ആമി- കഥാകാരിയുടെ ജീവിതം വീണ്ടും കൂട്ടിച്ചേര്‍ക്കുമ്പോള്‍
ഏതൊരു വീക്ഷണകോണില്‍ വിലയിരുത്തുമ്പോഴും പുതിയ മാനങ്ങള്‍ ലഭിക്കുന്ന ഒരു അപൂര്‍വ്വ വ്യക്തിത്വമായിരുന്നു മാധവികുട്ടി അഥവ കമലാ സുരയ്യ. സാഹിത്യകാരി എന്നതിനപ്പുറം മലയാളി ഹൃദയങ്ങളില്‍ മറ്റെന്തൊക്കെയോ ആയിരുന്നു ആമി. ആ ആമിയെ സെല്ലുലോയ്ഡില്‍ പകര്‍ത്താന്‍ കമല്‍ നടത്തിയ ശ്രമമാണ് ആമി എന്ന ചിത്രം. മാധവികുട്ടിയായി സ്ക്രീനില്‍ നിറഞ്ഞാടുന്നത് മഞ്ജു വാര്യര്‍. വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനപ്പുറം, മാധവികുട്ടി വരച്ചിട്ട തന്‍റെ ജീവിത വരികളെ പിന്‍പറ്റുന്ന ആവിഷ്കാര ശൈലി, ഒരു ബയോപിക് എന്ന രീതിയില്‍ കമലിന്‍റെ ചിത്രം വിജയകരമായി പൂര്‍ത്തിയാക്കുന്നുണ്ട്.
ഒരു നേര്‍രേഖയില്‍ മാധവിക്കുട്ടിയുടെ ജീവിതം പറയുകയല്ല കമല്‍ ചെയ്യുന്നത്. തനിക്ക് മൂന്ന് ഭാഷകള്‍ അറിയാം, അതില്‍ രണ്ടെണ്ണത്തില്‍ ഞാന്‍ എഴുതുന്നു, ഒന്നില്‍ ജീവിക്കുന്നു എന്ന മാധവിക്കുട്ടിയുടെ വാക്കിലാണ് ചിത്രം തുടങ്ങുന്നത്. മാധവിക്കുട്ടി പറയുന്ന മൂന്നാം ഭാഷ സ്നേഹമാണ് എന്ന് മനസിലാക്കാനും, പ്രേമമായും സ്നേഹമായും, വത്സല്യമായും അതിന്‍റെ വകഭേദങ്ങള്‍ പറ്റി ആമി വളരുന്നു എന്നതും ചിത്രത്തില്‍ രേഖപ്പെടുത്തുന്നു. സെല്ലുലോയ്ഡ് തൊട്ട് ബയോപിക് ശൈലിയില്‍ കമലിന് കമ്പം കൂടിയിട്ടുണ്ടെന്ന് പ്രേക്ഷകന് തോന്നും, അത് എന്തുകൊണ്ടാണെന്ന് നാലപ്പാട് തറവാടും, അവിടെ നാലപ്പാട് നാരായണ മേനോനെയും, ചങ്ങമ്പുഴയെയും, കുട്ടികൃഷ്ണ മാരാരെയും വള്ളത്തോളിനെയും ഒക്കെ തിരശ്ശീലയില്‍ എത്തിക്കുന്നത് കാണുമ്പോള്‍ വ്യക്തമാകും.
സംവിധായകന്‍ തന്നെ രചിച്ച തിരക്കഥയില്‍, രാധ-കൃഷ്ണ പ്രേമത്തിന്‍റെ ഉള്‍പ്രവാഹത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. മാധവികുട്ടിയുടെ മനസിലെ കൃഷ്ണനായി രംഗങ്ങളില്‍ അവതരിക്കുന്നത് ടൊവിനോ തോമസാണ്. ആമി തളരുകയും മടുക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാം പ്രേരണയായി സ്ക്രീനില്‍ കൃഷ്ണനെത്തുന്നുണ്ട്. കമല്‍ കഥ പറച്ചിലില്‍ സ്വീകരിച്ച കൃഷ്ണനെന്ന സങ്കല്‍പ്പം ആമി എന്ന ഒരു യഥാര്‍ത്ഥ ജീവിതത്തെ സിനിമാറ്റിക്കായ ഫിക്ഷനിലേക്ക് ഉയര്‍ത്തുന്നു എന്ന് പറയാം. പക്ഷെ ആമി ഇത്രയും ഫിക്ഷനായിരുന്നു എന്ന് മാധവിക്കുട്ടിയുടെ വരികളില്‍ ജീവിക്കുന്ന പ്രേക്ഷകനെ ഇത് തൃപ്തിപ്പെടുത്തുമായിരിക്കും.
