'കെജിഎഫി'ന് ശേഷം എന്തുകൊണ്ട് ഗീതു മോഹന്‍ദാസ് ചിത്രം? ആദ്യമായി മറുപടി പറഞ്ഞ് യഷ്

കെജിഎഫ് 2 ന് ശേഷം ഒരു യഷ് ചിത്രം ഇതുവരെ തിയറ്ററുകളില്‍ എത്തിയിട്ടില്ല

why geetu mohandas movie after kgf 2 yash answers for the first time about toxic

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു യഷ് നായകനായ പാന്‍ ഇന്ത്യന്‍ കന്നഡ ഫ്രാഞ്ചൈസി കെജിഎഫ്. ഭാഷാപരമായ അതിരുകള്‍ക്കപ്പുറത്ത് കന്നഡ സിനിമയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതും ഈ ചിത്രമാണ്. എന്നാല്‍ 2022 ല്‍ പുറത്തെത്തിയ കെജിഎഫ് 2 ന് ശേഷം യഷ് നായകനായ ഒരു ചിത്രം ഇതുവരെ തിയറ്ററുകളില്‍ എത്തിയിട്ടില്ല. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിപ്പിനൊടുവില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് യഷ് ഇപ്പോള്‍. ചലച്ചിത്ര മേളകളിലും അവാര്‍ഡ് പ്രഖ്യാപനങ്ങളിലുമൊക്കെ നിറഞ്ഞുനിന്ന ലയേഴ്സ് ഡൈസും മൂത്തോനും ഒരുക്കിയ ഗീതുവിനൊപ്പം കെജിഎഫ് താരം എത്തുന്നു എന്നത് പ്രേക്ഷകര്‍ക്ക് വലിയ കൗതുകമാണ്. ചിത്രം യഷ് ഉപേക്ഷിച്ചുവെന്നുവരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ ഭംഗമൊന്നും വരാതെ ഇപ്പോഴും പുരോഗമിക്കുകയാണ് ടോക്സിക്കിന്‍റെ ചിത്രീകരണം. കെജിഎഫിന് ശേഷം ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ നായകനാവുന്നതിനെക്കുറിച്ച് യഷ് തന്നെ വിശദീകരിക്കുകയാണ് ഇപ്പോള്‍. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യഷ് തന്‍റെ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നത്. 

ഗീതു മോഹന്‍ദാസ്, യഷ് അങ്ങനെ രണ്ട് വ്യത്യസ്ത ലോകങ്ങള്‍ എങ്ങനെ ഒരുമിച്ചു എന്ന ചോദ്യത്തിന് യഷിന്‍റെ പ്രതികരണം ഇങ്ങനെ- "അത് വളരെ ലളിതമാണെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ പാഷനാണ് ഞാന്‍ നോക്കിയത്. ഏത് തരത്തിലുള്ള പ്രോജക്റ്റ് ആണ് അവര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നതും. ഗീതു മുന്‍പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍ അടുത്തകാലം വരെ ഞാന്‍ കണ്ടിരുന്നില്ല. കൃത്യമായ കാഴ്ചപ്പാടും പാഷനുമായി എത്തിയ വ്യക്തിയായിരുന്നു ഗീതു. അവര്‍ ഈ പ്രോജക്റ്റിനുവേണ്ടി ഏറെ സമയം മുടക്കിയിരുന്നതും എന്നില്‍ ബഹുമാനമുണ്ടാക്കി. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അത് മാത്രമേ ഞാന്‍ നോക്കിയുള്ളൂ. പിന്നെ രണ്ട് വ്യത്യസ്തങ്ങളായ ലോകങ്ങള്‍ ഒത്തുചേരുക എന്നത് ഗംഭീരമല്ലേ. സിനിമയില്‍ കഥ പറയുന്ന കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല. ഒരു കഥ പറയാനുണ്ടെങ്കില്‍ അത് ഗംഭീരമായി പറയുക എന്നതേയുള്ളൂ. ആ കഥ എല്ലാ പ്രേക്ഷകര്‍ക്കും ആകര്‍ഷകമായി തോന്നുമ്പോഴാണ് അതൊരു വാണിജ്യ വിജയം ആവുന്നത്. ഗീതു മുന്‍പ് ചെയ്തിരുന്നത് വ്യത്യസ്തമായ ചിത്രങ്ങളായിരിക്കാം. അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് ഇത്തവണ ഞങ്ങള്‍ ചെയ്യുന്നത്", യഷ് പറയുന്നു.

ഈ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചുറ്റുമുള്ളവരോട് വിശദീകരിക്കാന്‍ ബുദ്ധിമുട്ടിയോ എന്ന ചോദ്യത്തിന് യഷിന്‍റെ മറുപടി ഇങ്ങനെ- "മറ്റുള്ളവര്‍ പറയുന്നതല്ല, എന്‍റെ ഹൃദയം പറയുന്നതാണ് ഞാന്‍ കേള്‍ക്കാറ്". ടോക്സിക്കിനെക്കുറിച്ച് യഷ് ഇങ്ങനെ പറയുന്നു- "ഒരു ചെറിയ ത്രെഡ‍ുമായാണ് ഗീതു ആദ്യം വന്നത്. ചര്‍ച്ചകള്‍ക്കിപ്പുറം അത് വികസിച്ചത് മറ്റൊന്നായാണ്. ഞങ്ങളുടെ കാഴ്ചപ്പാടുകളാണ് ഒരുമിച്ച് ചേര്‍ന്നത്. മാസിന്‍റെ പള്‍സ് അറിയാവുന്ന സംവിധായികയാണ് ഗീതു. ഒരു മാസ് എന്‍റര്‍ടെയ്നര്‍ ആശയവുമായാണ് ഗീതു കാണാനെത്തിയത്. അത്തരം ഒരു ചിത്രം തന്നെയായിരിക്കും ടോക്സിക്", യഷ് പറഞ്ഞവസാനിപ്പിക്കുന്നു. 

ALSO READ : ഗൃഹാതുരതയുമായി 'പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്'; ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios