അസാധാരണ കാഴ്‌ചകളുടെ '9'; റിവ്യൂ

സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ആദ്യ പ്രോജക്ടായി, മലയാളസിനിമയുടെ സാമ്പ്രദായിക ഫോര്‍മാറ്റുകളിലൊന്നുമുള്ള ഒരു സിനിമയിലല്ല പൃഥ്വിരാജ്‌ മുതല്‍ മുടക്കിയിരിക്കുന്നത്‌. സയന്‍സ്‌ ഫിക്ഷന്റെയും ഫാന്റസിയുടെയും ഹൊററിന്റെയുമൊക്കെ അംശങ്ങളുള്ള '9' ആത്യന്തികമായി ഒരു സൈക്കോളജിക്കല്‍ ഡ്രാമയാണ്‌.

9 movie review

തീയേറ്ററുകളില്‍ 'ഫീല്‍ ഗുഡ്‌ എന്റര്‍ടെയ്‌നറുകള്‍'ക്ക്‌ മേല്‍ക്കൈയുള്ള കാലമാണിത്‌. റിലീസിന്‌ ശേഷമുള്ള ഒന്നോ രണ്ടോ ആഴ്‌ചകളില്‍ സിനിമയുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്ന കാലത്ത്‌ അത്തരം സിനിമകളില്‍ മുതല്‍മുടക്കാനാണ്‌ നിര്‍മ്മാതാക്കള്‍ക്കും താല്‍പര്യം. കാരണം വൈവിധ്യമുള്ള സിനിമകള്‍ക്ക്‌ പറഞ്ഞുകേട്ട്‌ ആളെത്തിത്തുടങ്ങുമ്പോഴേക്കും തീയേറ്ററുകളില്‍ ഹോള്‍ഡ്‌ ഓവറാവാനുള്ള സാധ്യതയെ അവര്‍ ഭയക്കുന്നു. പക്ഷേ സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ആദ്യ പ്രോജക്ടായി, മലയാളസിനിമയുടെ സാമ്പ്രദായിക ഫോര്‍മാറ്റുകളിലൊന്നുമുള്ള ഒരു സിനിമയിലല്ല പൃഥ്വിരാജ്‌ മുതല്‍ മുടക്കിയിരിക്കുന്നത്‌. സയന്‍സ്‌ ഫിക്ഷന്റെയും ഫാന്റസിയുടെയും ഹൊററിന്റെയുമൊക്കെ അംശങ്ങളുള്ള '9' ആത്യന്തികമായി ഒരു സൈക്കോളജിക്കല്‍ ഡ്രാമയാണ്‌.

ആല്‍ബര്‍ട്ട്‌ ലൂയിസ്‌ എന്ന പേരുകേട്ട ജ്യോതിശാസ്‌ത്രജ്ഞനാണ്‌ പൃഥ്വിരാജിന്റെ നായക കഥാപാത്രം. മലയാളത്തിന്റെ സ്‌ക്രീനില്‍ ഇതുവരെ കാണാത്ത സ്‌കെയിലിലുള്ള ഒരു സയന്‍സ്‌ ഫിക്ഷന്‍ നരേറ്റീവോടുകൂടിയാണ്‌ ചിത്രത്തിന്റെ തുടക്കം. വലുപ്പത്തില്‍ അസാധാരണത്വമുള്ള ഒരു ഉല്‍ക്ക ഭൂമിക്ക്‌ സമീപത്തുകൂടി കടന്നുപോകുന്ന നിര്‍ണായകമായ ഒന്‍പത്‌ ദിനങ്ങള്‍ അടുക്കുന്നതിന്റെ വാര്‍ത്തകളാണ്‌ ലോക മാധ്യമങ്ങളിലെല്ലാം. ആ ഒന്‍പത്‌ ദിവസങ്ങളില്‍ ഭൂമിയില്‍ വൈദ്യുതി വിതരണമടക്കം തടസ്സപ്പെടുകയും മനുഷ്യന്‍ നിത്യജീവിതത്തില്‍ ആശ്രയിക്കുന്ന യന്ത്രസഹായങ്ങളൊക്കെ നിശ്ചലമാവുകയും ചെയ്യും. ഒരുപക്ഷേ മനുഷ്യന്റെ സാമൂഹികജീവിതം തന്നെ താളംതെറ്റിയേക്കാവുന്ന, ആധുനികമല്ലാത്ത ഒരു കാലത്തേക്ക്‌ പൊടുന്നനെ നയിക്കപ്പെടാവുന്ന ഒന്‍പത്‌ ദിനങ്ങള്‍. മുഴുവന്‍ ലോകത്തിനും നിര്‍ണായകമായ ആ ഒന്‍പത്‌ ദിവസങ്ങളില്‍ ജ്യോതി ശാസ്‌ത്രജ്ഞനായ ആല്‍ബര്‍ട്ടിന്റെ പ്രൊഫഷണല്‍ ജീവിതത്തിനൊപ്പം വ്യക്തിജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളിലേക്ക്‌ കൂടിയാണ്‌ സിനിമയുടെ നോട്ടം.

9 movie review

ഭാര്യ ആനിയുടെ വേര്‍പാടിനോട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷവും വൈകാരികമായി പൊരുത്തപ്പെടാനാവാത്തയാളാണ്‌ ആല്‍ബര്‍ട്ട്‌. ഏഴ്‌ വയസ്സുകാരന്‍ മകന്‌ മുന്നില്‍ സ്‌നേഹസമ്പന്നനായ അച്ഛനാവാനും കഴിയാത്തയാള്‍. വാല്‍നക്ഷത്രത്തിന്റെ കടന്നുവരവ്‌ സംഭവിക്കുന്ന ഒന്‍പത്‌ ദിനങ്ങളില്‍ ഡോ ഇനായത്ത്‌ ഖാന്‍ (പ്രകാശ്‌ രാജ്‌) എന്ന തന്റെ ഗുരുസ്ഥാനത്തുള്ള ആസ്‌ട്രോ ഫിസിസിസ്റ്റിന്റെ ആവശ്യപ്രകാരം ഒരു പ്രോജക്ട്‌ ഏറ്റെടുക്കുകയാണ്‌ അയാള്‍. രണ്ട്‌ സഹപ്രവര്‍ത്തകര്‍ക്കും മകനുമൊപ്പം അതിനായി ഹിമാലയന്‍ താഴ്‌വരകളിലേക്ക്‌ പോവുന്നു ആല്‍ബര്‍ട്ട്‌. മനുഷ്യജീവിതം പ്രതിസന്ധിയെ നേരിടുന്ന, നിര്‍ണായകമായ ആ ഒന്‍പത്‌ ദിനങ്ങള്‍ ടൈം പിരീഡ്‌ ആക്കി ആല്‍ബര്‍ട്ടിനും, സഹപ്രവര്‍ത്തകരും മകനുമടക്കമുള്ള ചുരുക്കം കഥാപാത്രങ്ങള്‍ക്കുമൊപ്പം ഹിമാലയന്‍ ഭൂപ്രകൃതിയിലേക്ക്‌ കാണിയെ കൊണ്ടുപോവുകയാണ്‌ സംവിധായകന്‍ ജെനൂസ്‌ മുഹമ്മദ്‌. മേല്‍പറഞ്ഞതുപോലെ ഒരു സയന്‍സ്‌ ഫിക്ഷന്റെയും ഹൊറര്‍ ചിത്രത്തിന്റെയും സൈക്കോളജിക്കല്‍ ത്രില്ലറിന്റെയുമൊക്കെ അംശങ്ങള്‍ ഇടകലരുന്ന 149 മിനിറ്റ്‌ നരേറ്റീവില്‍ മുന്നോട്ടുപോവുന്നു 9.

ലുക്ക്‌ ആന്റ്‌ ഫീലില്‍ ഒരു സാധാരണ മലയാളചിത്രമല്ല 9. ഛായാഗ്രഹണവും വിഎഫ്‌എക്‌സുമൊക്കെ മികച്ച നിലവാരം പുലര്‍ത്തുന്നു. ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ ആമേനും ഡബിള്‍ ബാരലുമൊക്കെ ചിത്രീകരിച്ച ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജമാണ്‌ 9ന്റെ സിനിമാറ്റോഗ്രഫി. വിഷ്വല്‍സിന്‌ അതീവപ്രാധാന്യമുള്ള നരേറ്റീവിനെ, ഒരര്‍ഥത്തില്‍ ഒരു 'ഴോണര്‍ ബെന്റര്‍' (genre bender) കൂടിയായ സിനിമയെ ഗംഭീര ദൃശ്യാനുഭവമാക്കിയിരിക്കുന്നു അഭിനന്ദന്‍. അയാളുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ക്ക്‌ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാറ്റോഗ്രാഫിക്ക്‌ വര്‍ക്കുകളിലൊന്നാവും 9 എന്ന ചിത്രത്തിന്റേത്‌. ഹിമാലയന്‍ പശ്ചാത്തലത്തിലെ, വൈദ്യുതിവിളക്കുകളില്ലാത്ത രാത്രിയാണ്‌ ദൃശ്യപരമായി ചിത്രത്തിന്റെ ഹൈലൈറ്റ്‌. ലോ ലൈറ്റ്‌ ഫോട്ടോഗ്രഫിക്ക്‌ പേരുകേട്ട റെഡ്‌ ജെമിനി 5കെയില്‍ ചിത്രീകരിച്ചതിന്റെ ഗുണം ശരിക്കും വിസിബിള്‍ ആണ്‌ സ്‌ക്രീനില്‍. അപൂര്‍വ്വ പ്രതിഭാസം സംഭവിക്കുമ്പോഴത്തെ ആകാശദൃശ്യങ്ങളും മറ്റും മിനിമല്‍ എന്ന്‌ വിശേഷിപ്പിക്കാവുന്ന വിഎഫ്‌എക്‌സിലൂടെ വിശ്വസനീയമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌.

9 movie review

നടന്‍ എന്ന നിലയില്‍ പൃഥ്വിരാജിന്‌ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല ആല്‍ബര്‍ട്ട്‌. അതേസമയം വ്യക്തിജീവിതത്തില്‍ വൈകാരിക പ്രതിസന്ധി നേരിടുന്ന, ആല്‍ബര്‍ട്ട്‌ എന്ന ആസ്‌ട്രോ ഫിസിസിസ്റ്റ്‌ ഏത്‌ അഭിനേതാവിനും താല്‍പര്യമുണ്ടാക്കുന്ന ഒരു പാത്രസൃഷ്ടിയുമാണ്‌. പൃഥ്വിരാജിന്റെ കൈയില്‍ ഭദ്രമാണ്‌ ആല്‍ബര്‍ട്ട്‌. അയാള്‍ വൈകാരികമായ പ്രതിസന്ധിയില്‍ പെടുന്ന അവസാനരംഗങ്ങളില്‍ പൃഥ്വിരാജിന്റെ മികച്ച പ്രകടനവും കാണാം. ആല്‍ബര്‍ട്ടിന്റെ മകന്‍ ആദമായി മാസ്റ്റര്‍ അലോകിന്റേതാണ്‌ ചിത്രത്തിലെ ഏറ്റവും മികച്ച കാസ്‌റ്റിംഗ്‌. വൈകാരികമായി ഒറ്റപ്പെടലും സവിശേഷസാഹചര്യത്തിന്റെ ഭയവുമൊക്കെ പേറേണ്ടിവരുന്ന ഏഴ്‌ വയസ്സുകാരനുമായി കാണിക്ക്‌ താദാത്മ്യപ്പെടാനാവും അലോകിന്റെ പ്രകടനത്തിലൂടെ. ഗോദയിലെ അതിഥി സിംഗിന്‌ ശേഷം പഞ്ചാബി അഭിനേത്രി വമിഖ ഗബ്ബിയുടെ മികച്ച തെരഞ്ഞെടുപ്പാണ്‌ ഏവ എന്ന കഥാപാത്രം. ഗോദയില്‍ നിന്ന്‌ ലഭിച്ച പ്രതിച്ഛായയുമായി ഒരുതരത്തിലും ബന്ധമില്ലാത്ത കഥാപാത്രത്തെ വമിഖ നന്നായി സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്‌.

സിനിമ പരാമര്‍ശിക്കുന്ന ഉല്‍ക്കയുടെ കടന്നുവരവ്‌ നായകന്റെ പോയിന്റ്‌ ഓഫ്‌ വ്യൂവില്‍, ഹിമാലയന്‍ താഴ്‌വരയിലെ ചെറുപട്ടണത്തിലെ വൈദ്യുതി വിളക്കുകള്‍ കെട്ടുപോകുന്ന രാത്രിദൃശ്യത്തിലൂടെയാണ്‌ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്‌. വിഭിന്നങ്ങളായ ഴോണര്‍ സിനിമകളുടെ അംശങ്ങള്‍ ഇഴചേര്‍ത്തുള്ള നരേറ്റീവ്‌ മോശം സംവിധാനത്തില്‍ അമ്പേ പൊളിഞ്ഞുവീഴാന്‍ സാധ്യതയുള്ള ഒന്നായിരുന്നു. അക്കാര്യത്തില്‍ ജെനൂസ്‌ മുഹമ്മദ്‌ കരിയറിലെ രണ്ടാംചിത്രത്തില്‍ വിസ്‌മയിപ്പിക്കുന്നുണ്ട്‌. ആദ്യചിത്രമായ 100 ഡെയ്‌സ്‌ ഓഫ്‌ ലവില്‍ നിന്ന്‌ എല്ലാത്തരത്തിലും വ്യത്യാസപ്പെട്ട ഈ ചിത്രം സാധ്യമാക്കിയതില്‍ സംവിധായകന്‍ എന്ന നിലയില്‍ അയാളുടെ കൈയൊപ്പുണ്ട്‌. പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സിനൊപ്പം സോണി പിക്‌ചേഴ്‌സ്‌ കൂടി ചേര്‍ന്നാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും. ഇന്ത്യന്‍ പ്രാദേശിക ഭാഷാസിനിമകളിലെ സോണിയുടെ ആദ്യ രംഗപ്രവേശം കൂടിയാവുന്ന 9 നിലവാരമുള്ള വിഷ്വല്‍ ആന്റ്‌ സൗണ്ട്‌ എക്‌സ്‌പീരിയന്‍സ്‌ നല്‍കുന്ന സിനിമ കൂടിയാണ്‌. തീയേറ്ററുകളില്‍ത്തന്നെ കാണേണ്ട സിനിമ.

Latest Videos
Follow Us:
Download App:
  • android
  • ios