കഥ ഇഷ്ടപ്പെട്ടു, എന്നിട്ടും സൂര്യയ്ക്കും വിക്രമിനും 'നജീബ്' ആകാൻ പറ്റാത്തതെന്ത് ?
ഇങ്ങനെ ഒരു സിനിമ ചെയ്യാൻ പൃഥ്വിയും ഇനി ഒരിക്കലും തയ്യാറാകില്ല. അത്രത്തോളം കാര്യങ്ങൾ തന്റെ ശരീരത്തിൽ പൃഥ്വി നടത്തിയെന്നും സംവിധായകൻ പറഞ്ഞിരുന്നു.
മലയാള സിനിമയെ ലോകമെമ്പാടും അടയാളപ്പെടുത്തി മുന്നേറുകയാണ് ആടുജീവിതം എന്ന ബ്ലെസി ചിത്രം. പൃഥ്വിരാജ് നായകനായ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പൃഥ്വിയ്ക്ക് ഒപ്പം ഹോളിവുഡ് അറബിക് അഭിനേതാക്കളും അഭിനയിച്ചിരുന്നു. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ആടുജീവിതത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ വേഷം ചെയ്യാൻ പൃഥ്വിരാജിനെ ആയിരുന്നില്ല ബ്ലെസി ആദ്യം സമീപിച്ചിരുന്നത്. തമിഴ് താരങ്ങളായ വിക്രമിനെയും സൂര്യയെയും അദ്ദേഹം സമീപിച്ചിരുന്നു. എന്നാൽ അവർക്ക് ചെയ്യാൻ സാധിക്കാതെ ആയതോടെയാണ് നജീബ് പൃഥ്വിരാജിന്റെ കൈകളിലേക്ക് എത്തുന്നത്.
സൂര്യയും വിക്രമും ആടുജീവിതം ഉപേക്ഷിച്ചത് എന്തുകൊണ്ടെന്ന് അടുത്തിടെ ബ്ലെസി പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. ആദ്യം ആടുജീവിതത്തിന്റെ കഥ പറഞ്ഞത് വിക്രമിനോട് ആയിരുന്നു. "ആടുജീവിതം ചെയ്യണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു വിക്രമിന്. പക്ഷേ ലോങ് ഷെഡ്യൂൾ കാരണം ചെയ്യാൻ പറ്റിയില്ല. ആ സമയത്ത് ശങ്കർ പടത്തിന് വേണ്ടി വലിയൊരു ഷെഡ്യൂൾ പുള്ളി മാറ്റിവച്ചിരുന്നു. അങ്ങനെയാണ് ചെയ്യാൻ പറ്റാതായത്", എന്നായിരുന്നു ബ്ലെസി പറഞ്ഞത്. സിനിമ ഉലകം എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികണം.
സൂര്യയോടും ആടുജീവിതം കഥ പറഞ്ഞിരുന്നു. ശാരീരകമായി ഒത്തിരി തയ്യാറെടുപ്പുകൾ വേണമെന്നും പറഞ്ഞു. എന്നാൽ ശാരീരികമായി ഒരുപാട് മാറ്റങ്ങൾ വരുത്താൻ സൂര്യയ്ക്ക് അന്ന് കഴിയില്ലായിരുന്നു. സമാനമായ രീതിയിൽ ശാരീരിക മാറ്റങ്ങൾ വരുത്തി കൊണ്ട് സൂര്യ ഒരു സിനിമ ചെയ്‌തിരുന്നു. വാരണം ആയിരം സിനിമയ്ക്ക് വേണ്ടി ഒരുതവണ മെലിഞ്ഞ് വീണ്ടും പഴയ നിലയിലേക്ക് വന്ന സമയം കൂടി ആയിരുന്നു അത്. അങ്ങനെയാണ് ചിത്രം ഉപേക്ഷിച്ചതെന്നും ബ്ലെസി പറഞ്ഞു. അങ്ങനെയാണ് പൃഥ്വിരാജിലേക്ക് എത്തുന്നത്. ഇങ്ങനെ ഒരു സിനിമ ചെയ്യാൻ പൃഥ്വിയും ഇനി ഒരിക്കലും തയ്യാറാകില്ല. അത്രത്തോളം കാര്യങ്ങൾ തന്റെ ശരീരത്തിൽ പൃഥ്വി നടത്തിയെന്നും സംവിധായകൻ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..