"സിനിമയിലെത്താൻ അത്രത്തോളം ആഗ്രഹമുണ്ട്, പക്ഷേ..."; മനസ് തുറന്ന് ഷെമി മാർട്ടിൻ
"സിനിമ ഇൻഡസ്ട്രിയെക്കുറിച്ച് ഒരുപാട് മുൻധാരണകൾ എന്റെ മനസ്സിൽ കിടപ്പുണ്ട്"
വൃന്ദാവനം എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഷെമി മാർട്ടിൻ. അവതാരക ആയിട്ടാണ് ഷെമി കരിയർ ആരംഭിക്കുന്നത്. തുടർന്നാണ് വൃന്ദാവനത്തിലേക്ക് എത്തുന്നത്. ഏകദേശം പത്ത് വർഷത്തോളമായി അഭിനയ രംഗത്ത് സജീവമാണെങ്കിലും സിനിമകളിലൊന്നും ഷെമി അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ അതേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം. കാസ്റ്റിങ് കൗച്ചാണ് സിനിമയിൽ നിന്നും തന്നെ പിന്നോട്ട് വലിച്ച ഘടകമെന്ന് ഷെമി പറയുന്നു. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'സിനിമ ഇൻഡസ്ട്രിയെ കുറിച്ച് ഒരുപാട് മുൻധാരണകൾ എന്റെ മനസ്സിൽ കിടപ്പുണ്ട്. ബോളിവുഡിലടക്കം പറയപ്പെടുന്ന കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങൾ. ഇയാൾ അവിടെ എത്താൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ കാസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുള്ള പവർ എനിക്കാണ്. അപ്പോൾ ഞാൻ പറയുന്നത് പോലെ നിൽക്കണം എന്ന് പറയുന്നവരുണ്ട്',
'അതുമായി എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല. എനിക്ക് സിനിമയിലെത്താൻ എത്രത്തോളം ആഗ്രഹമുണ്ടെങ്കിലും ഞാൻ ബ്രേക്ക് ചെയ്യാൻ ആഗ്രഹിക്കാത്ത ചില എത്തിക്സ് എനിക്കുണ്ട്. അതാണ് പ്രധാന കാര്യം', ഷെമി പറഞ്ഞു. സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നാണോ പറയുന്നതെന്ന് അവതാരക ചോദിക്കുമ്പോൾ തനിക്ക് അനുഭവമുണ്ടെന്നും ഷെമി പറയുന്നു.
'സിനിമയിൽ കഷ്ടപ്പെടാനൊക്കെ ഞാൻ തയ്യാറാണ്. പക്ഷെ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതോ എന്റെ എത്തിക്സിനെ ബ്രേക്ക് ചെയ്യുന്ന രീതിയില്‍ ആയാൽ മാത്രമേ ഇത് നടക്കൂ എന്ന് പറയുന്നതിനോട് യോജിക്കാന് എനിക്ക് കഴിയില്ല. അത് ഞാൻ പറഞ്ഞു വച്ചിട്ടുണ്ട്', ഷെമി മാർട്ടിൻ പറഞ്ഞു.
വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്. മംഗല്യം എന്ന പരമ്പരയിലാണ് ഷെമി അഭിനയിക്കുന്നത്.
ALSO READ : ബോക്സ് ഓഫീസിലെ സൂപ്പര്‍ ഫാസ്റ്റ്! വേഗതയില്‍ 'ജവാന്‍' പിന്നിലാക്കിയ ഏഴ് സിനിമകള്‍
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