സംസ്ഥാന അവാര്‍ഡില്‍ 40 വര്‍ഷം മുന്‍പത്തെ നേട്ടം ആവര്‍ത്തിക്കുമോ മമ്മൂട്ടി?

കണ്ണൂര്‍ സ്ക്വാഡും കാതലും ഒരു അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടിക്ക് കൈയടി നേടിക്കൊടുത്ത ചിത്രങ്ങളാണ്

will mammootty again get another state film award back to back after 40 years kannur squad kaathal the core nsn

കഴിഞ്ഞ നാല് പതിറ്റാണ്ടുകാലത്തെ മമ്മൂട്ടിയുടെ അഭിനയജീവിതം പരിശോധിച്ചാല്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള പടിപടിയായ ഉയര്‍ച്ച കാണാം. എഴുത്തുകാരിലോ സംവിധായകരിലോ പുതുമുഖങ്ങളെന്നോ പരിചയസമ്പന്നരെന്നോ വേര്‍തിരിവ് കാണാതെ മികച്ച സിനിമയും തന്നിലെ അഭിനേതാവിന് പുതിയ വെല്ലുവിളികളുമൊക്കെയാണ് അദ്ദേഹം അന്വേഷിച്ചത്. സമീപകാല മലയാള സിനിമയില്‍ പ്രോജക്റ്റുകളുടെ കാര്യത്തില്‍ ഏറ്റവും വൈവിധ്യം പുലര്‍ത്തുന്ന നടനുമാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയത് മമ്മൂട്ടി ആയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം. മറ്റൊരു ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് തുടക്കമാവുന്ന വേളയില്‍ സിനിമാപ്രേമികളില്‍ ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യം 40 വര്‍ഷം മുന്‍പത്തെ നേട്ടം മമ്മൂട്ടി ആവര്‍ത്തിക്കുമോ എന്നാണ്.

അടുത്തടുത്ത രണ്ട് വര്‍ഷങ്ങളില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മമ്മൂട്ടി പുരസ്കൃതനായത് 1984 ലും 1985 ലും ആയിരുന്നു. 1984 ല്‍ ഐ വി ശശി സംവിധാനം ചെയ്ത അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിച്ചെങ്കില്‍ തൊട്ടടുത്ത വര്‍ഷം സ്പെഷല്‍ ജൂറി പുരസ്കാരമാണ് നേടിയത്. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്രയും ജോഷി സംവിധാനം ചെയ്ത നിറക്കൂട്ടുമായിരുന്നു ചിത്രങ്ങള്‍. മമ്മൂട്ടിയുടേതായി കഴിഞ്ഞ വര്‍ഷം നാല് ചിത്രങ്ങളാണ് റിലീസ് ചെയ്യപ്പെട്ടതെങ്കിലും അവാര്‍ഡിന് മൂന്ന് ചിത്രങ്ങള്‍ മാത്രമേ പരിഗണിക്കൂ. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ നന്‍പകല്‍ നേരത്ത് മയക്കം 2022 ല്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കി അതേവര്‍ഷം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച പടമാണ്. ഈ സിനിമയ്ക്കാണ് മമ്മൂട്ടി കഴിഞ്ഞ വര്‍ഷത്തെ ബെസ്റ്റ് ആക്റ്റര്‍ അവാര്‍ഡ് ലഭിച്ചതും. 

will mammootty again get another state film award back to back after 40 years kannur squad kaathal the core nsn

 

2023 ലെ മമ്മൂട്ടിയുടെ അവശേഷിക്കുന്ന മൂന്ന് റിലീസുകള്‍ ക്രിസ്റ്റഫര്‍, കണ്ണൂര്‍ സ്ക്വാഡ്, കാതല്‍ ദി കോര്‍ എന്നിവയാണ്. ഇതില്‍ കണ്ണൂര്‍ സ്ക്വാഡും കാതലും ഒരു അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടിക്ക് കൈയടി നേടിക്കൊടുത്ത ചിത്രങ്ങളാണ്. നിരവധി പൊലീസ് വേഷങ്ങള്‍ മമ്മൂട്ടി മുന്‍പും ചെയ്തിട്ടുണ്ടെങ്കിലും കണ്ണൂര്‍ സ്ക്വാഡിലെ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന് അവരില്‍ നിന്നൊക്കെ വ്യത്യസ്തമായ ശരീരഭാഷയും പ്രകടനവുമാണ് മമ്മൂട്ടി നല്‍കിയത്. ജിയോ ബേബിയുടെ കാതലില്‍ ആദ്യമായി മമ്മൂട്ടി ഒരു സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിച്ചു. തിയറ്ററുകളില്‍ കൈയടി നേടിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടിയില്‍ എത്തിയതിന് ശേഷം മലയാളികളല്ലാത്ത പ്രേക്ഷകരില്‍ നിന്നും വലിയ പ്രശംസ ഏറ്റുവാങ്ങുന്നുണ്ട്. 

will mammootty again get another state film award back to back after 40 years kannur squad kaathal the core nsn

 

അതേസമയം 2023 ലെ സംസ്ഥാന അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നതായി ചലച്ചിത്ര അക്കാദമി ഇന്നലെയാണ് അറിയിച്ചത്. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2023 ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.

ALSO READ : 17 ദിവസം, 50,000 ടിക്കറ്റുകള്‍! 'നേരി'ന് കേരളത്തില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ തിയറ്റര്‍ ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios