The Archies : സോയ അക്തറിന്റെ 'ദ ആർച്ചീസ്' ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

സോയ അക്തർ പ്രഖ്യാപിച്ച പുതിയ നെറ്റ്ഫ്ലിക്സ് ചിത്രം ' ദ ആർച്ചീസ്' വിവാദത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് (The Archies).

Zoya Akathars The Archies being criticised

''നിങ്ങൾ ഈ സിനിമ കണ്ടില്ലെങ്കിൽ അവരെന്നെ ബോളിവുഡിൽ നിന്ന് വലിച്ചെറിയും. എനിക്ക് ഗോഡ് ഫാദർ ഇല്ല. എന്റെ ഗോഡും ഫാദറും ഒക്കെ നിങ്ങളാണ്''

അകാലത്തിൽ വിട പറഞ്ഞ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‍പുത് ഒരിക്കൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണ്. പുതിയതായി ഇറങ്ങാൻ പോകുന്ന സിനിമക്ക് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ചായിരുന്നു ഈ പോസ്റ്റ്. സുശാന്ത് അന്ന് പറഞ്ഞ ഈ കാര്യങ്ങൾ അദ്ദേഹത്തിന്റെ മരണ ശേഷം എല്ലാവരെയും ചിന്തിപ്പിച്ചു. ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്ന് ഇന്നും ഉറക്കെ വിളിച്ചുപറയുന്നു കങ്കണ റണാവത്തിനെ പോലുള്ളവർ. സുശാന്തിന്റെ മരണശേഷം ഏറെ ചർച്ച ചെയ്യപ്പെട്ട നെപ്പോട്ടിസം ഒരിടവേളക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ്. താരസന്താനങ്ങളെ അണിനിരത്തി സംവിധായിക സോയ അക്തർ പ്രഖ്യാപിച്ച പുതിയ നെറ്റ്ഫ്ലിക്സ് ചിത്രം 'ആർച്ചീസാ'ണ് വിവാദത്തിന് വീണ്ടും തിരികൊളുത്തിയത്. ട്രെയിലര്‍ ഇറങ്ങി ദിവസങ്ങളായിട്ടും ചർച്ചകൾ സിനിമയെ കുറിച്ചല്ല (The Archies).

അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അഗസ്ത്യ നന്ദ, ഷാരൂഖ് ഖാന്റെ മകൾ സുഹാന, ശ്രീദേവിയുടെ മകൾ ഖുഷി കപൂർ എന്നിവരുടെ അരങ്ങേറ്റ ചിത്രത്തെ 'ജസ്റ്റിസ് ലീഗ് ഓഫ് നെപ്പോട്ടിസം' എന്ന് വരെ വിശേഷിപ്പിച്ച് തലങ്ങും വിലങ്ങും ആക്രമണം ആണ് . സാധാരണക്കാർ സിനിമയിലെത്താൻ വർഷങ്ങൾ അദ്ധ്വാനിക്കുമ്പോൾ, അച്ഛനും അമ്മയും സൂപ്പർതാരങ്ങളായതിന്റെ ആനുകൂല്യം മക്കൾക്ക് നൽകുന്നതിനെ ചോദ്യം ചെയ്യുകയാണ് പലരും. 'ആർച്ചീസി'ലെ കഥാപാത്രങ്ങളുടെ നിറവും വസ്ത്രധാരണവും വരെ ചർച്ചകളിലുണ്ട്. പ്രമുഖ കോമിക് കഥയുടെ ഇന്ത്യൻ പതിപ്പിൽ അരങ്ങേറുന്ന താരസന്തതികളെ ഇന്ത്യക്കാരായി പോലും കാണാൻ പറ്റുന്നില്ലെന്നാണ് വിമർശകരുടെ പരിഹാസം .  നെപ്പോട്ടിസത്തിന് വേദി ഒരുക്കുകയാണെന്ന ആക്ഷേപവുമായി  നെറ്റ്ഫ്ലിക്സിനെ ആക്രമിക്കുന്നവരും നിരവധി.

Zoya Akathars The Archies being criticised

സ്വജനപക്ഷപാതത്തിന്റെ പതാകവാഹകൻ എന്ന് കരൺ ജോഹറിനെ വിശേഷിപ്പിക്കാൻ ധൈര്യം കാട്ടിയ കങ്കണ റണാവത്ത് അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖവും ഇപ്പോൾ ഈ വിവാദങ്ങൾക്ക് എരിവ് പകരുന്നുണ്ട്. പുതിയ കാലത്ത് തെന്നിന്ത്യൻ സിനിമ ബോളിവുഡിന് മേൽ നേടുന്ന അപ്രമാദിത്വത്തെ കുറിച്ചായിരുന്നു നടിയോടുള്ള ചോദ്യം. താരസന്താനങ്ങളെ പഴിച്ചായിരുന്നു കങ്കണയുടെ മറുപടി. വിദേശത്ത് പഠനം, ഇംഗ്ലീഷിൽ സംസാരം, പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണശീലം. ഇങ്ങനെ ഇന്ത്യൻ പ്രേക്ഷകരുടെ മനസറിയാൻ പറ്റാത്ത, കാണികളുമായി സംവദിക്കാൻ കഴിയാത്ത താരങ്ങളെ കെട്ടിയിറക്കുമ്പോൾ ബോളിവുഡ് എങ്ങനെ പച്ചതൊടും എന്ന മട്ടിലായിരുന്നു ഉത്തരം. താരങ്ങളുടെ മക്കൾ പുഴുങ്ങിയ മുട്ട പോലെ ആണെന്ന് വരെ കടത്തിപ്പറഞ്ഞു കങ്കണ. ഈ പോര് എന്തായാലും അടുത്തകാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ല.

'ആർച്ചീസ്'  ട്രെയിലറിന്റെ വരവോടെ അത് വീണ്ടും ചൂടുള്ള വിഷയമാകുന്നു . എന്നാൽ കുടുംബപാരമ്പര്യം പിന്തുടരുന്നതിൽ അസ്വസ്ഥരാകുന്നത് എന്തിനാണെന്ന മറുചോദ്യം ഉയർത്തുന്നവരും ഉണ്ട്. ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഗോ‍‍ഡ് ഫാദർ ഇല്ലാതെ സിനിമയിൽ എത്തിയതിനെ ചൂണ്ടിക്കാണിച്ചാണ് ഇവരുടെ പ്രതിരോധം. സിനിമയിലെത്തും മുൻപ് അച്ഛൻ പണമില്ലാതെ കഷ്‍ടപ്പെട്ടെങ്കിൽ , മക്കളും അത് അനുഭവിക്കണമെന്ന് പറയുന്നത് ബാലിശമാണെന്ന് ഇക്കൂട്ടർ പറയുന്നു. ബോളിവുഡിനെ തെന്നിന്ത്യയുമായി താരതമ്യം ചെയ്യുന്നവർ അല്ലു അർജുൻ, പ്രഭാസ്, മഹേഷ് ബാബു, ജൂനിയർ എൻടിആർ, രാംചരൺ തേജ എന്നീ സൂപ്പർതാരങ്ങളുടെ
കുടുംബപാരമ്പര്യം ഓർക്കണമെന്നും വാദിക്കുന്നവരാണ് ഇവർ.

സത്യത്തിൽ നെപ്പോട്ടിസത്തിന്റെ യഥാർത്ഥ വസ്‍തുത എന്താണ്?

എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും ഇതിൽ ഏറെ പറയാനുണ്ട്. ദേശീയ പുരസ്‍കാരജേതാവായ ആയുഷ്‍മാൻ ഖുറാന ഗോഡ്‍ഫാദറോ അഭിനയപാരമ്പര്യമോ ഇല്ലാതെ സ്വന്തം കഴിവ് കൈമുതലാക്കി വിജയവഴിയിൽ എത്തിയ താരം ആണ്‌. ഛണ്ഡീഗഢിലെ സാധാരണ കുടുംബത്തിൽ ജനിച്ച ഖുറാന, തെരുവ് നാടകങ്ങൾ കളിച്ചും ആർജെ,വിജെ റോളുകൾ ചെയ്തതിനും ശേഷമായിരുന്നു ബോളിവുഡിലെത്തിയത്. വിക്കി ഡോണർ എന്ന ആദ്യചിത്രത്തിൽ അഭിനയിക്കുമ്പോൾ 27 വയസ്സായിരുന്നു പ്രായം.. ഖുറാന ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞു- ഞാനൊരു താരപുത്രൻ ആയിരുന്നെങ്കിൽ 22 വയസ്സിൽ തന്നെ ആ അവസരം കിട്ടിയേനെ എന്ന്. ഇന്നത്തെ യുവതാരങ്ങളായ തപ്‍സി പന്നുവിനും കൃതി സാനണുമെല്ലാം പറയാനുണ്ട് ആദ്യകാലത്ത് ഒതുക്കപ്പെട്ട കഥകൾ. കൈവന്ന നല്ല അവസരങ്ങൾ മറ്റുള്ളവർ തട്ടിയെടുത്ത സംഭവങ്ങൾ. ഏതെങ്കിലും പ്രമുഖന്റെ മകളോ സഹോദരിയോ കാമുകിയോ അല്ലെങ്കിൽ നിങ്ങൾ ഒന്നുമല്ല എന്ന് തോന്നിപോയ സന്ദർഭങ്ങളെ കുറിച്ച് തപ്‍സിവെളിപ്പെടുത്തിയിട്ടുണ്ട്. അതാണ് വാസ്‍തവം.

സിനിമാപാരമ്പര്യം ഉണ്ടെങ്കിൽ എളുപ്പം വാതിൽ തുറക്കും. ഇല്ലെങ്കിൽ ഖുറാനയെ പോലെ , അക്ഷയ് കുമാറിനെ പോലെ വർഷങ്ങളുടെ കഷ്‍ടപ്പാടും കാത്തിരിപ്പും തരണം ചെയ്യണം. വമ്പൻമാരോട് മത്സരിക്കാനുള്ള നിശ്ചയദാർഢ്യം വേണം. കങ്കണ പറയും പോലെ മാഫിയ, കുടുംബാധിപത്യം, ഉത്തരേന്ത്യൻ ലോബി തുടങ്ങി വെല്ലുവിളികൾ ഏറെ മുന്നിൽ.

രാജ് കപൂറിന്റെ സഹോദരങ്ങളും മക്കളും കൊച്ചുമക്കളും ആണ്  ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബം. കരിഷ്‍മയും കരീനയും രൺബീറും വരെ നീളുന്ന ഇളമുറക്കാർ. എല്ലാവരെയും സിനിമയിൽ അവതരിപ്പിക്കാൻ പ്രമുഖ സംവിധായകർ ക്യൂ നിന്നു. ബോണി കപൂറും അനിൽകപൂറും സഞ്ജയ് കപൂറും അവരുടെ മക്കളും അടങ്ങുന്ന തലമുറയാണ് അതികായരായ മറ്റൊരു കപൂർ കുടുംബം. അർജുൻ കപൂറും സോനം കപൂറും ജാൻവി കപൂറും ഏറ്റവും ഒടുവിൽ ചർച്ചകളിൽ നിറയുന്ന 'ആർച്ചീസി'ലെ നായിക ഖുഷി കപൂറുമെല്ലാം ഈ കുടുംബത്തിൽ നിന്ന്. ഇനി സൽമാൻ ഖാൻ. തിരക്കഥാകൃത്ത് സലിംഖാന്റെ മകൻ, സൽമാൻ താരമായ പിന്നാലെ സഹോദരങ്ങളായ അ‍ർബ്ബാസും സുഹൈലും സിനിമയിൽ വന്നു, അഭിനയവും നി‍ർമ്മാണവും സംവിധാനവുമായി ഖാൻ കുടുംബം ബോളിവുഡിലെ നിർണായക ശക്തിയായി. സൽമാന്റെ സഹോദരീഭർത്താക്കൻമാരായ അതുൽ അഗ്നിഹോത്രിയും ആയുഷ് ശർമയും ഈ മേൽവിലാസം ഉപയോഗിച്ച് സിനിമയിൽ കയറിക്കൂടി  മാസ്റ്റർ ഡയറക്ടർ യഷ് ചോപ്രയുടെ മകൻ ആദിത്യചോപ്ര, ബന്ധുവായ കരൺ ജോഹർ , മഹേഷ് ഭട്ട് കുടുംബം,സഞ്ജയ് ലീല ബൻസാലി തുടങ്ങി ബോളിവുഡിന്റെ ഭാഗധേയം നിർണയിക്കുന്നവർ ഇനിയും ഏറെ.

Zoya Akathars The Archies being criticised

സുശാന്ത് സിംഗിന്റെ  മരണശേഷം 2020 ജൂൺ 17ന് മുസാഫർ കോടതിയിൽ ഒരു അഭിഭാഷകന്റെ പരാതി എത്തി. നടന്റെ മരണത്തിൽ സ‌ഞ്ജയ് ലീല ബൻസാലി, കരൺജോഹർ, സൽമാൻ ഖാൻ എന്നിവർക്കെതിരെ കേസെടുക്കണം എന്നായിരുന്നു ആവശ്യം. സുശാന്തിനെ മരണത്തിലേക്ക് തള്ളിവിട്ടത് ഇവരാണെന്നായിരുന്നു ആരോപണം. ഹർജി പിന്നീട് തള്ളി. പക്ഷേ മേൽപറഞ്ഞ പല ഉന്നതർക്കും അവരുടെ മക്കൾക്കുമെതിരെ സുശാന്തിന്റെ മരണ ശേഷം വിദ്വേഷ ക്യാംപെയ്‍നുകൾ തലപൊക്കി. വലിയ പ്രതീക്ഷയോടെ എത്തിയ ഭട്ട് ചിത്രം 'സടക് 2'നെ ജനം തോൽപിച്ചത് നാം കണ്ടു. വാഗ്‍ദാനം ചെയ്‍ത സിനിമകൾ നൽകാതെ താരത്തെ സമ്മർദ്ദത്തിൽ ആക്കിയെന്നതായിരുന്നു ഭട്ട് അടക്കമുള്ളവർക്കെതിരെ ഉയർന്ന ആരോപണം.

'ആർച്ചീസ്' ടീസർ ഇറങ്ങുമ്പോൾ പഴയ വിവാദങ്ങൾ വീണ്ടും പൊടി തട്ടി എടുക്കുകയാണ് വിമര്‍ശകർ . ബോളിവുഡ് ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാണോ?  ആയുഷ്‍മാൻ ഖുറാന, രാജ് കുമാർ റാവു, വിക്കി കൗശൽ, പ്രിയങ്ക ചോപ്ര, വിദ്യാ ബാലൻ, സോനു സൂദ് തുടങ്ങി നിരവധി പേർ സ്വന്തം കഴിവ് കൊണ്ട് മേൽവിലാസം ഉണ്ടാക്കിയവർ ആണ്.

താരകുടുംബത്തിൽ നിന്ന് വരുന്നവരെല്ലാം മോശക്കാരെന്നല്ല .  ബന്ധു ബലത്തിൽ വന്ന് കാലിടറിയവരും ഏറെ ഉണ്ടെന്ന് ഓർക്കണം. പക്ഷെ പാരമ്പര്യം താരമക്കൾക്ക് എളുപ്പം സിനിമയിൽ എത്താനുള്ള കുറുക്ക് വഴിയാണ്. 'ആർച്ചീസ്' അടുത്ത വർഷമേ ഇറങ്ങുന്നുള്ളൂ.. നെപ്പോട്ടിസം ചർച്ചകൾ എന്തായാലും അത് വരെ നീളുമെന്ന് ഉറപ്പ്.

Read More : നടി ചേതന മരിച്ചത് ചികിത്സാപ്പിഴവിനെ തുടർന്ന്, കോസ്മെറ്റിക് ക്ലിനിക്കിനെതിരെ കേസ്

Latest Videos
Follow Us:
Download App:
  • android
  • ios