നടി ഹണി റോസിൻ്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്, കേസെടുക്കും
4 മാസം മുമ്പ് നടന്ന ഉദ്ഘാടന പരിപാടിക്കിടെയാണ് നടിക്ക് ഇയാളിൽ നിന്ന് ദുരനുഭവം നേരിട്ടത്.
കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തേക്കും. ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് കേസെടുക്കാൻ തീരുമാനം. ബോബി ചെമ്മണൂരിനെതിരെ ഭാരതീയ ന്യായ സംഹിത (75)വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ജാമ്യമില്ലാ വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 4 മാസം മുമ്പ് നടന്ന ഉദ്ഘാടന പരിപാടിക്കിടെയാണ് നടിക്ക് ഇയാളിൽ നിന്ന് ദുരനുഭവം നേരിട്ടത്. തുടർന്ന് നടി പരാതി നൽകുകയായിരുന്നു. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. പിന്നീട് ഇക്കാര്യം തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയും നടി വെളിപ്പെടുത്തി.
ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു- എന്നാണ് ഹണി റോസ് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ പറയുന്നത്.
നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ കൊച്ചി പൊലീസ് ഫെയ്സ്ബുക്കിൽ നിന്ന് വിവരങ്ങൾ തേടി. പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് പൊലീസിന് കൈമാറിയിരുന്നു. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. അതേസമയം സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കെതിരെ നടി പരാതി നൽകിയിട്ടില്ലെന്നും കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി.
നിലവിലുള്ള 30 കേസുകൾക്ക് പുറമെ അശ്ലീല കമന്റ് ഇടുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉടനടി കേസെടുക്കാനാണ് തീരുമാനം. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കൊച്ചി പോലീസ് വ്യക്തമാക്കി. വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് താഴെ കമന്റിട്ടവരുടെ വിശദാംശങ്ങളും ഹണി റോസ് കൈമാറിയിട്ടുണ്ട്. ഒറിജിനൽ ഐഡിയിൽ നിന്ന് കമൻ്റ് രേഖപ്പെടുത്തിയവരുടെ സ്ഥലവും ഫോൺ നമ്പറും ഉപയോഗിച്ചാണ് സൈബർ പൊലീസ് കണ്ടെത്തുന്നത്. വ്യാജ ഐഡിയിലുള്ളവരെ കണ്ടെത്താൻ പൊലീസ് ഫെയ്സ്ബുക്കിനോടും വിവരങ്ങൾ തേടി. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കുമ്പളം സ്വദേശിക്ക് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8