'പഞ്ചാബിന്റെ സിംഹം റെഡി', 'ഇന്ത്യൻ 2'ൽ യുവരാജ് സിങ്ങിന്റെ പിതാവും
200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്.
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. കമല്‍ഹാസൻ-ഷങ്കർ കൂട്ടുകൊട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഏറെ കൗതുകത്തോടെയാണ് സിനിമാസ്വാദകർ ഏറ്റെടുക്കുന്നത്. നിലവിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്ററും നടനുമായ യോഗ് രാജ് സിങ് അഭിനയിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പിതാവ് കൂടിയാണ് യോഗ് രാജ് സിങ്. അദ്ദേഹം തന്നെയാണ് താൻ ഇന്ത്യൻ 2വിൽ ഭാഗമാകുന്നതായി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. "എന്നെ കൂടുതൽ സ്മാർട്ടാക്കിയതിന് മേക്കപ്പ് കലാകാരന്മാരോട് നന്ദി പറയുന്നു. പഞ്ചാബിന്റെ സിംഹം ഇന്ത്യൻ 2 നുവേണ്ടി തയ്യാറായിക്കഴിഞ്ഞു", എന്നാണ് യോഗ് രാജ് ഇൻസ്റ്റയിൽ എഴുതിയത്. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരോടും വലിയ ആദരവുണ്ടെന്ന് യോഗ് രാജ് കൂട്ടിച്ചേർത്തു.
കമൽഹാസൻ ഇരട്ടവേഷത്തിൽ എത്തിയ 'ഇന്ത്യൻ' 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം 2019ൽ ആരംഭിച്ചുവെങ്കിലും ഷൂട്ടിംഗ് പകുതിയില്‍ നിര്‍ത്തേണ്ടി വന്നിരുന്നു. ഒരിടവേളക്ക് ശേഷം അടുത്തിടെയാണ് ചിത്രീകരണം പുനരാരംഭിച്ചത്.
അമല പോൾ ബോളിവുഡിലേക്ക്; ആദ്യ ചിത്രം 'കൈതി' ഹിന്ദി റീമേക്ക്
200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്. ചിത്രത്തിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ഭാഗങ്ങൾ പൂർത്തിയാക്കുന്നത് നടൻ നന്ദു പൊതുവാള്‍ ആണ്. മരണത്തിനു മുന്‍പ് നെടുമുടി വേണു ഏതാനും രംഗങ്ങൾ പൂർത്തിയാക്കിയിരുന്നു.