അബ്രഹാമിന്‍റെ സന്തതികള്‍: മമ്മൂട്ടിയിലെ നടനെ കാണാം

  • മമ്മൂട്ടിയുടെ പ്രകടനം പ്രധാന ഹൈലൈറ്റ്
abrahaminte santhathikal review

മൂന്നര പതിറ്റാണ്ടിലേറെ നീളുന്ന കരിയറില്‍ മമ്മൂട്ടിയുടെ താരപരിവേഷം ഉയര്‍ത്തുന്നതില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട് പല കാലത്ത് അദ്ദേഹം കെട്ടിയാടിയ പൊലീസ് വേഷങ്ങള്‍. യവനികയിലെ ജേക്കബ് ഈരാളിയില്‍ പതിഞ്ഞ മട്ടില്‍, വിശ്വസനീയമായി തുടങ്ങി ആവനാഴിയിലെ ഇന്‍സ്‍പെക്ടര്‍ ബല്‍റാമിലൂടെ തീയേറ്ററുകളിലെ നിറഞ്ഞ കൈയടികളിലേക്ക് വളര്‍ന്നതാണ് മമ്മൂട്ടിയുടെ കാക്കിയണിഞ്ഞ സ്ക്രീന്‍ ഇമേജ്. ആ ഇമേജില്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമുള്ള വിശ്വാസം കൊണ്ടാവും കരിയര്‍ ഉയര്‍ച്ചതാഴ്‍ചകളുടെ ഏത് ഘട്ടത്തില്‍ നില്‍ക്കുമ്പൊഴും കാക്കിയിട്ട മമ്മൂട്ടിയുടെ നായകന്മാര്‍ വലിയ ഇടവേളകളില്ലാതെ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കരിയര്‍ മറ്റൊരു ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന അടുത്തകാലത്ത് അദ്ദേഹത്തിന്‍റേതായി പുറത്തുവന്ന പൊലീസ് വേഷങ്ങള്‍ കഥാപാത്രങ്ങളുടെ പേരുകള്‍ക്കപ്പുറത്ത് എന്തെങ്കിലും കൌതുകം അവശേഷിപ്പിക്കുന്നവയായിരുന്നില്ല. തീയേറ്റര്‍ ലിസ്റ്റിനൊപ്പമുള്ള പരസ്യവാചകം ട്രോള്‍ ആയെങ്കിലും മമ്മൂട്ടിയിലെ നടനെ പരിഗണിക്കുന്ന ചിത്രമാണ് അബ്രഹാമിന്‍റെ സന്തതികള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി തീയേറ്ററുകളിലെത്തുന്നവയില്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി മമ്മൂട്ടി സംഘര്‍ഷത്തിലൊന്നും ഏര്‍പ്പെടാതെ, നന്നായി പ്രത്യക്ഷപ്പെട്ട സിനിമയും.

ബോക്സ്ഓഫീസിലെ പരാജയകാലത്ത് മമ്മൂട്ടിക്ക് ഭേദപ്പെട്ട വിജയം സമ്മാനിച്ച ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് അബ്രഹാമിന്‍റെ സന്തതികളുടെ രചന. ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ നായകന്‍. ബ്യൂറോക്രാറ്റിക് സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ ആദര്‍ശം അടിയറ വെക്കാത്ത അയാളുടെ ധാര്‍മ്മികത, സ്വന്തം അനുജന്‍ പ്രതിയാവുന്ന ഒരു കേസ് മുന്നിലെത്തുന്നതോടെ ചോദ്യം ചെയ്യപ്പെടുന്നതും തുടര്‍ന്നെത്തുന്ന പ്രതിസന്ധികളും അതിജീവനവുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം. 

