18 വര്‍ഷത്തിന് ശേഷം വിജയ്‍ക്കൊപ്പം പ്രധാന വേഷത്തില്‍ ആ നടന്‍! 'ദളപതി 68' ല്‍ സര്‍പ്രൈസ് കാസ്റ്റിംഗ്
ലിയോയുടെ വന്‍ വിജയത്തിന് ശേഷം എത്തുന്ന വിജയ് ചിത്രം
ലിയോ നേടിക്കൊടുത്ത വന്‍ വിജയത്തിന്‍റെ സന്തോഷത്തിലാണ് വിജയ്. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയ്ക്ക് വലിയ പ്രീ റിലീസ് പബ്ലിസിറ്റി നേടിയിരുന്ന ചിത്രം തിയറ്ററുകളിലും റെക്കോര്‍ഡ് വിജയമാണ് നേടിയത്. ലിയോയ്ക്ക് ശേഷം വിജയ് നായകനാവുന്ന പ്രോജക്റ്റും ആരാധകര്‍ക്ക് ആവേശം പകരുന്ന ഒന്നാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന, വിജയ്‍യുടെ കരിയറിലെ 68-ാം ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ശ്രദ്ധേയ കാസ്റ്റിംഗ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.
മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ തുടങ്ങിയവരൊക്കെ ചിത്രത്തിന്‍റെ താരനിരയില്‍ നേരത്തേ ഇടംപിടിച്ചിരുന്നു. മലേഷ്യന്‍ നടന്‍ യുഗേന്ദ്രന്‍റെ പേരാണ് ആ നിരയിലേക്ക് പുതുതായി എത്തിയിരിക്കുന്നത്. വിജയ്‍ക്കൊപ്പം മുന്‍പും അഭിനയിച്ചിട്ടുള്ള ആളാണ് യുഗേന്ദ്രന്‍. പേരരശിന്‍റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ തിരുപ്പാച്ചിയിലായിരുന്നു അത്. വിജയ് ഗിരി എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഇന്‍സ്പെക്ടര്‍ വേലുച്ചാമി എന്ന കഥാപാത്രത്തെ ആയിരുന്നു യുഗേന്ദ്രന്‍ അവതരിപ്പിച്ചത്. 18 വര്‍ഷത്തിന് ശേഷം ഈ കോമ്പോ സ്ക്രീന്‍ വീണ്ടും കാണാനാവുന്നതിന്‍റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല.
ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. തുപ്പാക്കിക്ക് ശേഷം ജയറാം അഭിനയിക്കുന്ന വിജയ് ചിത്രമാണ് ഇത്. ഇതേക്കുറിച്ച് മറ്റൊരു ചിത്രത്തിന്‍റെ പ്രൊമോഷണല്‍ വേദിയില്‍ ജയറാം പ്രതികരിച്ചിരുന്നു. വെങ്കട് പ്രഭുവിന്‍റെ വിജയ് ചിത്രത്തില്‍ ജയറാം ഒപ്പം അഭിനയിക്കുന്നെന്ന് പ്രചരണമുണ്ടല്ലോ എന്ന ചോദ്യത്തിന് ഞങ്ങള്‍ ഒരുമിച്ച് ഒരു സീന്‍ അഭിനയിച്ചുകഴിഞ്ഞു അതില്‍ എന്നായിരുന്നു ജയറാമിന്‍റെ പ്രതികരണം. വിജയ്ക്കൊപ്പമുള്ള അഭിനയാനുഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുന്‍പും ഒരുമിച്ച് ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു ജയറാമിന്‍റെ മറുപടി. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയിലാണ് ഇതിനുമുന്‍പ് വിജയിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക്, വരട്ടെ ആ സിനിമ വരുമ്പോള്‍ പറയാമെന്നായിരുന്നു ജയറാമിന്‍റെ മറുപടി. വെങ്കട് പ്രഭുവുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഒരു കുടുംബസുഹൃത്തിനെപ്പോലെയാണ് അദ്ദേഹമെന്നും ജയറാം പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം