയരുത്, ആരെങ്കിലും കാണുമെന്നവന്‍ പറയുന്നു. പക്ഷെ അവളുടെ വ്യഥ അവന്‍ കാണുന്നില്ല.
സഖി പെപ്പെയെ വേണ്ടെന്നു വച്ചതല്ല.. പെപ്പെ അവളെയാണ് വേണ്ടെന്ന് വയ്ക്കുന്നത്.
നെഞ്ചു പൊട്ടിയാണ് സഖി ജര്‍മ്മനിയിലേക്ക് പോയത്. കാലാന്തരത്തില്‍ അവള്‍ മറ്റൊരുവനെ വിവാഹം ചെയ്യുകയും അവനെ സ്‌നേഹിക്കുകയും ചെയ്യും.
പക്ഷെ, പെപ്പെ തന്നെ സ്‌നേഹിച്ചത് അവന്റെ സ്വാര്‍ത്ഥതയ്ക്കു വേണ്ടിയാണെന്നറിയാതെ ജീവിതാന്ത്യം വരെ അവനെയോര്‍മ്മിച്ചു കൊണ്ടേയിരിയ്ക്കും.
സഖിയെ എനിയ്ക്കറിയാം!
ലിച്ചിയെക്കുറിച്ച് ഷിബു ഗോപാലകൃഷ്ണന്‍ എഴുതിയ കുറിപ്പ്:
ലിച്ചിയെ പ്രേമിക്കാന്‍ എനിക്കുള്ള കാരണങ്ങള്‍!