abrahaminte santhathikal review

ആരാധകര്‍ക്ക് മുന്നില്‍ മമ്മൂട്ടിയെ അവതരിപ്പിക്കാനായുള്ള തുടക്കം. ത്രില്ലര്‍ ഴോണറില്‍ മലയാളത്തിലെത്തുന്ന സിനിമകളുടെ നടപ്പുശീലമായ, നിഗൂഢതാസൃഷ്ടിക്കായി ക്രിസ്ത്യന്‍, ബിബ്ലിക്കല്‍ പശ്ചാത്തലത്തെ ഉപയോഗിക്കുന്നത് ഇവിടെയുമുണ്ട്. പശ്ചാത്തലസംഗീതത്തോടൊത്തുള്ള സ്ലോ മോഷന്‍ മൂവ്മെന്‍റ്സും എതിരാളികള്‍ക്കുമേല്‍ നേടുന്ന എളുപ്പത്തിലുള്ള വിജയവുമൊക്കെ ഇന്‍ട്രോഡക്ഷനില്‍ കാണുമ്പോള്‍ മാറിയകാലം മനസിലാക്കാതെ പിറന്ന സിനിമയാണോ എന്ന സംശയം സ്വാഭാവികം. ഏത് അഴിയാക്കുരുക്കും വിയര്‍പ്പൊഴുക്കാതെ അഴിച്ചെടുക്കാനുള്ള ചുമതല, താരഭാരം കൈമാറിയിട്ടുള്ളതിനാല്‍ മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കി ത്രില്ലറുകള്‍ ഒരുക്കുന്നത് സംവിധായകര്‍ക്ക് ഇന്ന് വലിയ വെല്ലുവിളിയാണ്. എന്നാല്‍ തുടക്കത്തില്‍ ലഭിക്കുന്ന ഈ 'ഈസി-ഗോ-ലക്കി' പ്രതിച്ഛായയിലല്ല രണ്ട് മണിക്കൂര്‍ 11 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ സംവിധായകന്‍ തുടര്‍ന്ന് അവതരിപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ സ്വയം ബോധ്യമാവാത്തതിനാല്‍, ആ കഥാപാത്രങ്ങളോട് മമ്മൂട്ടിയിലെ പരിചയസമ്പന്നായ അഭിനേതാവ് മുഖംതിരിച്ച് നില്‍ക്കുന്നതുപോലെ തോന്നിയിട്ടുണ്ട് അദ്ദേഹത്തിന്‍റെ പല സമീപകാല ചിത്രങ്ങളിലും. പക്ഷേ അതില്‍നിന്ന് വ്യത്യസ്തനാണ് ഡെറിക് അബ്രഹാമായി പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടി. ആദ്യാവസാനം ഒഴിച്ചുനിര്‍ത്തിയാല്‍ മികച്ച അണ്ടര്‍പ്ലേ അഭിനയം കാഴ്‍ച വച്ചിട്ടുണ്ട് അദ്ദേഹം. ഒന്നോ രണ്ടോ രംഗങ്ങളിലെ പ്രകടനം, ഉദാഹരണത്തിന് ജയിലില്‍ അനുജനെ കാണാനെത്തുമ്പോഴുള്ള സംഭാഷണം, ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയിലെ അഭിനേതാവ് സ്വയം പ്രകാശിപ്പിക്കുന്ന അനുഭവം തരുന്നുണ്ട്. തിരക്കഥയിലെ ആഴമില്ലായ്‍മയും പൊരുത്തക്കേടുകളുമൊക്കെ സിനിമ കണ്ടിരിക്കാന്‍ തടസ്സമാക്കാതിരിക്കുന്നതും മമ്മൂട്ടിയുടെ പ്രകടനമാണ്. 

