യുവ നടൻ സുധീര്‍ വര്‍മ മരിച്ചു, ആത്മഹത്യയെന്ന് പൊലീസ്
പോസ്റ്റ്‍മാര്‍ട്ടം നടത്താതെയാണ് സുധീര്‍ വര്‍മയുടെ മൃതദേഹം വിട്ടുകൊടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.
തെലുങ്ക് യുവ നടൻ സുധീര്‍ വര്‍മ അന്തരിച്ചു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. 33 വയസായിരുന്നു. വിഷം കഴിച്ചതാണ് സുധീര്‍ വര്‍മയുടെ മരണത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു.
ജനുവരി 10ന് വാറങ്കലില്‍ വെച്ച് സുധീര്‍ വര്‍മ വിഷം കഴിച്ചിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെ ബന്ധു വീട്ടില്‍ പോയ സുധീര്‍ വര്‍മ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി. പിന്നീട് സുധീര്‍ വര്‍മയെ ബന്ധുക്കള്‍ ഒസ്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജനുവരി 21ന് വിശാഖപട്ടണത്തിലേക്ക് മാറ്റി എന്നും പൊലീസ് പറയുന്നു. അവിടെ മഹാറാണിപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം തിങ്കളാഴ്ച മരിക്കുുകയുമായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും സംസ്‍കാര ചടങ്ങുകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു.
നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ താരമാണ് സുധീര്‍ വര്‍മ. പോസ്റ്റ്‍മാര്‍ട്ടം നടത്താതെയാണ് സുധീര്‍ വര്‍മയുടെ മൃതദേഹം വിട്ടുകൊടുത്തത് എന്നും ആരോപണമുണ്ട്. സുധീര്‍ വര്‍മയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതരുടെ മൊഴി എടുത്തിട്ടെന്നും പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
'സെക്കന്റ് ഹാൻഡ്' എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ വര്‍മ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. 'നീക്കു, നക്കു ഡാഷ് ഡാഷ്', 'കുന്ദനപ്പു ബൊമ്മ' എന്നിവയാണ് സുധീര്‍ വര്‍മ അഭിനയിച്ച മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. വളരെ സ്‍നേഹ സമ്പന്നനായ വ്യക്തിയായിരുന്നു സുധീര്‍ വര്‍മ എന്ന് അദ്ദേഹത്തോടൊപ്പം 'കുന്ദനപ്പു ബൊമ്മ' എന്ന ചിത്രത്തില്‍ അഭിനയിച്ച നടൻ സുധാകര്‍ കൊമകുല പറഞ്ഞു. അദ്ദേഹം ഇനി ഇല്ല എന്ന് വിശ്വസിക്കാനാകുന്നില്ല എന്നും സുധാകര്‍ പറഞ്ഞു.
Read More: അമ്പരപ്പിക്കുന്ന വിജയം, ചിരഞ്‍ജീവി തിയറ്ററുകളില്‍ സ്വന്തമാക്കിയത് വമ്പൻ നേട്ടം