കൊല്ലത്ത് കള്ളന്‍റെ മകൻ കുമരു, തലസ്ഥാനത്ത് 'ഏറ്റ'ത്തിലെ മാരി; കോക്കലൂരിന്‍റെ യദു തന്നെ നല്ല നടൻ; അപൂർവ നേട്ടം
നാടക പ്രവര്‍ത്തകനായ ചീക്കിലോട് ശ്രീശിവത്തിൽ രാമചന്ദ്രൻ കല്ലിടുക്കിലിന്‍റെയും എസ് ഹിമയുടെയും മകൻ യദു അങ്ങനെ നല്ല നടനായി, ഒന്നല്ല രണ്ടു വട്ടം.
തിരുവനന്തപുരം: ഒരു നല്ല നടൻ ആകണമെങ്കിൽ ജീവിതാനുഭവങ്ങൾ വേണം... നിരീക്ഷണ ബോധം വേണം... നമുക്ക് ചുറ്റുമുള്ള ആളുകളെ കഥാപാത്രങ്ങളാക്കി പഠിക്കുവാനുള്ള മനസ് വേണം... നിങ്ങളൊരു നടനാകണമെന്ന് നിങ്ങൾ ആഗ്രഹിച്ചാൽ നിങ്ങൾ അതായിരിക്കും... അഭിനയ മോഹമുള്ളവര്‍ മനസിൽ കുറിച്ച് വച്ച ഒരു ഡയലോഗ്... കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ യദുകൃഷ്ണ റാം ഈ ഡയലോഗ് നെഞ്ചോട് ചേര്‍ത്തതാണ്. നാടക പ്രവര്‍ത്തകനായ ചീക്കിലോട് ശ്രീശിവത്തിൽ രാമചന്ദ്രൻ കല്ലിടുക്കിലിന്‍റെയും എസ് ഹിമയുടെയും മകൻ യദു അങ്ങനെ നല്ല നടനായി, ഒന്നല്ല രണ്ടു വട്ടം.
സംസ്ഥാന സ്കൂൾ കലോത്സവം എച്ച് എസ് എസ് വിഭാഗം നാടകത്തിൽ തുടര്‍ച്ചയായ രണ്ട് വട്ടം മികച്ച നടനായി മാറി കലോത്സവ ചരിത്രത്തിൽ പുതിയ ചരിത്രം എഴുതി ചേര്‍ത്തിരിക്കുകയാണ് യദു. സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി നാടക മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചെത്തിയ കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ 'ഏറ്റം' എ ഗ്രേഡും മികച്ച നടൻ നേട്ടവും കരസ്ഥമാക്കി.
അടിച്ചമർത്തപ്പെടുന്നവരുടെയും കുടിയിറക്കപ്പെടുന്നവരുടെയും അതിജീവന രാഷ്ട്രീയം ഉജ്ജ്വലമുഹൂർത്തങ്ങളിലൂടെ തകർത്താടിയ നാടകം ടാഗോർ തിയേറ്ററിൽ തിങ്ങി നിറഞ്ഞ നാടകാസ്വാദകരുടെ പ്രശംസയും പിടിച്ചുപറ്റി. നാടക രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നിഖിൽ ദാസ് ആണ്. നാടകത്തിൽ മാരിയുടെ വേഷം ചെയ്താണ് യദുകൃഷ്ണ റാം മികച്ച നടനായി മാറിയത്. കൊല്ലത്ത് കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ നാടക മത്സരത്തിൽ കുമരുവിന്‍റെ വേഷം ചെയ്ത് മികച്ച നടൻ നേട്ടം കരസ്ഥമാക്കിയതും യദുകൃഷ്ണ റാം ആണ്. മാവറിക്സ് ക്രിയേറ്റീവ് കളക്ടീവ് എന്ന നാടക കൂട്ടായ്മയുടെ പിന്തുണയോടെ ഒരുക്കിയ നാടകത്തിൽ യദു കൃഷ്ണ റാം, പ്രാർത്ഥന എസ് കൃഷ്ണ, സി റിയോന, ആർ രുദാജിത്ത്, എൽ എസ് സുമന, എ എസ് അശ്വിനി, വി എസ് അനുദേവ്, പി എസ് ശിവേന്ദു, നിയ രഞ്ജിത്ത്, പി വി അനുനന്ദ് രാജ് എന്നിവരാണ് അംഗങ്ങൾ.
സംഗീതം നിജിൽദാസ്, ആർട്ട് അഖിലാഷ് പാലിയൻ, സുമേഷ് മണിത്തറ, ശ്രീലേഷ് മണ്ണാംപൊയിൽ, ഫ്രാൻസിസ് ചിറയത്ത്. കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിന്‍റെ കുഞ്ഞുച്ചേട്ടന്റെ കുഞ്ഞ്, പുലി പറഞ്ഞ കഥ, തേൻ, ഓട്ട, കക്കുകളി, സിംഗപ്പൂർ, കലാസമിതി, കുമരു എന്നീ എട്ട് നാടകങ്ങൾ മുൻ വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി ശ്രദ്ധേയമായവയാണ്. ഒമ്പതാമത് നാടകമാണ് 'ഏറ്റം'. കാസർഗോഡ് സംസ്ഥാന കലോത്സവത്തിൽ കോക്കല്ലൂരിന്‍റെ 'സിംഗപ്പൂർ' എന്ന നാടകത്തിൽ ബി എസ് അദ്വൈത് മികച്ച നടനായിരുന്നു.