അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ- കയ്യടിച്ചു ആഘോഷിക്കേണ്ട പരീക്ഷണങ്ങൾ
ആസിഫ് അലിയെ നായകനാക്കി രോഹിത് സംവിധാനം ചെയ്ത "അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' എന്ന സിനിമയുടെ നിരൂപണം. സുധീഷ് പയ്യന്നൂര്‍ എഴുതുന്നു
തമിഴ് സിനിമകളിൽ കഥയിലും അവതരണത്തിലും പരീക്ഷണങ്ങൾ വന്നു മാതൃക ആവുന്ന സമയത്തും കൊമേഴ്‌സ്യൽ ചുറ്റുപാടിൽ നിന്നും മാറി അത്തരം ചിത്രങ്ങൾ മലയാളത്തിൽ പരീക്ഷണത്തിന് മുതിരുന്നില്ല എന്നിടത്താണ് നവാഗതനായ രോഹിത് സംവിധാനം ചെയ്ത "അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ" ശ്രദ്ധേയമാവുന്നത്. ആസിഫ് അലി പ്രധാന കഥാപാത്രം ആയ ചിത്രത്തിൽ ഭാവന, സിദ്ദിക്ക്, കലാഭവൻ ഷാജോൺ, അജു വർഗീസ്, ശ്രിന്ദ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ ആയത്. ചിത്രത്തിന്റെ അണിയറയിലും ഏറെയും പുതു മുഖങ്ങൾ തന്നെ ആണ്.
ആസിഫ് അലിയുടെ സാഹസികതകള്‍; രോഹിത്തിന്റേയും!
പരമ്പരാഗത രീതിയിൽ കഥ പറയുന്ന രീതിക്കു പകരം കഥാപാത്രത്തെ പിന്തുടരുന്ന ആസ്വാദ്യകരമായ അവതരണം ആണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. സിനിമയും പശ്ചാത്തലവും ആദ്യം തന്നെ പ്രേക്ഷകന് മനസ്സിലായാൽ പിന്നെ ഓമനക്കുട്ടന്റെ കൂടെ ഉള്ള യാത്ര തന്നെ ആണ് ഗംഭീരം. പ്രകടനത്തിൽ ആസിഫ് അലിയെ അടയാളപ്പെടുത്തിയ പ്രകടനം തന്നെ ആണ് ഓമനക്കുട്ടൻ എന്ന കഥാപാത്രം. അജു വർഗീസും സിദ്ദിക്കും തമാശ രംഗങ്ങളില്‍ തകര്‍ക്കുന്നുണ്ട്. നല്ല പ്രകടനത്തോടെ ഭാവനയും നിറഞ്ഞു നിൽക്കുന്നു. ടെക്നിക്കൽ സൈഡിൽ സിനിമയിൽ എടുത്തു പറയേണ്ടത് തന്നെ ആണ് പശ്ചാത്തല സംഗീതം, ക്യാമറ, എഡിറ്റിംഗ് എന്നിവ.
നാടകീയതകയും തമാശയും ട്വിസ്റ്റും ഒക്കെ നിറഞ്ഞ സിനിമ തന്നെ ആണ് ഓമനക്കുട്ടൻ. നീളക്കൂടുതൽ കുറച്ചു മുഷിപ്പിക്കും എങ്കിലും ക്ലൈമാക്സില്‍ പൊട്ടിച്ചിരിക്കാനുള്ള വക സിനിമയിൽ ഉണ്ട്. സിനിമ കഴിഞ്ഞും ചിന്തിക്കാനുള്ള വക പ്രേക്ഷകനും. ഒരു പിടുത്തവും തരാതെ പോയ ആദ്യ പകുതിയും ഞെട്ടിച്ച ക്ളൈമാക്‌സും കാണേണ്ടത് തന്നെ ആണ്. വ്യത്യസ്തത ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് തീർച്ചയായും ടിക്കറ്റെടുത്തു കാണാം.
ഈ സിനിമ ഒരു കൂട്ടം ചെറുപ്പക്കാരുടെ തുടക്കം ആണ്. സിനിമ കണ്ട ഏതൊരാൾക്കും ഉറപ്പിക്കാം വരും കാല സിനിമ ചരിത്രത്തിൽ ഉറപ്പിക്കാൻ പറ്റിയ പേരുകൾ തന്നെ ആണ് ഇതെന്ന്. വെറും കാഴ്ചകൾക്കപ്പുറം പ്രേക്ഷകനോട് സംവദിക്കുന്ന ഒന്ന് തന്നെ ആണ് ഈ ചിത്രം. പരീക്ഷണങ്ങൾ വിരളം ആകുന്ന സമയത്തു തീർച്ചയായും പ്രോത്സാഹിക്കപ്പെടേണ്ട ഒന്ന് തന്നെ ആണ് ഈ സിനിമ.