ട്രെയിലര്‍ അടക്കം പുറത്തിറങ്ങിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് ആമിയായി എത്രത്തോളം മഞ്ജു വാര്യര്‍ എന്ന നടി മാറി എന്ന ചോദ്യമായിരുന്നു. അതിനെ പൂര്‍ണ്ണമായി അല്ലെങ്കിലും ഏറെക്കുറേ തൃപ്തിപ്പെടുത്തുന്നു മഞ്ജുവിലെ നടി. പക്ഷെ ഡബ്ബിംഗിലും മറ്റും വരുന്ന പാളിച്ചകള്‍ ചിലപ്പോള്‍ ഒരു കല്ലുകടിയായി പ്രേക്ഷകന് അനുഭവപ്പെട്ടേക്കാം. ഭാവതീവ്രമായ രംഗങ്ങളെ കൈയ്യടക്കത്തോടെ ഉള്‍കൊള്ളുന്ന മഞ്ജു പക്ഷെ പ്രണയ തീവ്രമായ ചില രംഗങ്ങളില്‍ ആ നിലയില്‍ തൃപ്തിപ്പെടുത്തുന്നില്ല എന്നതാണ് സത്യം. എടുത്തു പറയേണ്ട പ്രകടനം മാധവികുട്ടിയുടെ ഭര്‍ത്താവ് ദാസായി അഭിനയിച്ച മുരളീ ഗോപിയുടെ പ്രകടനമാണ്..
മാധവികുട്ടിയുടെ ജീവിതത്തെ അവരുടെ എഴുത്തിന്‍റെ വെളിച്ചത്തില്‍ കാണുന്നു എന്നതിനൊപ്പം അതിന് പല അടരുകള്‍ നല്‍കാന്‍ സംവിധായകന് കഴിയുന്നുണ്ട്. പ്രത്യേകിച്ച് നാലപ്പാട് തറവാടും പുന്നയൂർ കുളവും നീർമാതളവും ഒക്കെ ചേരുന്ന കുട്ടിക്കാലവും, കൗമാരവും പെട്ടെന്നുള്ള വൈവാഹിക ജീവിതവും. പിന്നീട് ആമിയെന്ന് എഴുത്തുകാരിയും അവരുടെ ഡിപ്രഷനും, പിന്നെ വിധവയാകുകയും കോളിളക്കമാകുന്ന മതംമാറ്റകാലം. ഇങ്ങനെ പല അടരുകളിലൂടെ ഒരു ടൈം ലൈന്‍ പോലെ ആമിയുടെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നില്‍ അനാവരണമാവുകയാണ്. ചില സ്ഥലങ്ങളില്‍ നാടക സങ്കേതങ്ങള്‍ ഉപയോഗിച്ച് ആമിയുടെ മാനസിക സംഘര്‍ഷങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമം സംവിധായകന്‍ നടത്തുന്നു. സിനിമാറ്റിക്ക് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തരം കാഴ്ചകള്‍ ഒരു കമല്‍ ചിത്രത്തില്‍ കാണാന്‍ കഴിയാത്തത് തന്നെയാണ്.
സാങ്കേതികമായി കമല്‍ ചിത്രങ്ങളില്‍ ആമി അടുത്തകാലത്ത് കണ്ട ഏറ്റവും മികവുറ്റ പടമാണെന്ന് പറയാം, രംഗങ്ങളുടെ വൈകാരികതയും തീവ്രതയും സൗന്ദര്യവും ചോരാതെ മധു നീലകണ്ഠന്റെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു. ദശാബ്ദങ്ങള്‍ക്ക് മുന്‍പുള്ള മുംബൈയിലെയും കൽക്കട്ടയിലെയും തെരുവുകളെയും മറ്റും അവതരിപ്പിക്കുന്ന കലാസംവിധാനം മികച്ചതാണ്. ബിജിപാലിന്‍റെ പാശ്ചാത്തല സംഗീതം ചിത്രത്തിന് ആത്മാവ് നല്‍കുമ്പോള്‍. എം ജയചന്ദ്രന്‍റെ ഗാനങ്ങളും, തയ്യിക്ക് ഖുറേഷിയുടെ ഗസലും ചിത്രത്തോടൊപ്പം അലിഞ്ഞ് നില്‍ക്കുന്നു.
തന്‍റെ വിധവാ ജീവിതത്തില്‍ മാധവികുട്ടിയില്‍ നിന്ന് കമലാ സുരയ്യയിലേക്കുള്ള മതം മാറ്റത്തിന് പിന്നിലെ സംഭവങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിക്കുന്നു. വിവാദങ്ങള്‍ ഒഴിവാക്കാനായി ഇന്നത്തെക്കാലത്തെക്കുടി അഭിമുഖീകരിച്ചാണ് വർഗീയ സംഘർഷത്തിന്‍റെ വക്കില്‍ നിന്ന് കമലയുടെ മതം മാറ്റത്തെ കമല്‍ അവതരിപ്പിക്കുന്നത്.