abrahaminte santhathikal review

പ്രതീക്ഷയേകാതെ തുടങ്ങി, മമ്മൂട്ടിയുടെ പ്രകടനത്തിലൂടെ കണ്ടിരിക്കാന്‍ പ്രേരിപ്പിച്ച്, എന്നാല്‍ കഥാപാത്ര സംഭാഷണങ്ങളിലൂടെ ക്ലൈമാക്സിന് മുന്‍പ് ട്വിസ്റ്റുകളുടെ ത്രില്ലര്‍ കുരുക്കെല്ലാമഴിക്കുന്ന മലയാളത്തിന്‍റെ നടപ്പുശീലത്തില്‍ തന്നെയാണ് അബ്രഹാമിന്‍റെ സന്തതികളും. ചില കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുടെ പെരുമാറ്റരീതികളുമൊക്കെ പുതിയകാലത്തിന്‍റേതെന്ന തോന്നല്‍ ഉളവാക്കുമെങ്കിലും കഥ പറച്ചിലില്‍ ആ പുതുമയില്ല. ആല്‍ബിയുടെ ഛായാഗ്രഹണവും മഹേഷ് നാരായണന്‍റെ എഡിറ്റിംഗും ചേര്‍ന്ന് 'പഴയതല്ലാത്ത' ഒരു ദൃശ്യഭാഷ സിനിമയ്ക്ക് നല്‍കുന്നുണ്ടെങ്കിലും. ഗോപി സുന്ദറിന്‍റെ പശ്ചാത്തലസംഗീതവും ആ ദൃശ്യഭാഷയെ സഹായിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ സമീപകാല സിനിമകളിലെ പല അനാവശ്യ ഘടകങ്ങളും ഒഴിവാക്കി, വൈകാരിക അംശങ്ങളിലൊക്കെ ശ്രദ്ധിച്ചിട്ടുണ്ട് ഷാജി പാടൂര്‍ ആദ്യ സിനിമയില്‍. എന്നാല്‍ കഥാപാത്രങ്ങളുടെ, വിശേഷിച്ചും ജ്യേഷ്ഠാനുജന്മാരുടെ (മമ്മൂട്ടി, ആന്‍സണ്‍ പോള്‍) വൈകാരികതയില്‍ ഊന്നി ഒരു ഇമോഷണല്‍ ത്രില്ലറായി വളരാനുള്ള ഉള്ളടക്കം തിരക്കഥയില്‍ ഇല്ലതാനും. മമ്മൂട്ടി കഥാപാത്രത്തിന്‍റെ അനുജന്‍ ഫിലിപ്പ് അബ്രഹാമായി ആന്‍സണ്‍ പോളിന്‍റെ കാസ്റ്റിംഗ് നന്നായി.  അഭിനയത്തിനൊപ്പം സംഭാഷണങ്ങളും റിയലിസ്റ്റിക് ആയിത്തുടങ്ങിയ കാലത്ത് അബ്രഹാമിന്‍റെ സന്തതികളില്‍ അതിന് വ്യത്യാസമുണ്ട്. മമ്മൂട്ടി ഒഴികെയുള്ള പ്രധാന കഥാപാത്രങ്ങളുടെ ചില സംഭാഷണങ്ങളും അപ്രധാന കഥാപാത്രങ്ങളുടെ മിക്ക സംഭാഷണങ്ങളും തിരക്കഥാകൃത്ത് പേപ്പറില്‍ പകര്‍ത്തിയത് ഡബ്ബിംഗ് സമയത്ത് നോക്കി വായിച്ച അനുഭവമാണ് നല്‍കുന്നത്.

abrahaminte santhathikal review

കുറവുകളെല്ലാം നിലനില്‍ക്കുമ്പോള്‍ത്തന്നെ ഒരു തവണ കാഴ്ചയ്ക്ക് പരിഗണിക്കാവുന്ന ചിത്രമാണ് അബ്രഹാമിന്‍റെ സന്തതികള്‍. 131 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം വിരസമാകുന്നത്, അത് കഥാപാത്ര സംഭാഷണങ്ങളിലൂടെ ക്ലൈമാക്സ് വെളിപ്പെടുത്തുന്നതുപോലെയുള്ള, മലയാളത്തിലെ സ്ഥിരം 'ത്രില്ലര്‍' ക്ലീഷേകളെ പുല്‍കുമ്പോഴാണ്. അടുത്തകാലത്തിറങ്ങിയ പല മമ്മൂട്ടി സിനിമകളില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിലെ നടനെ കാണാനും അബ്രഹാമിന്‍റെ സന്തതികള്‍ പരിഗണിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios