'രണ്ട് ലോകങ്ങള്‍': യാഷിന്‍റെ 'ടോക്സിക്' ബര്‍ത്ത്ഡേ പീക്ക് വിവാദത്തിന്, ഗീതു മോഹന്‍ദാസ് പറഞ്ഞത്
കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് നായകനാവുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബെംഗലൂരു: വന്‍ വിജയം നേടിയ കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് നായകനാവുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ടോക്സിക്. ഗീതു മോഹന്‍ദാസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. യഷിന്‍റെ പിറന്നാള്‍ ദിനമായ ഇന്നാണ് ചിത്രത്തിന്‍റെ വീഡിയോ ദൃശ്യങ്ങളില്‍ ചിലത് ആദ്യമായി പുറത്തെത്തിയത്. ബര്‍ത്ത്ഡേ പീക്ക് എന്ന പേരിലാണ് നിര്‍മ്മാതാക്കള്‍ വീഡിയോ പുറത്തുവിട്ടത്.
ഇതിനകം വന്‍ ഹൈപ്പ് നേടിയിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ വീഡിയോ ഉള്ളടക്കത്തിന് യുട്യൂബില്‍ ഇതിനകം 86 ലക്ഷത്തിലധികം കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്. കൈയടികള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വീഡിയോ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിനിമാപ്രേമികളില്‍ ചിലര്‍ പറയുമ്പോള്‍ കസബ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിഥിന്‍ രണ്‍ജി പണിക്കരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങള്‍ ഇറങ്ങിയതിന് പിന്നാലെ ഗീതു മോഹന്‍ദാസ് തന്‍റെ സോഷ്യല്‍ മീഡിയ വഴി ഒരു കുറിപ്പ് പങ്കിട്ടിരുന്നു. വിവാദങ്ങള്‍ക്ക് മറുപടി എന്ന നിലയില്‍ അല്ല കുറിപ്പെങ്കിലും യാഷിനെപ്പോലെ ഒരു വലിയ താരവുമായി തന്‍റെ ചിത്രം എങ്ങനെയാണ് സംഭവിച്ചത് എന്ന സൂചനകള്‍ ഗീതു കുറിപ്പില്‍ നല്‍കുന്നുണ്ട്. രണ്ട് വ്യത്യസ്തമായ ലോകങ്ങള്‍ യോജിക്കുകയാണെന്നും. കലപരമായി ഒരു കോമേഷ്യല്‍ കഥ പറയാനുള്ള ശ്രമമാണ് നടത്തുന്നത് എന്നാണ് ഗീതു പോസ്റ്റില്‍ പറയുന്നത്.
യാഷ് എന്ന നടനുമായി ചേര്‍ന്നുള്ള തന്‍റെ അനുഭവമാണ് കുറിപ്പില്‍ ഗീതു മോഹന്‍ദാസ് പറയുന്നത്. തന്‍റെ സ്വാഗ് കൊണ്ടും കാഴ്ചപ്പാട് കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് യാഷ് എന്നും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തിന് അനുസരിച്ച് ഒരു കഥ പറയാന്‍ സാധിച്ചത് വലിയ അനുഭവമാണെന്നും ഗീതു പറയുന്നു. സാധാരണ കാര്യങ്ങളിൽ അതുല്യത കണ്ടുപിടിക്കാനുള്ള കഴിവുള്ള ഒരാള്‍ക്ക് വേണ്ടി എഴുതിയത് സന്തോഷമുള്ള കാര്യമാണെന്ന് ഗീതു പറയുന്നു.
ഞങ്ങളുടെ ആശയങ്ങൾ ഒന്നിച്ചെത്തുമ്പോൾ അത് ഒത്തൂതീര്‍പ്പോ, കലാപമോ ആയി മാറുന്നില്ലെന്നും കലാപരവും ഒപ്പം കോമേഷ്യലുമായ ഭാഷയെയും സംസ്കാരത്തെയും എല്ലാം അതിജീവിക്കുന്ന അനുഭവമായി മാറുമെന്നാണ് ഗീതു പറയുന്നത്. ഈ സിനിമ കാണാന്‍ മാത്രമല്ല അനുഭവിക്കാനുള്ളതാണെന്നും സംവിധായിക പറയുന്നു. ഒരു സൃഷ്ടി പവിത്രമായ ഒരു യാത്രയാണെന്ന് യാഷ് തന്നെ പഠിപ്പിച്ചെന്നും ഗീതു പറയുന്നു.
അതേ സമയം കഴിഞ്ഞ ദിവസം ഇറങ്ങിയ ടോക്സിക്കിലെ ദൃശ്യങ്ങളുടെ പേരില്‍ വലിയ വിമര്‍ശനം ഗീതു മോഹന്‍ദാസ് നേരിടുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. പക്ഷെ ചിത്രം വരാതെ ചില ദൃശ്യങ്ങള്‍ വച്ച് വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം കെജിഎഫ് നായകന്‍റെ അടുത്ത ചിത്രം എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരിക്കുന്ന ചിത്രമാണ് ടോക്സിക്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കെവിഎന്‍ പ്രൊഡക്ഷനാണ് നിര്‍മ്മാണം.
'കസബയിലെ ആൺമുഷ്‍ക് മഷിയിട്ടുനോക്കിയാലും ഇല്ല'; 'ടോക്സിക്' ടീസറിൽ വിമർശനവുമായി നിഥിൻ രൺജി പണിക്കർ