നായികയോട് ക്രൂരത, തിയറ്ററിലെത്തിയ 'വില്ലനെ' പൊതിരെ തല്ലി സ്ത്രീ- വീഡിയോ വൈറല്‍
ഹൈദരാബാദിലെ ഒരു തിയറ്ററിലാണ് സംഭവം.
ചില കഥാപാത്രങ്ങൾ അങ്ങനെയാണ്, പ്രേക്ഷക മനസിനെ വല്ലാതെയങ്ങ് സ്പർശിക്കും. അതിപ്പോൾ നെഗറ്റീവ് റോളായാലും പോസിറ്റീവ് റോളായാലും. വില്ലൻ കഥാപാത്രങ്ങളോട് അത് സിനിമയാണെന്ന് പോലും മറന്ന് വെറുപ്പ് കാണിക്കുന്നവരും ധാരാളമാണ്. അത്തരത്തിൽ സിനിമയിൽ വില്ലനായെത്തിയ നടനെ പൊതിരെ തല്ലിയിരിക്കുകയാണ് ഒരു സ്ത്രീ.
ഹൈദരാബാദിലെ ഒരു തിയറ്ററിലാണ് സംഭവം. ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് ചിത്രത്തിന്റെ സ്ക്രീനിംഗ് നടക്കുകയാണ്. എൻ.ടി രാമസ്വാമി എന്ന നടനാണ് ചിത്രത്തിൻ വില്ലനായി എത്തിയത്. ചിത്രത്തിൽ നായികയോട് ക്രൂരത കാണിക്കുന്നുണ്ട് ഈ കഥാപാത്രം. ഇതിനിടെയാണ് അണിയറ പ്രവർത്തകർ തിയറ്റർ വിസിറ്റ് നടത്തിയത്. ഒപ്പം രാമസ്വാമിയും ഉണ്ടായിരുന്നു. ഇദ്ദേഹത്തെ കണ്ടതും ഒരു സ്ത്രീ ദേഷ്യത്തിൽ ഓടിവന്ന് തല്ലുന്നത് വീഡിയോയിൽ കാണാം. ഒപ്പം അദ്ദേഹത്തിന്റെ ഷർട്ടിന്റെ കോളർ പിടിച്ച് വലിക്കാനും ആവർത്തിച്ച് തല്ലാനും നോക്കുന്നുണ്ട്. എന്നാൽ മറ്റുള്ളവർ ആ സ്ത്രീയെ പിടിച്ചു മാറ്റുന്നത് വീഡിയോയിൽ ദൃശ്യമാണ്.
വീഡിയോ പുറത്തുവരികയും വൈറലാകുകയും ചെയ്തതിന് പിന്നാലെ സമ്മിശ്ര പ്രതികരമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. പ്രമോഷന്റെ ഭാഗമായുള്ളൊരു നാടകമാണിതെന്നാണ് ചിലർ പറയുന്നത്. മറ്റ് ചിലർ ആ സ്ത്രീയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. സിനിമയെ സിനിമയായി കാണാൻ പഠിക്കണമെന്നാണ് ഇവർ പറയുന്നത്. എന്തായാലും സംഭവത്തില്‍ പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഐഎഫ്എഫ്ഐ: ഇന്ത്യൻ പനോരമ വിഭാഗത്തിൽ നാല് മലയാള സിനിമകൾ
ഒക്ടോബർ 18ന് റിലീസ് ചെയ്ത ചിത്രമാണ് ലവ് റെഡ്ഡി. സ്മരൻ റെഡ്ഡി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അഞ്ജൻ രാമചന്ദ്ര, ശ്രവണി കൃഷ്ണവേണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റൊമാന്റിക് ജോണറിലുള്ള ചിത്രത്തിന് ഭേദപ്പെട്ട പ്രതികരണമാണ് ലഭിക്കുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം